Kollam Local

വിവാദങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറികളായി സര്‍ക്കാര്‍ മാറരുത് : കാനം രാജേന്ദ്രന്‍



ശാസ്താംകോട്ട: വിവാദങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറികളായി കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ മാറരുതെന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തു കൊണ്ട് അതിനു പരിഹാരം കാണാന്‍ ശ്രമിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സിപിഐ ശൂരനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചക്കുവള്ളിയില്‍ നടന്ന അഡ്വ ജി ശശിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതു മുന്നണി തിരഞ്ഞെടുപ്പു വാഗ്ദാനമായി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ച ഓരോന്നും സമയബന്ധിതമായി നടപ്പിലാക്കും. ഇതില്‍ പ്രഥമ പരിഗണന അനധികൃതമായ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനാണ്. മത ചിഹ്നങ്ങള്‍ ഉപയോഗിച്ചുള്ള കയ്യേറ്റങ്ങളും, എല്ലാ അനധികൃത കയ്യേറ്റങ്ങളും ഒഴിപ്പിക്കും. പല തരം വിവാദങ്ങളിലൂടെ ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവയ്പ്പക്കാന്‍ പല നടപടികളും ഉണ്ടായേക്കാം. ഇതൊക്കെ നേരിടാന്‍ കഴിവുള്ള  സര്‍ക്കാരാണ് കേരളം ഭരിക്കുന്നത് എന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം. മതചിഹ്നങ്ങളുപയോഗിച്ചുള്ള കയ്യേറ്റക്കളെ മതപുരോഹിതന്‍മാര്‍ തന്നെ സര്‍വകക്ഷി യോഗത്തിലടക്കം തള്ളി പറഞ്ഞിട്ടുണ്ട്. അര്‍ഹതയുള്ളവന് ഭൂമിയും, വീടില്ലാത്തവന് വീടും നല്‍കും. 1977 നു മുമ്പ് കുടിയേറിയ കര്‍ഷകര്‍ക്ക് പട്ടയം നല്‍കും. ഇരുപത്തിയൊന്നാം തിയ്യതി പതിനായിരം പേര്‍ക്ക് പട്ടയം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനുള്ള വിശ്രമ രഹിതമായ പ്രവര്‍ത്തനത്തിലാണ്. കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ടവന്റെ ഭൂമി പിടിച്ചെടുത്ത് കോര്‍പ്പറേറ്റുകള്‍ക്കു നല്‍കുമ്പോള്‍ ഇടതു സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്ത് പാവപ്പെട്ടവന് വിതരണം ചെയ്യാനുള്ള പരിശ്രമത്തിലാണ്.                 ബഹുജനങ്ങളെ അണിനിരത്തി അവകാശ പോരാട്ടങ്ങള്‍ക്കു നേതൃത്വം നല്‍കിയ വിപ്ലവകാരിയായിരുന്നു ജി ശശിയെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നികത്താനാവാത്ത വിടവാണ് സഖാവിന്റെ വേര്‍പാടിലൂടെ സംഭവിച്ചതെന്നും അദ്ദേഹം അനുസ്മരിച്ചു. കെ ശിവശങ്കരന്‍ നായര്‍ അധ്യക്ഷനായിരുന്നു. മണ്ഡലം സെക്രട്ടറി പ്രൊഫ. എസ് അജയന്‍, അഡ്വ കെ പ്രകാശ് ബാബു, അര്‍ രാജേന്ദ്രന്‍, ആര്‍ രാമചന്ദ്രന്‍ എം എല്‍ എ, അഡ്വ എസ്.വേണുഗോപാല്‍, ആര്‍ എസ് അനില്‍, ടി.അനില്‍ എന്നിവര്‍ സംസാരിച്ചു. രാവിലെ സമൃതികുടീരത്തില്‍ നടന്ന പുഷ്പാര്‍ച്ചനയില്‍ ജില്ലാ സെക്രട്ടറി അഡ്വ എന്‍ അനിരുദ്ധന്‍, കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ എന്നിവര്‍ പങ്കെടുത്തു
Next Story

RELATED STORIES

Share it