വിവാദങ്ങള്‍ക്കൊടുവില്‍ നായനാര്‍ അക്കാദമി ഉദ്ഘാടനം നാളെ

കണ്ണൂര്‍: ബര്‍ണശ്ശേരിയില്‍ സിപിഎം നിയന്ത്രിത ട്രസ്റ്റ് സ്ഥാപിച്ച ഇ കെ നായനാര്‍ അക്കാദമി ഉദ്ഘാടനത്തിനൊരുങ്ങി. നിരവധി തൊഴിലാളികള്‍ ആത്മഹത്യ ചെയ്യാനിടയായ തൊഴില്‍പ്രതിസന്ധിയുടെ കേന്ദ്രമായിരുന്ന തിരുവേപ്പതി മില്‍ ഉണ്ടായിരുന്ന ഭൂമിയാണിത്. നാളെ വൈകീട്ട് നാലിന് അക്കാദമി ഉദ്ഘാടനവും നായനാരുടെ പ്രതിമ അനാവരണവും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും അക്കാദമി മ്യൂസിയം കെട്ടിടോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും നിര്‍വഹിക്കും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം ഉള്‍ക്കൊള്ളുന്ന മ്യൂസിയമായിരിക്കും നാലേക്കറില്‍ നിലകൊള്ളുന്ന അക്കാദമിയുടെ പ്രധാന ആകര്‍ഷണീയത. ഇന്ത്യയിലെവിടെയും ഇത്തരത്തിലൊരു മ്യൂസിയം സിപിഎം സ്ഥാപിച്ചിട്ടില്ല. പൊതുജനങ്ങളില്‍ നിന്നടക്കം സ്വരൂപിച്ച 10 കോടിയോളം രൂപ ചെലവഴിച്ചാണ് അക്കാദമി സ്ഥാപിച്ചത്.
റഫറന്‍സ് ലൈബ്രറി, വിവിധ സമ്മേളനങ്ങള്‍ക്കും സാംസ്‌കാരിക പരിപാടികള്‍ക്കും ഉപയോഗിക്കാവുന്ന ഹാള്‍, ഓപ ണ്‍ എയര്‍ ഓഡിറ്റോറിയം എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന സമുച്ചയമാണിത്. ഇതില്‍ ആധുനിക മ്യൂസിയം ഒഴികെ മറ്റെല്ലാ പ്രവൃത്തികളും പൂര്‍ത്തിയായി. 45,000 ചതുരശ്ര അടി വിസ്തൃതിയില്‍ മൂന്നുനിലകളിലാണ് അക്കാദമി സജ്ജമാക്കുന്നത്. ഓപണ്‍ എയര്‍ തിയേറ്ററില്‍ 1,200 പേര്‍ക്കിരുന്ന് പരിപാടികള്‍ കാണാം. ബക്കറ്റ് പിരിവിലൂടെ കണ്ടെത്തിയ ആറുകോടിയോളം രൂപ ചെലവഴിച്ചാണ് അക്കാദമിക്കു വേണ്ടി സിപിഎം നേതൃത്വം ഭൂമി വാങ്ങിയത്. വിഎസ് സര്‍ക്കാര്‍ ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതിന് സ്റ്റാമ്പ് ഡ്യൂട്ടി ഇളവു നല്‍കിയിരുന്നു. നിര്‍മാണത്തിലെ സാങ്കേതിക തടസ്സങ്ങള്‍ കാരണം നേരത്തെ പ്രവൃത്തി കടക്കെണിയിലായിരുന്നു. രാജ്യരക്ഷാവകുപ്പ് കേന്ദ്രങ്ങളുടെ സമീപമായതിനാല്‍ കന്റോ ണ്‍മെന്റില്‍നിന്നുള്ള അനുമതി നേടിയെടുക്കാന്‍ വൈകിയതും നിര്‍മാണം നീളാന്‍ കാരണമായി. മന്ത്രിമാരായ സെക്രട്ടേറിയറ്റ് അംഗങ്ങളെ മാറ്റിനിര്‍ത്തി പിണറായി വിജയനു പകരം കോടിയേരി ബാലകൃഷ്ണന്‍ മാനേജിങ് ട്രസ്റ്റിയായി നായനാര്‍ മെമ്മോറിയല്‍ ട്രസ്റ്റ് പുനസ്സംഘടിപ്പിച്ചതോടെയാണ് പ്രവൃത്തികള്‍ വേഗത്തിലായത്. ഇക്കഴിഞ്ഞ സിപിഎം ജില്ലാ സമ്മേളനം സംഘടിപ്പിച്ചത് അക്കാദമിയിലായിരുന്നു.
നായനാര്‍ അനുസ്മരണദിനമായ 19നു തന്നെ ഉദ്ഘാടനം വേണമെന്ന ആഗ്രഹപ്രകാരമാണ് ഉദ്ഘാടനം ഈ നിലയില്‍ ക്രമീകരിച്ചതെന്നും വലിയ രീതിയിലുള്ള പരിപാടികള്‍ക്ക് അനുയോജ്യമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it