kannur local

വിവാദ കണ്ടല്‍ പാര്‍ക്ക്: പിന്തുണയെന്ന് സിപിഎം; തടയുമെന്ന് കോണ്‍ഗ്രസ്

കണ്ണൂര്‍: പാപ്പിനിശ്ശേരിയില്‍ സിപിഎം നിയന്ത്രണത്തിലുള്ള പാപ്പിനിശ്ശേരി ഇക്കോ ടൂറിസം സൊസൈറ്റിക്കു കീഴില്‍ തുടങ്ങുകയും വിവാദത്തെ തുടര്‍ന്ന് അടച്ചുപൂട്ടുകയും ചെയ്ത കണ്ടല്‍ തീം പാര്‍ക്ക് പുനരുജ്ജീവിപ്പിക്കാനുള്ള നീക്കത്തിനു പരസ്യപിന്തുണയുമായി സിപിഎം. സൊസൈറ്റിയുടെ നിയമപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുമെന്നു പറഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ തന്നെ രംഗത്തെത്തി. അതേസമയം, അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ച് വളപട്ടണത്ത് കണ്ടല്‍പാര്‍ക്ക് തുടങ്ങാന്‍ ശ്രമിച്ചാല്‍ കോണ്‍ഗ്രസ് ചോരയും നീരും കൊടുത്ത് നേരിടുമെന്ന വെല്ലുവിളിയുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍നും രംഗത്തെത്തി. ഡിസിസി നേതൃയോഗത്തിനു മുമ്പാണ്, കഴിഞ്ഞ ദിവസം ഇ പി ജയരാജന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കു അതേ നാണയത്തില്‍ തിരിച്ചടിച്ച് സുധാകരന്‍ രംഗത്തെത്തിയത്. ഇതോടെ കണ്ടല്‍ പാര്‍ക്ക് സംബന്ധിച്ച വിവാദം വീണ്ടും സിപിഎം-സുധാകരന്‍ വാക്‌പോരിലേക്കെത്തി.  കണ്ടല്‍ സംരക്ഷണത്തിന് കോണ്‍ഗ്രസ് എതിരല്ല. എന്നാ ല്‍ കണ്ടല്‍ സംരക്ഷണമെന്ന പേരില്‍ കണ്ടല്‍ നശിപ്പിച്ച് പാര്‍ക്കും റിസോര്‍ട്ടുകളും തുടങ്ങാനാണ് നീക്കമെങ്കില്‍ അതിനെ ശക്തമായി നേരിടുമെന്നും പറഞ്ഞ കെ സുധാകരന്‍, വിവരദോഷിയായ ഇ പി ജയരാജന്‍ കായികമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇ പി ജയരാജന്റെ പ്രസ്താവന വെറും വിഡ്ഢിത്തമാണ്. ഭരണത്തണലില്‍ കണ്ടല്‍ പാര്‍ക്ക് തുറക്കാമെന്ന മോഹമാണെങ്കില്‍ അതിനു കേന്ദ്രാനുമതി വേണമെന്ന കാര്യം മനസ്സിലാക്കണം. ഇ പി ജയരാജനെന്ന മന്ത്രിയുടെ വായില്‍നിന്ന് വീഴുന്ന മറ്റൊരു വിഡ്ഢിത്തമാണിത്. തനിക്ക് കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയെന്ന് പറഞ്ഞ ഇ പി ജയരാജന്‍ ആര്‍ക്കാണ് ആ തൊലിക്കട്ടിയെന്ന് ആദ്യം പരിശോധിക്കണം. ലോകമറിയുന്ന ബോക്‌സിങ് താരം മുഹമ്മദലിയെ കേരളക്കാരനെന്ന് പറഞ്ഞ് പ്രസ്താവനയിറക്കിയ കായിക മന്ത്രിക്കാണ് കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടി. സ്വന്തം വകുപ്പിനെ കുറിച്ച് പോലും ധാരണയില്ലാത്ത മന്ത്രിയാണ് ഇ പി ജയരാജന്‍. പിണറായിക്ക് ധൈര്യമുണ്ടെങ്കില്‍ ജയരാജനെ മാറ്റാന്‍ തയ്യാറാകണമെന്നും സുധാകരന്‍ പറഞ്ഞു. സുധാകരന്റെ വിമര്‍ശനത്തിനു ശേഷമാണ് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പാര്‍ക്ക് നടത്തിപ്പുകാരായ പാപ്പിനിശ്ശേരി ഇക്കോ ടൂറിസം സൊസൈറ്റിയെ പരസ്യമായി പിന്തുണച്ചത്. സൊസൈറ്റി കണ്ടല്‍പാര്‍ക്കുമായി മുന്നോട്ടുപോവുമെന്നും കോടതിയുടെ നിര്‍ദേശത്തെ മാനിച്ചാവും നിര്‍മാണപ്രവര്‍ത്തനമെന്നും പി ജയരാജന്‍ പറഞ്ഞു. മന്ത്രി ഇ പി ജയരാജന് സംസ്ഥാനത്തിന്റെ വ്യവസായ മന്ത്രിയല്ലെന്നും പാര്‍ട്ടിയുടെ വ്യവസായം നോക്കുന്ന മന്ത്രിയാണെന്ന് തെളിഞ്ഞതായി യൂത്ത് കോണ്‍ഗ്രസ് ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി പ്രസ്താവിച്ചു. പാരിസ്ഥിതിക ആഘാമുള്ള പ്രദേശമായതിനാലാണ് കണ്ടല്‍ പാര്‍ക്ക് അടച്ചുപൂട്ടേണ്ടി വന്നത്. വീണ്ടും പാര്‍ക്ക് തുറന്നാല്‍ യൂത്ത് കോണ്‍ഗ്രസ് ശക്തമായി സമരം രംഗത്തിറങ്ങുമെന്നും പ്രസ്താവനയില്‍ അറിയിച്ചു. ഇതോടെ, നേരത്തേ പാര്‍ക്ക് തുടങ്ങിയപ്പോഴുണ്ടായതു പോലെ സിപിഎം-കെ സുധാകരന്‍ പോര് വീണ്ടും ഉയര്‍ന്നു.
Next Story

RELATED STORIES

Share it