വിവാദങ്ങള്‍ ഇല്ലാതെ മാണിയുടെ പ്രസംഗം ; ജോര്‍ജിനും പ്രതാപനും പരോക്ഷ വിമര്‍ശനം

പാലാ: ബാര്‍ കോഴക്കേസില്‍ മന്ത്രിസ്ഥാനം രാജിവച്ച ശേഷം സ്വന്തം നാടായ പാലായില്‍ എത്തിയ കെ എം മാണിക്ക് പ്രവര്‍ത്തകര്‍ ഉജ്ജ്വല സ്വീകരണം നല്‍കി. തിരുവനന്തപുരത്തു നിന്നു പാലായിലേക്കുള്ള സ്വീകരണയോഗങ്ങളില്‍ ബാര്‍ കോഴ വിവാദങ്ങളില്‍ പാലായില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നു മാണി മാധ്യമങ്ങളോട് പ്രഖ്യാപിച്ചെങ്കിലും കാര്യമായ വിവാദങ്ങളിലേക്കു കടക്കാതെയുള്ള പ്രസംഗമാണ് അദ്ദേഹം നടത്തിയത്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, കോണ്‍ഗ്രസ് എംഎല്‍എ ടി എന്‍ പ്രതാപന്‍, പി സി ജോര്‍ജ് എന്നിവര്‍ക്ക് മാണി മറുപടി നല്‍കി.
ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ കൂടുതല്‍ പേരുണ്ടാകും. പക്ഷേ, കരയുമ്പോള്‍ കൂടെ കരയാന്‍ ആരും ഉണ്ടാവില്ല എന്നു പറഞ്ഞായിരുന്നു മാണി പ്രസംഗം ആരംഭിച്ചത്. പാലായ്ക്ക് പുറത്തും ലോകമുണ്ടെന്നു പറഞ്ഞ കോണ്‍ഗ്രസ് എംഎല്‍എ ടി എന്‍ പ്രതാപന്റെ പ്രസ്താവനയ്ക്ക് മാണി മറുപടി നല്‍കി. ലോകം കുറേ കണ്ടതാണെന്നും തന്നെ സംബന്ധിച്ചിടത്തോളം പാലായേക്കാള്‍ വലിയ ലോകമില്ലെന്നും മാണി പറഞ്ഞു. തന്നെ ഓര്‍ത്ത് അച്യുതാനന്ദന്‍ കണ്ണീരു പൊഴിക്കേണ്ടെന്നും മകനെയോര്‍ത്ത് കരഞ്ഞാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ ഒരു പയ്യനുണ്ടല്ലോ, നമ്മുടെ ഔദാര്യമായാണ് പദവികള്‍ അവന് കൊടുത്തത്. ഇപ്പോള്‍ നമ്മളെ തെറിപറയുകയാണെന്നും പി സി ജോര്‍ജിനെ പേരെടുത്തു പറയാതെ മാണി ആരോപിച്ചു. ജോര്‍ജിന് നന്മ വരട്ടെയെന്നും മാണി പറഞ്ഞു. മന്ത്രിസ്ഥാനം ഇല്ലാതെവരുമ്പോള്‍ ധൂര്‍ത്തപുത്രനായിട്ടല്ല മടങ്ങിവരുന്നത്. പിന്നോട്ടു നോക്കുമ്പോള്‍ ഏറെ സന്തോഷമുണ്ട്. മാണിയുടെ പ്രസംഗത്തില്‍ ഉടനീളം പ്രവര്‍ത്തകര്‍ കെ ബാബു, കെ ബാബു, ബാര്‍ കോഴ ഗൂഢാലോചന എന്നെല്ലാം സദസിന്റെ മുന്‍നിരയില്‍ നിന്നു വിളിച്ചുപറഞ്ഞെങ്കിലും മാണി അതുമായി ബന്ധപ്പെട്ട് പരാമര്‍ശം നടത്താതെ നിശ്ശബ്ദത പാലിക്കാനാണ് പ്രവര്‍ത്തകരോട് പറഞ്ഞത്.
Next Story

RELATED STORIES

Share it