വിവാദങ്ങള്‍ക്കിടെ ചെന്നിത്തല അമേരിക്കയിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും പാര്‍ട്ടി നേതൃത്വത്തെയും പ്രതിക്കൂട്ടിലാക്കി ഹൈക്കമാന്‍ഡിന് കത്തയച്ചെന്ന വിവാദം കത്തുന്നതിനിടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിദേശയാത്രയ്ക്ക് പുറപ്പെട്ടു. ആഭ്യന്തരവകുപ്പിന്റെ ചുമതല മന്ത്രി ആര്യാടന്‍ മുഹമ്മദിന് കൈമാറിയാണ് ചെന്നിത്തല അമേരിക്കയിലേക്ക് പോയത്.
ഈമാസം 28 വരെയുള്ള അദ്ദേഹത്തിന്റെ ഔദ്യോഗിക പരിപാടികള്‍ മാറ്റിവച്ചതായി ആഭ്യന്തരമന്ത്രിയുടെ ഓഫിസ് അറിയിച്ചു. എ കെ ആന്റണിയുടെ ചികില്‍സയ്ക്കു വേണ്ടിയാണ് അദ്ദേഹത്തോടൊപ്പം ചെന്നിത്തലയും അമേരിക്കയിലേക്ക് യാത്രതിരിച്ചത്. ചെന്നിത്തലയുടെ കത്തിനെക്കുറിച്ചുള്ള വിവാദം നിലനില്‍ക്കേയാണ് ചുമതലകളില്‍ നിന്നും അവധിയെടുത്ത് വിദേശയാത്ര നടത്തുന്നതെന്നതും ശ്രദ്ധേയമാണ്. കത്തിനെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന കെപിസിസി നിര്‍വാഹകസമിതി യോഗം സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.
മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഹൈക്കമാന്റിന് കത്ത് നല്‍കിയെന്ന വാര്‍ത്ത കെപിസിസി നിര്‍വാഹകസമിതി യോഗത്തില്‍ ആഭ്യന്തരമന്ത്രി നിഷേധിച്ചിരുന്നു. എന്നാല്‍, രമേശ് ചെന്നിത്തലയുടെ ഇ-മെയില്‍ വിലാസത്തില്‍ നിന്നാണ് കത്ത് ലഭിച്ചതെന്നുള്ള സൂചനയാണ് എഐസിസി വൃത്തങ്ങള്‍ നല്‍കുന്നത്. സോണിയ ഗാന്ധിയെ അഭിസംബോധന ചെയ്തുള്ള കത്ത് സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിനാണ് അയച്ചത്. കത്തിനെക്കുറിച്ചും കേരളത്തിലെ രാഷ്ട്രീയസ്ഥിതിയെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി കഴിഞ്ഞദിവസം ചെന്നിത്തല ഡല്‍ഹിയില്‍ എത്തിയിരുന്നു. എന്നാല്‍, നാഷനല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്ക് കോടതിയില്‍ ഹാജരാവേണ്ടിയിരുന്നതിനാല്‍ ഈ കൂടിക്കാഴ്ച നടന്നില്ല.
Next Story

RELATED STORIES

Share it