ernakulam local

വിവാദങ്ങള്‍ക്കൊടുവില്‍ റോ റോ സര്‍വീസ് തിങ്കളാഴ്ച്ച ആരംഭിക്കും

കൊച്ചി: സമയം പുന:ക്രമീകരിച്ച് റോ റോ സര്‍വീസ് തിങ്കളാഴ്ച്ച മുതല്‍ പുനരാരംഭിക്കാമെന്ന കെഎസ്‌ഐഎന്‍സി നിര്‍ദേശം കൊച്ചി നഗരസഭാ അംഗീകരിച്ചു. ഇതോടെ ഉദ്ഘാടന ദിവസം തന്നെ മുടങ്ങിയ റോ റോ സര്‍വീസ് രണ്ട് ദിവസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് ഉറപ്പായി.
ഇന്നലെ നഗരസഭാ കാര്യാലയത്തില്‍ മേയര്‍ വിളിച്ചുചേര്‍ത്ത സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് കെഎസ്‌ഐന്‍സിയുടെ നിര്‍ദേശം അംഗീകരിക്കുവാന്‍ തീരുമാനിച്ചത്. ഇതോടെ തിങ്കളാഴ്ച്ച മുതല്‍ എട്ട് മണിക്കൂര്‍ ഫോര്‍ട്ട് കൊച്ചി-വൈപ്പിന്‍ റൂട്ടില്‍ റോറോയുടെ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാവും. സമയക്രമീകരണം സംബന്ധിച്ച തീരുമാനവും യോഗത്തിലുണ്ടായി.
പൊതുജനങ്ങള്‍ റോറോയെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സമയത്ത് സര്‍വീസ് നടത്തുവാനാണ് യോഗത്തില്‍ തീരുമാനമായത്. വിദ്യാര്‍ഥികളുടെ സൗകര്യവും പരിഗണിച്ച് രാവിലെ എട്ട് തൊട്ട് എട്ട് മണിക്കൂറായിരിക്കും സര്‍വീസ് നടത്തുകയെന്ന് മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. ഉദ്ഘാടന ദിവസം റോ റോ ഓടിച്ച ഫസ്റ്റ് ക്ലാസ് ഡ്രൈവര്‍ വിന്‍സെന്റിനെ തന്നെ ആശ്രയിച്ചാണ് തുടര്‍ന്നും സര്‍വീസ് നടത്തുക.
മതിയായ വേതനവും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചാല്‍ എട്ട് മണിക്കൂറില്‍ കൂടുതല്‍ സര്‍വീസ് നടത്തുവാന്‍ ഒരുക്കമാണെന്ന് വിന്‍സെന്റ് യോഗത്തെ അറിയിച്ചു. ഇക്കാര്യത്തില്‍ കെഎസ്‌ഐഎന്‍സിയുടെ നിലപാട് നഗരസഭ തേടിയിട്ടുണ്ട്. അതുംകൂടി പരിഗണിച്ചതിന് ശേഷം സര്‍വീസിന്റെ സമയക്രമത്തില്‍ മാറ്റമുണ്ടായേക്കുമെന്നും മേയര്‍ പറഞ്ഞു.
റോറോ സര്‍വീസ് ഇല്ലാത്ത സമയങ്ങളില്‍ ജങ്കാര്‍ റൂട്ടിലോടിച്ച് യാത്ര ക്ലേശം പരിഹരിക്കാമെന്ന കെഎസ്‌ഐന്‍സിയുടെ നിര്‍ദേശവും യോഗം പരിഗണിച്ചു. എന്നാല്‍ റോ റോയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പൂര്‍ണമായും എന്ന് പരിഹരിക്കാമെന്ന് കെഎസ്‌ഐന്‍സി വ്യക്തമാക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടു. ഉടന്‍ തന്നെ പരിഹരിക്കാനാവുമെന്ന നിലപാടാണ് കെഎസ്‌ഐന്‍സി ആവര്‍ത്തിക്കുന്നത്.
കൃത്യമായ തിയ്യതി ഇക്കാര്യത്തില്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് അയക്കുമെന്നും മേയര്‍ അറിയിച്ചു.
റോ റോ സര്‍വീസ് വിവാദമായ പശ്ചാതലത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തണം. കെഎസ്‌ഐന്‍സിയെ കൂടി ഉള്‍ക്കൊള്ളിച്ച് പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ചകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് തുറമുഖ വകുപ്പ് മന്ത്രിക്കും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കും കത്തയ്ക്കുവാനും യോഗത്തില്‍ തീരുമാനമായി.
ഡെപ്യൂട്ടി മേയര്‍, പ്രതിപക്ഷ നേതാവ്, നഗരസഭാ സെക്രട്ടറി, ഷിപ്പ്‌യാര്‍ട്, പോര്‍ട്ട് ട്രസ്റ്റ് പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
എന്നാല്‍ യോഗത്തില്‍ നിന്ന് കെഎസ്‌ഐന്‍സി അധികൃതര്‍ വിട്ടുനിന്നു. പങ്കെടുക്കണമെന്നാവശ്യപ്പെട്ട് വീണ്ടും വിളിച്ചപ്പോള്‍ അടിയന്തര മീറ്റിങ്ങിലാണെന്ന മറുപടിയാണ് ലഭിച്ചതെന്ന് മേയര്‍ അറിയിച്ചു. യോഗത്തിന് മുന്നോടിയായി സ്റ്റിയറിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈപ്പിനിലെ ഡോള്‍ഫിന്‍ മ്യൂറിങ് ജെട്ടിയിലും ഫോര്‍ട്ട്‌കൊച്ചി ജെട്ടിയിലും പരിശോധ നടത്തി. ഇതിന് ശേഷമാണ് സര്‍വീസ് ആരംഭിക്കുവാന്‍ കെഎസ്‌ഐന്‍സിക്ക് നിര്‍ദേശം നല്‍കിയത്.
റോ റോ സര്‍വീസുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പുകള്‍ നടന്നുവെന്ന് യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി ആരോപിച്ചു. എങ്കിലും ദ്വീപ് നിവാസികളുടെ യാത്രാക്ലേശം അടിയന്തരമായി പരിഹരിക്കണമെന്നുള്ളതുകൊണ്ടാണ് യോഗത്തില്‍ പങ്കെടുക്കുവാന്‍ തീരുമാനിച്ചത്. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് കത്തയക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Next Story

RELATED STORIES

Share it