Flash News

വിവരാവകാശ നിയമം 2015 - രേഖ പകര്‍പ്പിന് എത്ര തുക വേണം : വ്യക്തതയില്ലാതെ അധികൃതര്‍

വിവരാവകാശ നിയമം 2015 - രേഖ പകര്‍പ്പിന് എത്ര തുക വേണം : വ്യക്തതയില്ലാതെ അധികൃതര്‍
X


പാലക്കാട്: വിവരാവകാശ നിയമപ്രകാരം ലഭിക്കേണ്ട രേഖകളുടെ പകര്‍പ്പിന് ഈടാക്കേണ്ട തുക സംബന്ധിച്ച് വ്യക്തതയില്ലാതെ രജിസ്‌ട്രേഷന്‍ വകുപ്പ്. നിശ്ചിത കാലയളവില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം നടത്തിയ വിവാഹങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പിനാണ് വ്യത്യസ്ത തുക അറിയിച്ച് പാലക്കാട്ടെ വിവിധ സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയത്. വിവരാവകാശ നിയമം 2015 പ്രകാരം രേഖകളുടെ പകര്‍പ്പിന് ഓരോ എ-4 ഷീറ്റിന് 2 രൂപ മാത്രമേ ഈടാക്കാനാവൂ. എന്നാല്‍ 200 രൂപ, 100 രൂപ എന്നിങ്ങനെ വ്യത്യസ്ത തുക രേഖപ്പെടുത്തിയാണ് മറുപടിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 2010 ജനുവരി 1 മുതല്‍ 2017 ആഗസ്ത് 31 വരെ പാലക്കാട്ടെ 23 സബ് രജിസ്ട്രാര്‍ ഓഫിസുകള്‍ക്കു കീഴില്‍ നടന്ന വിവാഹങ്ങളുടെ എണ്ണവും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ആവശ്യപ്പെട്ട് പാലക്കാട് കല്‍പാത്തി സ്വദേശി എ ഖാജാ ഹുസൈന്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്കു ലഭിച്ച മറുപടിയിലാണ് വൈരുദ്ധ്യമുള്ളത്. അപേക്ഷ പ്രകാരം ആവശ്യപ്പെട്ട വിവരങ്ങള്‍ വ്യത്യസ്ത ഓഫിസുകള്‍ക്കു കീഴില്‍ വരുന്നതായതിനാല്‍ പ്രസ്തുത സബ് രജിസ്ട്രാര്‍ ഓഫിസുകളുമായി ബന്ധപ്പെടാന്‍ നിര്‍ദേശിക്കുന്ന പാലക്കാട് ജില്ലാ രജിസ്ട്രാര്‍ ഓഫിസിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറുടെ മറുപടിയില്‍ ഓരോ എ-4 ഷീറ്റിനും 200 രൂപയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, അപേക്ഷയ്ക്ക് സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ നിന്നു ലഭിച്ച മറുപടിയില്‍ രേഖപ്പെടുത്തിയിരിക്കുന്ന തുകയിലും വൈരുദ്ധ്യം പ്രകടമാണ്. കുമരനെല്ലൂര്‍ പറളി, അലനല്ലൂര്‍, കൊടുവായൂര്‍, ഒറ്റപ്പാലം, കൊഴിഞ്ഞാമ്പാറ എന്നീ സബ് രജിസ്ട്രാര്‍ ഓഫിസില്‍ നിന്നു രേഖാമൂലം ലഭിച്ച മറുപടി പ്രകാരം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പിന് ഓരോന്നിനും 100 രൂപയാണ് ഫീസ്. അതേസമയം, ഇതേ അപേക്ഷയ്ക്ക് കുഴല്‍മന്ദം സബ് രജിസ്ട്രാര്‍ ഓഫിസില്‍ നിന്നു ലഭിച്ച മറുപടിയില്‍ മാത്രമാണ് വിവരാവകാശ നിയമം അനുശാസിക്കുന്ന തുകയായ രണ്ടു രൂപയെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, രജിസ്ട്രാര്‍ ഓഫിസില്‍ ആധാരങ്ങളുടെ പകര്‍പ്പിന് ഈടാക്കുന്ന കണക്കു പ്രകാരമാണ് അപേക്ഷയ്ക്ക് മറുപടി നല്‍കിയതെന്നാണ് ഇതിനെക്കുറിച്ച് അന്വേഷണത്തിനു ജില്ലാ രജിസ്ട്രാറുടെ കാര്യാലയത്തില്‍ നിന്നുള്ള മറുപടി.
Next Story

RELATED STORIES

Share it