kozhikode local

വിവാദങ്ങള്‍ക്ക് വിരാമം : താമരശ്ശേരി പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു



താമരശ്ശേരി: ഏറെ കോലാഹലങ്ങളും വിവാദങ്ങള്‍ക്കും വിരാമമായി താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു. സെക്രട്ടറി ഇന്നലെ ഓഫിസില്‍ ഹാജരാവാത്തതിനാല്‍ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ കൈപറ്റിയിട്ടില്ല.ഒരുവര്‍ഷത്തോളമായി താമരശ്ശേരിയില്‍ ഭരണ സമിതിയും സെക്രട്ടിമാരും തമ്മില്‍ പോരുനടന്നു വരികയായിരുന്നു. ആദ്യത്തെ സെക്രട്ടറിയെ സ്ഥലം മാറ്റിയതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ സെക്രട്ടറി മിഥുന്‍ കൈലാസ് ചാര്‍ജ് എടുത്തത്. ഇദ്ദേഹവും പഴയ സെക്രട്ടറിയുടെ പാതയിലേക്ക് നീങ്ങിയതോടെ ഭരണ സമതിയുമായി അകല്‍ച്ചയിലാവുകയും അത് പിന്നീട് വന്‍പോരിലേക്ക് നീങ്ങുകയുമായിരുന്നു. ഭരണ സമിതിയുടെ തീരുമാനങ്ങള്‍ സെക്രട്ടറി നടപ്പാക്കാനും പാസാക്കാനും തയ്യാറാവുന്നില്ലെന്ന പ്രസിഡണ്ടും അംഗങ്ങളും ആരോപിക്കുന്നു. എന്നാല്‍ നിയമ വിരുദ്ധമായ കാര്യങ്ങള്‍ നടപ്പാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സെക്രട്ടറി എന്ന നിലയില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നറിയിച്ചതാണ് പ്രശ്‌നത്തിനു കാരണമെന്ന് സെക്രട്ടറി പറയുന്നു. ഇതിനിടയില്‍ കെട്ടിട നിര്‍മാണവും നിലം നികത്തിയ സംഭവവുമായി ഹെഡ് ക്ലാര്‍ക്കിനെയും സ്ഥലം മാറിപ്പോയിരുന്ന എ എസിനെയും കുറ്റക്കാരാക്കി സസ്‌പെന്‍ഷനടക്കമുള്ള കാര്യങ്ങള്‍ സെക്രട്ടറി നടപ്പാക്കിയതോടെ ഇരുകൂട്ടരും തമ്മിലുള്ള തര്‍ക്കം അതിരൂക്ഷമാവുകയും ചെയ്തു.ഇതുമൂലം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പദ്ധതി നിര്‍വഹണത്തില്‍ കാര്യമായി ഇടിവ് സംഭവിക്കുകയും ചെയ്തു.പഞ്ചായത്തിലെ ജീവനക്കാരും ഇരു ചേരിയിലായതോടെ വിവിധ ആവശ്യങ്ങള്‍ക്കായി ഓഫിസിലെത്തുന്ന സാധരണക്കാര്‍ തങ്ങളുടെ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ കഷ്ടപ്പെടുകയാണ് ഇപ്പോഴും. മാസങ്ങളായി പല സര്‍ട്ടിഫിക്കറ്റുകളും ലഭിക്കാതെ കഷ്ടപ്പെടകയാണ്. സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് ഭരണ സമിതി ഡിഡിപി ഓഫിസില്‍ ധര്‍ണ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഒരുമാസത്തെ ലീവ് കഴിഞ്ഞെത്തിയ സെക്രട്ടറിയെ ചാര്‍ജ് എടുക്കാന്‍ അനുവദിക്കാതെ ഭരണസമിതിയും യുഡിഎഫും തടഞ്ഞിരുന്നു.ബഹളത്തെ തുടര്‍ന്ന്  പോലിസ് എത്തി സെക്രട്ടറിയെ സ്‌റ്റേഷനിലേക്ക് കൂട്ടി കൊണ്ടു പോവുകയായിരുന്നു. ഇതുവരെ സെക്രട്ടറിക്കനുകൂല നിലപാടെടുത്ത ഇടതു അംഗങ്ങള്‍ ഇപ്പോള്‍ സെക്രട്ടറിയെ കൈയൊഴിഞ്ഞ നിലയിലാണ്. ഇതും സെക്രട്ടറിയുടെ സസ്‌പെന്‍ഷനു ആക്കം കൂട്ടി.
Next Story

RELATED STORIES

Share it