palakkad local

വിവാദ ഓപണ്‍ എയര്‍ ഓഡിറ്റോറിയം ഉദ്ഘാടനം നാളെ

ആലത്തൂര്‍: പ്രതിഷേധങ്ങള്‍ക്കും കോടതി നടപടികള്‍ക്കിടയിലും വിവാദ ഓപണ്‍ എയര്‍ ഓഡിറ്റോറിയം ഉദ്ഘാടനം 13ന് മന്ത്രി എ കെ ബാലന്‍ നിര്‍വഹിക്കും. കെ ഡി പ്രസേനന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.താലൂക്കാഫീസിന് മുന്‍ഭാഗത്തെ റവന്യു പുറമ്പോക്ക് വഴിയിലാണ് ഓഡിറ്റോറിയം നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. കെ ഡി പ്രസേനന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 20 ലക്ഷം ചെലവിലാണ് ഓപണ്‍ ഓഡിറ്റോറിയത്തിന്റെ നിര്‍മാണം നടത്തിയിരിക്കുന്നത്.
നിലത്ത് സിമന്റ് ഇഷ്ടികവിരിച്ചും മുകളില്‍ ഷീറ്റ് മേഞ്ഞുള്ള മേല്‍ക്കൂരയുമാണ്  ഓഡിറ്റോറിയത്തിനുള്ളത്. ഇവിടെയുള്ള ആല്‍മരത്തിന്റെ കൊമ്പുകള്‍ മുറിച്ചുമാറ്റിയതിനെതിരെ ഭാരത് സേവക് സമാജ് എന്ന സംഘടനയുടെ കീഴിലുള്ള പ്രകൃതി പഠന സംരക്ഷണ കൗണ്‍സില്‍ കോടതിയെ സമീപിച്ചിരുന്നു.ഇതിന്റെ ഭാഗമായി നിര്‍മാണം ആല്‍മരം സംരക്ഷിച്ചു മാത്രമേ നടത്താവൂയെന്ന് കോടതി തഹസില്‍ദാര്‍ക്ക് ഇന്‍ജക്ഷന്‍ ഓര്‍ഡര്‍ നല്‍കിയതുമാണ്.ഇത് നിലനില്‍ക്കെയാണ് നിര്‍മിതി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നിര്‍മാണം നടത്തിയത്. ആലത്തൂര്‍ റവന്യൂ വില്ലേജിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥലം ബിടിആര്‍ രേഖയിലും ഫീല്‍ഡ് മാപ്പിലും വഴിയായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വഴിയില്‍ എങ്ങനെ നിര്‍മാണ പ്രവര്‍ത്തനം നടത്തും എന്ന കാര്യം ഉന്നയിച്ച്് മറ്റൊരു സംഘടന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.
നിലവിലെ രീതിയില്‍ സംഘടനകള്‍ക്കും വ്യക്തികള്‍ക്ക് പൊതുപരിപാടികളും ചടങ്ങുകളും സംഘടിപ്പിക്കാന്‍ ഈ ഓഡിറ്റോറിയം വാടകയ്ക്ക് ലഭിക്കും. പരിപാടികള്‍ നടക്കുമ്പോള്‍ ഇവിടെ പാര്‍ക്ക് ചെയ്തിരിക്കുന്ന ടാക്‌സി വാഹനങ്ങള്‍ മാറ്റി കൊടുക്കണം. അല്ലാത്തപ്പോള്‍ ടാക്‌സിക്കാര്‍ക്കും താലൂക്ക് ഓഫിസ്, പോലിസ് സ്‌റ്റേഷന്‍, താലൂക്കാശുപത്രി എന്നിവിടങ്ങളിലേക്ക് വരുന്ന സ്വകാര്യ വാഹനങ്ങള്‍ക്കും ഇവിടെ പാര്‍ക്കിംഗ് സ്ഥലമായി ഉപയോഗിക്കാമെന്ന് റവന്യൂ അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it