Alappuzha local

വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വിരാമമായി; ജന്മനാടിനെ ഇളക്കിമറിച്ച് വി എസ്

അമ്പലപ്പുഴ: ജന്മനാടിനെ ഇളക്കിമറിച്ച് വി എസ് എത്തി. ജി സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി ഇന്നലെ വൈകീട്ട് അഞ്ച് മണിക്കാണ് വി എസ് അച്യുതാനന്ദന്‍ പറവൂരില്‍ എത്തിയത്.
മണിക്കൂറുകള്‍ക്ക് മുമ്പുതന്നെ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് വി എസിന്റെ വരവിനായി കാത്തിരുന്നത്. പതിവുശൈലിയില്‍ പ്രസംഗം നടത്തിയ വി എസ് പ്രസംഗത്തിന്റെ ആദ്യംതന്നെ സുധാകരന് വോട്ടുചെയ്യണമെന്ന് അഭ്യര്‍ഥിച്ചു. പ്രസംഗത്തിന്റെ അവസാനവും ഈ അഭ്യര്‍ഥന ആവര്‍ത്തിച്ചു. ഈ മാസം ആദ്യം നടന്ന സുധാകരന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യാന്‍ വി എസ് എത്താതിരുന്നത് വിവാദമായിരുന്നു. ഇന്നലെ വേദിയിലെത്തിയ വി എസിനെ സുധാകരന്‍ സ്വീകരിച്ചു.
സംഘശക്തികളെ കൂട്ടുപിടിക്കാന്‍വേണ്ടി ഒരു പാലമായിട്ടാണ് വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉപയോഗിക്കുന്നതെന്ന് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു. വെള്ളാപ്പള്ളി നടേശന്‍ വര്‍ഗീയത അഴിച്ചുവിട്ട് പ്രസംഗം നടത്തിയതിനെതിരേ പോലിസ് കേസെടുത്തിരുന്നു. പക്ഷെ അത് കാര്യമായി കൈകാര്യം ചെയ്യേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംഘ് പരിവാര- വെള്ളാപ്പള്ളി കൂട്ടുകെട്ടിലൂടെ അധികാരത്തില്‍ തുടരാന്‍ സാധ്യത നോക്കുകയാണ് ഉമ്മന്‍ചാണ്ടി. ഇതിനുവേണ്ടി വെള്ളാപ്പള്ളിയെ സ്വാധീനിക്കാനായി ഇടുക്കിയില്‍ 10 ഏക്കര്‍ സ്ഥലമാണ് എഴുതുക്കൊടുത്തത്. ആര്‍എസ്എസും ബിജെപിയുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് എ കെ ആന്റണി വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ ആരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ആന്റണി എത്തിയിരിക്കുന്നത്.
തന്റെ രാഷ്ട്രീയ ജീവിതത്തില്‍ അധ:പതിച്ച സമീപനമാണ് ഉമ്മന്‍ചാണ്ടി സ്വീകരിക്കുന്നത്. കോഴകളുടെ പരമ്പരയാണ് ഉമ്മന്‍ചാണ്ടി നടത്തുന്നത്. ഉമ്മന്‍ചാണ്ടി കേരളത്തിന് ഒരു ഭാരമായി മാറി. അങ്ങനെയുള്ള ഉമ്മന്‍ചാണ്ടിയെ താങ്ങിനിര്‍ത്താനാണ് ആന്റണി ഇവിടെയെത്തിയിരിക്കുന്നത്.
ഇടതുപക്ഷ പ്രസ്ഥാനത്തെ തകര്‍ത്തുകൊണ്ട് ഒരു സംഘ് പരിവാര ശക്തിക്കും കേരളത്തില്‍ തലപൊക്കാന്‍ സാധിക്കില്ലെന്നും വി എസ് പറഞ്ഞു. ജി കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it