Flash News

വിവാദത്തിന്റെ വണ്ടിയില്‍ കാരിബീയന്‍ പര്യടനം ; ഇന്ത്യ- വിന്‍ഡീസ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം



കിങ്‌സ് പാര്‍ക്ക്: വിവാദങ്ങളുടെ നടുവില്‍ ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിന് ഇന്ന് തുടക്കം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനത്ത് നിന്ന് അനില്‍ കുബ്ലെ രാജിവച്ചതിനെത്തുടര്‍ന്ന് പരിശീലകനില്ലാതെയാണ് ഇന്ത്യ വിന്‍ഡീസ് പര്യടനം നടത്തുന്നത്. ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനോടേറ്റ തോല്‍വിയുടെ ആഘാതം മറക്കാന്‍ വിന്‍ഡീസില്‍ എത്തിയ ഇന്ത്യന്‍ ടീമില്‍ പ്രമുഖ താരങ്ങളെല്ലാം തന്നെ ഉള്‍പ്പെട്ടിട്ടുണ്ട്. താരതമ്യേന ദുര്‍ബലരായ വിന്‍ഡീസ് നിലവിലെ ഐസിസി റാങ്കിങില്‍ ഒമ്പതാം സ്ഥാനത്താണുള്ളത്.  വിന്‍ഡീസിനെതിരേ കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കണമെന്ന പ്രമുഖരുടെ അഭിപ്രായത്തെ മാനിക്കാതെ ഇന്ത്യയുടെ ശക്തമായ സന്നാഹം വിന്‍ഡീസിലേക്ക് വണ്ടികയറുമ്പോള്‍ വിവാദങ്ങള്‍ വീണ്ടും പുകയുകയാണ്. അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റിയും അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ വിന്‍ഡീസിനെതിരേ കളിക്കുന്നത്.ആവേശമില്ലാത്തപരമ്പരവിന്‍ഡീസ് പര്യടനം കളിക്കാന്‍ പോവുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുകളില്‍ നിഴലിച്ച് നില്‍ക്കുന്നത് വിവാദങ്ങളാണ്. വിരാട് കോഹ്‌ലി എന്ന ഇന്ത്യയുടെ യുവ നായകന്റെ പിടിവാശികള്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ കൂടുതല്‍ അപകടങ്ങളിലേക്ക് നയിക്കുമെന്നാണ് പ്രമുഖരുടെ വിലയിരുത്തല്‍. മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കറും രാഹുല്‍ ദ്രാവിഡും ഇതിനോടകം തന്നെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇന്ത്യയെ നല്ലവഴിക്ക് നടത്താനുള്ള പുതിയ അധ്യാപകനെത്തേടിയുള്ള ബിസിസിഐയുടെ യാത്രയ്ക്ക് ഉടനെ തന്നെ ഫലം കണ്ടില്ലെങ്കില്‍ ഗ്രേഗ് ചാപ്പലും സൗരവ് ഗാംഗുലിയും തമ്മിലുള്ള വാക്‌പോര് സൃഷ്ടിച്ച അതേ പ്രശ്‌നങ്ങള്‍ തന്നെ ഇന്ത്യന്‍ ടീം ഒരിക്കല്‍ കൂടി നേരിടേണ്ടിവരും.നിലവിലെ ഫോമില്‍ ഇന്ത്യക്ക് വിന്‍ഡീസ് വെല്ലുവിളി ഉയര്‍ത്തില്ലെന്ന കാര്യം വ്യക്തമാണ്. യുവ താരങ്ങളായ കുല്‍ദീപ് യാദവിനെയും ഇന്ത്യന്‍ ഏകദിന ടീമിലേക്ക് ആദ്യ വിളി ലഭിച്ച റിഷഭ് പാന്തിനെയും മാറ്റി നിര്‍ത്തിയാല്‍ പ്രമുഖ താരങ്ങളുടെ വന്‍ സന്നാഹമാണ് വെസ്റ്റ് ഇന്‍ഡീസിലേക്ക് യാത്ര പുറപ്പെട്ടിരിക്കുന്നത്. ബൗളിങില്‍ പരിക്കേറ്റ രവിചന്ദ്ര അശ്വിനടക്കം ഇന്ത്യന്‍ ടീമിലുണ്ട്. ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബൂംറയ്ക്കും ഓപണര്‍ രോഹിത് ശര്‍മയ്ക്കും വിശ്രമം അനുവദിച്ചതൊഴിച്ചാല്‍ ചാംപ്യന്‍സ് ട്രോഫിയിലെ ടീമില്‍ വലിയ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ വിന്‍ഡീസിനെതിരേ ഇറങ്ങുന്നത്.ദുര്‍ബലരായ വിന്‍ഡീസ്വെസ്റ്റ് ഇന്‍ഡീസ് എന്ന പേരില്‍ നിന്ന് വിന്‍ഡീസ് എന്ന് പേരുമാറ്റിയത് മാത്രമല്ല പഴയ വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ വന്ന മാറ്റം. കാര്‍ലോസ് ബ്രാത്ത്‌വൈറ്റ്, ഡ്വെയ്ന്‍ ബ്രോവോ, ഡാരന്‍ ബ്രാവോ, ഡാരന്‍ സമി, മര്‍ലോണ്‍ സാമുവല്‍സ് തുടങ്ങി കരുത്തരായ താരങ്ങള്‍ ഇല്ലാത്ത വിന്‍ഡീസ് ടീമിന്  പഴയ പ്രതാപമില്ല. ജേസണ്‍ ഹോള്‍ഡറെന്ന നായകന് കീഴില്‍ അഫ്ഗാനിസ്താനോട് പോലും കിതച്ച് ജയിക്കുന്ന വിന്‍ഡീസ് നിരയുടെ 2019 ലെ ലോകകപ്പ് സാധ്യതകളും ആശങ്കയിലാണ്.ഇന്ത്യക്കെതിരേ കളിച്ച് അനുഭവ സമ്പത്ത് അവകാശപ്പെടാന്‍ കഴിയുന്ന താരങ്ങള്‍ വിന്‍ഡീസ് നിരയില്‍ വിരളമാണ്. സ്പിന്‍ ബൗളര്‍ ദേവേന്ദ്ര ബിഷു, റോസ്‌റ്റോണ്‍ ചേസ്, എവിന്‍ ലേവിസ്, ആഷഌ നേഴ്‌സ് തുടങ്ങിയ വിന്‍ഡീസ് നിരയുടെ തുറുപ്പുചീട്ടുകളൊന്നും അടുത്തിടയ്‌ക്കൊന്നും മികച്ച പ്രകടനം നടത്തിയിട്ടില്ല. അവസാനം കൡച്ച അഫ്ഗാനിസ്താന്‍ പരമ്പരയിലെ ട്വന്റി 3-0ന് വിജയിച്ചെങ്കിലും ഏകദിന പരമ്പര 1-1 സമനില പങ്കിടേണ്ടി വന്നു. ഇന്ത്യയോട് അവസാനം ഏറ്റുമുട്ടിയ ട്വന്റിയില്‍ വിജയം വിന്‍ഡീസിനൊപ്പമായിരുന്നെങ്കിലും നിലവിലെ ഫോമില്‍ വിന്‍ഡീസ് ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തുമോയെന്ന് കണ്ടുതന്നെ അറിയണം.
Next Story

RELATED STORIES

Share it