Editorial

വിവാദങ്ങള്‍ ഒഴിയാതെ ഇന്ത്യന്‍ നീതിപീഠങ്ങള്‍

ഇന്ത്യയുടെ നീതിന്യായമേഖല ഗുരുതരമായ ഭീഷണി നേരിടുകയാണെന്ന പൊതുവികാരം ജനങ്ങള്‍ക്കിടയില്‍ ശക്തിപ്പെടുകയാണ്. വ്യവസ്ഥിതിയുടെ സകലമാന മേഖലകളെയും ഗ്രസിച്ചുകഴിഞ്ഞിരിക്കുന്ന അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും രോഗബാധയില്‍ നിന്നു നിയമവ്യവസ്ഥയുടെ കാവല്‍ക്കാരായ കോടതികളും മുക്തമല്ലെന്ന ധാരണയാണ് നീതിപീഠങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വിവാദങ്ങള്‍ ജനമനസ്സുകളില്‍ സൃഷ്ടിക്കുന്നത്. നീതിസംവിധാനത്തിന്റെ ഏറ്റവും താഴ്ന്ന തലം മുതല്‍ പരമോന്നത കോടതി വരെ ഇത്തരം വിവാദങ്ങളില്‍ നിന്നു മുക്തമല്ലെന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്. ഏറ്റവും ഒടുവില്‍ അലഹബാദ് ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരില്‍ ഒരാളായ എസ് നാരായണ്‍ ശുക്ലയെ ഇംപീച്ച് ചെയ്യാന്‍ സുപ്രിംകോടതി ചീഫ്ജസ്റ്റിസ് ദീപക് മിശ്ര രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തിരിക്കുന്നു. അതിന്റെ ആദ്യപടിയായി ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ നിന്ന് അദ്ദേഹത്തോട് മാറിനില്‍ക്കാന്‍ കഴിഞ്ഞ ദിവസം സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ജസ്റ്റിസ് നാരായണ്‍ ശുക്ല 90 ദിവസത്തെ അവധിയില്‍ പ്രവേശിച്ചുവെന്നാണ് റിപോര്‍ട്ടുകള്‍. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും സുപ്രിംകോടതിയുടെയും ഉത്തരവുകള്‍ മറികടന്ന് നിയമവിരുദ്ധമായി ലഖ്‌നോയിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശനത്തിന് അനുമതി നല്‍കി എന്നതാണ് ജസ്റ്റിസ് ശുക്ലയ്‌ക്കെതിരായ ആരോപണം. മെഡിക്കല്‍ കൗണ്‍സില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും 2017-18 വര്‍ഷത്തില്‍ പ്രവേശനാനുമതി നല്‍കേണ്ടതില്ലെന്ന് സുപ്രിംകോടതി തീരുമാനമെടുക്കുകയും ചെയ്ത ഒരു വിഷയത്തില്‍ അതിനു കടകവിരുദ്ധമായി ജസ്റ്റിസ് ശുക്ല നല്‍കിയ അനുമതി നീതിന്യായ സംവിധാനത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതായിരുന്നു. ഈ നടപടി ക്രിമിനല്‍ ഗൂഢാലോചനയാണെന്നാണ് ഇതുസംബന്ധമായി അന്വേഷിക്കാന്‍ നിയുക്തമായ സമിതിയുടെ കണ്ടെത്തല്‍. ജസ്റ്റിസ് നാരായണ്‍ ശുക്ലയുടെ നടപടികള്‍ ജുഡീഷ്യറിയുടെ അടിസ്ഥാന മൂല്യങ്ങളെ കളങ്കപ്പെടുത്തുന്നതാണെന്നും അന്വേഷണ സമിതി നിരീക്ഷിക്കുന്നു. ചീഫ്ജസ്റ്റിസ് ദീപക് മിശ്രയുടെ നടപടികള്‍ക്കെതിരേ പോലും സുപ്രിംകോടതി ജഡ്ജിമാര്‍ ആരോപണം ഉയര്‍ത്തിയത് തൊട്ടടുത്താണ്. ജുഡീഷ്യറിയുമായി ബന്ധപ്പെട്ട് ഈയിടെ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ നമ്മുടെ നീതിന്യായ മേഖല രണ്ടു തരത്തിലുള്ള ഭീഷണികള്‍ നേരിടുന്നതായി വ്യക്തമാക്കുന്നു. ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നീതിപീഠങ്ങളുടെ ധാര്‍മികതയ്ക്ക് നിരക്കാത്ത അരുതായ്മകള്‍ക്കു സ്വയം വിധേയരാവുന്നു എന്നതാണ് ഒന്നാമത്തേത്. രണ്ടാമത്തേത് നിര്‍ഭയമായ നീതിനിര്‍വഹണത്തിനു സാധ്യമല്ലാത്ത സാഹചര്യത്തിലേക്ക് രാജ്യം നീങ്ങുന്നുവെന്നതാണ്. ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം അത്തരം ആശങ്കകളിലേക്കാണ് രാജ്യത്തെ കൊണ്ടെത്തിക്കുന്നത്. നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ കാവല്‍ജോലി ജനങ്ങള്‍ കൂടി ഏറ്റെടുക്കുക മാത്രമാണ് പരിഹാരം.
Next Story

RELATED STORIES

Share it