വിവാദ തീരുമാനങ്ങള്‍ പിന്‍വലിച്ചത് ആശ്വാസമായി

സ്വന്തം പ്രതിനിധികൊണ്ടോട്ടി: 2018-2022 വരെയുള്ള പുതിയ ഹജ്ജ് നയത്തിലെ വിവാദ തീരുമാനങ്ങള്‍ ഒരു മാസംകൊണ്ടുതന്നെ കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് പിന്‍വലിച്ചത് ഇന്ത്യയിലെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമാവുന്നു. പുതിയ ഹജ്ജ് നയത്തിലെ ഹജ്ജ് ക്വാട്ട വിതരണത്തില്‍ തന്നെ പ്രധാന മൂന്ന് തീരുമാനങ്ങളും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ വെട്ടിച്ചുരുക്കിയതുമാണ് പ്രതിഷേധത്തെ തുടര്‍ന്ന് ഒരുമാസംകൊണ്ട് കേന്ദ്രം പിന്‍വലിച്ചത്. മുന്‍വര്‍ഷങ്ങളില്‍ തുടര്‍ന്നുപോരുന്ന തുടര്‍ച്ചയായ അഞ്ചാം വര്‍ഷ അപേക്ഷകര്‍ക്ക് നേരിട്ട് അവസരം നല്‍കുന്നത് നിര്‍ത്തലാക്കിയ പുതിയ ഹജ്ജ് നയത്തിലെ നടപടി ചോദ്യം ചെയ്ത് ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലുമാണ്. ജനുവരി മൂന്നിന് വിധിയുണ്ടാവും. കഴിഞ്ഞ മാസം 10നാണ് അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഹജ്ജ് പോളിസി കേന്ദ്രം പുറത്തിറക്കിയത്. പോളിസിയില്‍ ആദ്യം ചേര്‍ത്തിരുന്നത് ഹജ്ജ് ക്വാട്ട വിതരണമാണ്. സംസ്ഥാനങ്ങള്‍ക്ക് 70 ശതമാനം സീറ്റും സ്വകാര്യ ഹജ്ജ് ടൂര്‍ ഓപറേറ്റര്‍മാര്‍ക്ക് 30 ശതമാനം ഹജ്ജ് ക്വാട്ടയും എന്നായിരുന്നു പോളിസിയില്‍ പറഞ്ഞിരുന്നത്. ഇന്ത്യയുടെ ഹജ്ജ് ക്വാട്ട 1,70,000 ആണ്. സംസ്ഥാനങ്ങള്‍ക്ക് 1,19,000 സീറ്റുകളും സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് 51,000 ആക്കിയാണ് മാറ്റിയിരുന്നത്. മുന്‍ വര്‍ഷങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് 75 ശതമാനവും സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് 25 ശതമാനവുമായിരുന്നു. ഇത് പ്രകാരം 123,700 സീറ്റുകള്‍ ആദ്യഘട്ടത്തില്‍ തന്നെ സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചിരുന്നു. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് 45,000 സീറ്റുകളും. ഈ രണ്ട് തീരുമാനങ്ങളും കേന്ദ്രം പിന്‍വലിച്ചതോടെ തീര്‍ത്ഥാടകര്‍ക്ക് ആറായിരത്തിലേറെ സീറ്റുകള്‍ അധികം ലഭിക്കും. തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാര്‍ക്കും 70 വയസ്സിന് മുകളിലുള്ളവര്‍ക്കും ഹജ്ജിന് നറുക്കെടുപ്പ് കൂടാതെ നേരിട്ട് അവസരം നല്‍കിയിരുന്നതും ഹജ്ജ് പോളിസിയില്‍നിന്ന് എടുത്തുകളഞ്ഞിരുന്നു. ഇതില്‍ 70 വയസ്സുകാര്‍ക്ക് നേരിട്ട് അവസരം നല്‍കുന്നത് ഹജ്ജ് അപേക്ഷ സ്വീകരണത്തോടെതന്നെ കേന്ദ്രം പിന്‍വലിച്ചത് മുന്‍വര്‍ഷത്തെപ്പോലെ പുനസ്ഥാപിച്ചു. എന്നാല്‍, തുടര്‍ച്ചയായ അഞ്ചാംവര്‍ഷക്കാര്‍ക്കു നേരിട്ട് അവസരം നല്‍കുന്നത് പിന്‍വലിച്ചിട്ടില്ല. ഇതിനെ ചോദ്യംചെയ്ത് കേരളം ഉള്‍െപ്പടെയുള്ള സംസ്ഥാന ഹജ്ജ് കമ്മിറ്റികളും തീര്‍ത്ഥാടകരും സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇന്ത്യയിലെ 21 ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ ഒമ്പതാക്കി ചുരുക്കിയ ഹജ്ജ് പോളിസിയിലെ നടപടികളും ആദ്യഘട്ടത്തില്‍തന്നെ പുനസ്ഥാപിച്ചിട്ടുണ്ട്. ഹജ്ജ് അപേക്ഷ സ്വീകരണം 22 വരെയാണ് നിശ്ചയിച്ചിട്ടുളളത്. കൂടുതല്‍ സീറ്റുകള്‍ ലഭിക്കുന്നതോടെ ഹജ്ജ് അപേക്ഷകരും വര്‍ധിക്കുമെന്നാണ് സംസ്ഥാനങ്ങള്‍ക്കുള്ള പ്രതീക്ഷ.
Next Story

RELATED STORIES

Share it