വിവാദ ഉത്തരവ്: മന്ത്രിസഭ ഉപസമിതി യോഗം ചേര്‍ന്നു

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്തെ വിവാദ ഉത്തരവുകള്‍ അന്വേഷിക്കുന്നതിനായി മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയ മന്ത്രി എ കെ ബാലന്റെ നേതൃത്വത്തിലുള്ള ഉപസമിതി യോഗം ചേര്‍ന്നു.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ചില ഉത്തരവുകള്‍ സംബന്ധിച്ച് പരിശോധിക്കാന്‍ ഉപസമിതി യോഗം വകുപ്പ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. സര്‍ക്കാരിന്റെ അവസാനകാലത്തെ തീരുമാനങ്ങളുടെ പട്ടിക ചീഫ് സെക്രട്ടറി ഉപസമിതിക്ക് കൈമാറിയെങ്കിലും പൂര്‍ണമല്ലെന്നാണ് വിലയിരുത്തല്‍. അതിനാല്‍ എല്ലാ വകുപ്പുമേധാവികള്‍ക്കും ചോദ്യാവലി നല്‍കി വിവരശേഖരണം നടത്താനും തീരുമാനിച്ചു.
തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പൊതുമേഖലാസ്ഥാപനങ്ങളില്‍ ക്രമവിരുദ്ധ നിയമനങ്ങളും തസ്തിക സൃഷ്ടിക്കലും നടന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത് മരവിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാനും ഉപസമിതി തീരുമാനിച്ചു. വിവിധ നിയമങ്ങളുടെ ഭേദഗതി, ചട്ടങ്ങളില്‍ വരുത്തിയ മാറ്റം എന്നിവയും വിശദമായി പരിശോധിക്കും.
അടുത്ത മന്ത്രിസഭാ യോഗത്തിനു മുന്നോടിയായി എല്ലാ വകുപ്പ് തലവന്മാരും ഇതു സംബന്ധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നിയമഭേദഗതികള്‍ വിശദമായി പരിശോധിക്കുമെന്ന് യോഗത്തിനു ശേഷം മന്ത്രി വി എസ് സുനില്‍കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയ ഭൂനിയമ ഭേദഗതികള്‍ സംബന്ധിച്ച് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയെയും നിയമ സെക്രട്ടറിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം വന്നതിനു ശേഷം നികത്തിയ നെല്‍വയലുകള്‍ക്ക് ആറു മാസത്തിനകം ഉപഗ്രഹസര്‍വേ നടത്തി ഡാറ്റാബാങ്ക് തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.
2016 ജനുവരി ഒന്നുമുതല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങളാണ് എകെ ബാലന്‍ കണ്‍വീനറായ ഉപസമിതി പുനപ്പരിശോധിക്കുന്നത്. അവസാന രണ്ടുമാസത്തെ മന്ത്രിസഭാ യോഗങ്ങളില്‍ മാത്രം 822 തീരുമാനങ്ങളാണ് യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ടത്. ഇതില്‍ പലതും വിവാദമാവുകയും ചെയ്തിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അഞ്ചുലക്ഷം ഏക്കര്‍ ഭൂമിയുടെ തിരിമറി നടന്നിട്ടുണ്ടെന്ന് മന്ത്രി എ കെ ബാലന്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. തോമസ് ഐസക്, വി എസ് സുനില്‍കുമാര്‍, മാത്യു ടി തോമസ്, എ കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരടങ്ങുന്നതാണ് ഉപസമിതി.
Next Story

RELATED STORIES

Share it