വിവാദങ്ങളുടെ അന്തിമഫലം യുഡിഎഫിന് ഗുണകരമാവും: ഇ ടി മുഹമ്മദ് ബഷീര്‍

തിരുവനന്തപുരം: സോളാര്‍, ബാര്‍ വിഷയങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളുടെയും വിവാദങ്ങളുടെയും അന്തിമഫലം യുഡിഎഫിന് ഗുണകരമാവുമെന്ന് മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍. ഓരോ വിവാദവും കഴിയുമ്പോള്‍ യുഡിഎഫിന്റെ തിളക്കം വര്‍ധിക്കുകയും ഇടതുപക്ഷത്തിന്റെ മുഖം മ്ലാനമാവുകയും ചെയ്യുകയാണെന്നും അദ്ദേഹം വാര്‍ത്താസ—മ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
സിപിഎമ്മും അബ്കാരികളും യുഡിഎഫിനെതിരേ ഗൂഢാലോചന നടത്തിയെന്ന് തെളിഞ്ഞിരിക്കുകയാണ്. ബാറുടമയും അന്വേഷണ ഉദ്യോഗസ്ഥനും തമ്മില്‍ ഗൂഢാലോചന നടന്നുവെന്നതും അധികാരത്തിലെത്തിയാല്‍ പൂട്ടിയ ബാറുകള്‍ തുറക്കാമെന്ന് ബാറുടമകള്‍ക്ക് ഇടതുനേതാക്കള്‍ ഉറപ്പുനല്‍കിയതും ഇതിനോടകം പുറത്തുവന്നു. ഈ രണ്ടു സംഭവങ്ങളും കൂട്ടിവായിക്കണം. ഇതു സംബന്ധിച്ച് കൂടുതല്‍ ഗൂഢാലോചനകള്‍ പുറത്തുവരേണ്ടതുണ്ട്. എല്ലാ വിവരങ്ങളും പുറത്തുവരുമ്പോള്‍ ഊതിക്കാച്ചിയ പൊന്നുപോലെ യുഡിഎഫിന്റെ തിളക്കം വര്‍ധിക്കുമെന്നും ഇടതുപക്ഷം കൂടുതല്‍ പ്രതിരോധത്തിലാവുമെന്നും മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.
ബാര്‍ കോഴക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പിയും ബിജുരമേശും തമ്മില്‍ ഗൂഢാലോചന നടന്നുവെന്ന് തെളിയിക്കുന്ന സിഡിയിലെ വിവരങ്ങള്‍ ഗൗരവമുള്ളതാണ്. ബിജു രമേശ് പോലും സിഡിയിലെ കാര്യങ്ങള്‍ നിഷേധിച്ചിട്ടില്ല. കോട്ടയത്ത് കേരളയാത്രക്ക് സ്വീകരണം നല്‍കിയ ചടങ്ങില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെക്കുറിച്ച് കെ എം മാണി പറഞ്ഞ നല്ലവാക്കുകളെ ശരിയായ അര്‍ഥത്തില്‍ കാണണമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. യുഡിഎഫിലെ കക്ഷികളെക്കുറിച്ചും നേതാക്കളെക്കുറിച്ചും ഉയര്‍ന്നുവരുന്ന ആരോപണങ്ങളില്‍ യാതൊരു കഴമ്പുമില്ലെന്ന് മുസ്‌ലിം ലീഗിന് നല്ല ബോധ്യമുണ്ട്.
ലീഗിന്റെകൂടി പിന്തുണയോടെയാണ് പുതിയ മദ്യനയം സര്‍ക്കാര്‍ കൊണ്ടുവന്നത്. പി കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്രയുമായി കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെ യുഡിഎഫിലെ എല്ലാ കക്ഷികളും സഹകരിക്കുന്നുണ്ട്. യുഡിഎഫിന്റെ രാഷ്ട്രീയ സംസ്‌കാരമതാണ്. ഇടുങ്ങിയ ചിന്താഗതി ലീഗിനില്ല. യുഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല. യാത്രകളും നിയമസഭാ സമ്മേളനവും പൂര്‍ത്തിയായ ശേഷം യുഡിഎഫ് ചര്‍ച്ചകളിലേക്ക് കടക്കുമെന്നും ഇടി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it