വിവാദ നിയമനം കാര്‍ഷിക സര്‍വകലാശാല റദ്ദാക്കി

തൃശൂര്‍: ക്രമക്കേടിനു കളമൊരുക്കുമെന്ന ആക്ഷേപമുയര്‍ന്നതിനെ തുടര്‍ന്ന് വിവാദ നിയമനം കേരള കാര്‍ഷിക സര്‍വകലാശാല റദ്ദാക്കി. നിയമന നടപടികള്‍ രഹസ്യമായി നടത്തുന്ന സര്‍വകലാശാല റിക്രൂട്ട്‌മെന്റ് വിഭാഗത്തില്‍ കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായ എഐവൈഎഫ് നേതാവിന്റെ ഭാര്യയെ നിയമിച്ചതാണ് വിവാദമായത്.
കാലിക്കറ്റ് സര്‍വകലാശാലയില്‍ കംപ്യൂട്ടര്‍ അസിസ്റ്റന്റായിരുന്ന ഉദ്യോഗസ്ഥയെ ഇന്റര്‍ യൂനിവേഴ്‌സിറ്റി ട്രാന്‍സ്ഫറിലൂടെ കേരള കാര്‍ഷിക കലാശാലയിലേക്ക് സ്ഥലംമാറ്റികൊണ്ടുവരികയായിരുന്നു. അസിസ്റ്റന്റ് പ്രഫസര്‍ നിയമനത്തിന് കംപ്യൂട്ടര്‍ ജോലികള്‍ക്കായി എന്നു രേഖപ്പെടുത്തിയാണ് രജിസ്ട്രാര്‍ നിയമന ഉത്തരവ് നല്‍കിയത്. ഇക്കാര്യം ഇന്നലെ തേജസില്‍ വാര്‍ത്തയായിരുന്നു. വിവാദമായതോടെ നിയമനോത്തരവ് റദ്ദാക്കി. ഉദ്യോഗസ്ഥയെ ഫെയര്‍ കോപ്പി വിഭാഗത്തില്‍ നിയമിച്ചുകൊണ്ട് പുതിയ ഉത്തരവ് പുറത്തിറക്കി. അസിസ്റ്റന്റ് പ്രഫസര്‍ നിയമനത്തിനുള്ള കംപ്യൂട്ടര്‍ ജോലികള്‍ക്കായി വേറെ നിയമനം നടത്തുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലേക്ക് അപേക്ഷ നല്‍കിയവരുടെ അക്കാദമിക് യോഗ്യത, വിവിധ വിഭാഗങ്ങളില്‍ ലഭിച്ച മാര്‍ക്ക്, ജാതി സംവരണം തുടങ്ങിയ വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നത് റിക്രൂട്ട്‌മെന്റ് വിഭാഗത്തിലാണ്. ഇത് തയ്യാറാക്കി കംപ്യൂട്ടറില്‍ സൂക്ഷിക്കുന്ന ജോലിയാണ്. ഈ വിവരങ്ങള്‍ ചോര്‍ന്നാല്‍ ഇന്റര്‍വ്യൂവില്‍ കൊടുക്കേണ്ട മാര്‍ക്ക് ഉള്‍പ്പെടെ മുന്‍കൂട്ടി തീരുമാനിച്ച് നിയമനം നിയന്ത്രിക്കാനാവും. കാര്‍ഷിക സര്‍വകലാശാല ആസ്ഥാനത്തെ തന്ത്രപ്രധാനമായ തസ്തികയില്‍ മന്ത്രിയുടെ ആജ്ഞാനുവര്‍ത്തിയുടെ ഭാര്യയെ നിയമിച്ചത് വിവരങ്ങള്‍ ചോര്‍ത്തി അഴിമതി നടത്താനാണെന്നാണ് ആരോപണം.
കാര്‍ഷിക സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ 300ഓളം ഒഴിവുകളുണ്ട്. എന്നാല്‍ 50 തസ്തികകളിലെ ഒഴിവുകള്‍ മാത്രമാണ് 2016 മാര്‍ച്ച് മൂന്നിനു വിജ്ഞാപനം ചെയ്തത്. ഇതേസമയം അധ്യാപകര്‍, ലബോറട്ടറി, ഹോസ്റ്റല്‍ തുടങ്ങിയ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാതെ സീറ്റുകള്‍ ഇരട്ടിയാക്കിയതിനെതിരേ വിദ്യാര്‍ഥികള്‍ സമരം തുടങ്ങിയിട്ടുണ്ട്.
കൂടുതല്‍ അധ്യാപകരെ നിയമിക്കാമെന്നു വാഗ്ദാനം ചെയ്ത് സമരം തീര്‍പ്പാക്കാനുള്ള ഒരുക്കത്തിലാണ് സര്‍വകലാശാല അധികൃതര്‍.
Next Story

RELATED STORIES

Share it