kannur local

വിവാദം കത്തുംമുമ്പ് രാജി; ലീഗ് നടപടി ഗത്യന്തരമില്ലാതെ

കണ്ണൂര്‍: വനിതാലീഗ് നേതാവിന്റെ പരാതിയില്‍ വിവാദം കത്തും മുമ്പ് മുസ്്‌ലിം ലീഗ് നേതാവ് രാജിവച്ചത് ഗത്യന്തരമില്ലാതെ. മുസ്്‌ലിംലീഗ് അഴീക്കോട് മണ്ഡലം ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ കോര്‍പറേഷനിലെ കക്കാട് ഡിവിഷന്‍ കൗണ്‍സിലറുമായ കെ പി എ സലീമാണ് കഴിഞ്ഞ ദിവസം രാത്രി രാജിവച്ചത്. വനിതാ ലീഗ് നേതാവും പാപ്പിനിശ്ശേരി ഗ്രാമപ്പഞ്ചായത്തംഗവുമായ യുവതി ഇക്കഴിഞ്ഞ ആഗസ്ത് 28നാണു പരാതി നല്‍കിയത്. സലീം തന്നെ മറ്റൊരു തലത്തിലാണ് കണ്ടതെന്നും പല രാത്രികളിലും ദുരുദ്ധേശ്യത്തോടെ വീട്ടില്‍ വന്നതായും പരാതിയില്‍ പറഞ്ഞിരുന്നു. മാത്രമല്ല, ഉദ്ദേശ്യം നടക്കാതായപ്പോള്‍ വാര്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെ സഹായിച്ച പഞ്ചായത്ത് മുസ്്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റിനെ ചേര്‍ത്ത് അപവാദങ്ങള്‍ പ്രചരിപ്പിച്ചതായും പരാതിയുണ്ടായിരുന്നു. വനിതാലീഗ് ജില്ലാ പ്രവര്‍ത്തക സമിതിയംഗവും അഴീക്കോട് മണ്ഡലം പ്രതിനിധിയുമായ യുവതി തന്റെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ മുസ്്‌ലിംലീഗ് ജില്ലാ കമ്മിറ്റി, അഴീക്കോട് മണ്ഡലം കമ്മിറ്റി, പാപ്പിനിശ്ശേരി പഞ്ചായത്ത് കമ്മിറ്റി, വനിതാ ലീഗ് ജില്ലാ കമ്മിറ്റി, മണ്ഡലം കമ്മിറ്റി എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് മുസ്്‌ലിംലീഗ് മണ്ഡലം കമ്മിറ്റി അഞ്ചംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. എന്നാാല്‍, രാഷ്ട്രീയ ഗൂഢാലോചനയെന്നു പറഞ്ഞ് പാര്‍ട്ടി പത്രത്തിലുള്‍പ്പെടെ നിഷേധക്കുറിപ്പിറക്കിയെങ്കിലും യുവതി പരാതിയില്‍ ഉറച്ചുനിന്നതോടെ നേതൃത്വം ഇടപെട്ട് അടിയന്തിരമായി മണ്ഡലം കമ്മിറ്റി യോഗം വിളിച്ച് രാജിക്കത്ത് എഴുതിവാങ്ങുകയായിരുന്നു. പാര്‍ട്ടിതലത്തില്‍ നല്‍കിയ പരാതിയില്‍ നടപടിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോവുമെന്ന നിലപാടിലായിരുന്നു പരാതിക്കാരി. ഇതോടെ, ലീഗ് നേതൃത്വം സമവായനീക്കവുമായി രംഗത്തുവന്നെങ്കിലും മണ്ഡലം കമ്മിറ്റിയിലെ ഒരു വിഭാഗം പരാതിക്കാരിക്ക് പൂര്‍ണ പിന്തുണ നല്‍കിയതോടെ സലീമിന്റെ പ്രതിരോധമെല്ലാം പാളി. വനിതാ ലീഗ് നേതൃത്വം അയഞ്ഞ നിലപാട് സ്വീകരിച്ച് വിശദീകരണം തേടുമെന്ന് അറിയിച്ചിരുന്നെങ്കിലും അതിനു മുമ്പ് തന്നെ ലീഗ് നേതൃത്വം ഇടപെട്ട് പ്രശ്‌നം വഷളാനാതെ രാജിക്കത്ത് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സലീമിനു പകരക്കാരമായി മണ്ഡലം മുസ്‌ലിംലീഗ് ആക്റ്റിങ് ജനറല്‍ സെക്രട്ടറിയായി ബി കെ അഹമ്മദ് ചാലാടിനെയാണ് നാമനിര്‍ദേശം ചെയ്തിട്ടുള്ളത്. പരാതിയുടെ അടിസ്ഥാനത്തില്‍ അഴീക്കോട് മണ്ഡലം പ്രസിഡന്റ് കെ വി ഹാരിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ കമ്മീഷന്‍ നല്‍കിയ റിപോര്‍ട്ടും സലീമിനെതിരേയായിരുന്നു.
Next Story

RELATED STORIES

Share it