വിവരം നല്‍കുന്നതിനു പൗരത്വം തെളിയിക്കണമെന്ന് എന്‍ഐഎ

വിവരം നല്‍കുന്നതിനു പൗരത്വം തെളിയിക്കണമെന്ന് എന്‍ഐഎ
X
Identity

തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ഉത്തരം നല്‍കണമെങ്കില്‍ ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കുന്ന സത്യവാങ്മൂലം നല്‍കണമെന്ന് കൊച്ചിയിലെ എന്‍ഐഎ കോടതി. കേരളത്തിലെ എന്‍ഐഎ കോടതി സ്ഥാപിച്ചത് എപ്പോഴാണെന്നും ഏതൊക്കെ കേസുകളാണ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലുള്ളതെന്നുമുള്ള ചോദ്യത്തിന് മറുപടി ലഭിക്കണമെങ്കിലാണ് പൗരത്വം തെളിയിക്കുന്ന രേഖ വേണമെന്ന് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകനും നാഷനല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റസ് (എന്‍സിഎച്ച്ആര്‍ഒ) ദേശീയ സെക്രട്ടറിയുമായ റെനി ഐലിനോടാണ് എന്‍ഐഎ കോടതി പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കേരളത്തിലെ എന്‍ഐഎ കോടതി സ്ഥാപിതമായത് എപ്പോള്‍? എത്ര കേസുകള്‍ ഇതുവരെ വിചാരണ ചെയ്ത് തീര്‍പ്പാക്കിയിട്ടുണ്ട്? തീര്‍പ്പാക്കിയ കേസുകള്‍ ഏതൊക്കെ? ഇപ്പോള്‍ വിചാരണ ചെയ്യുന്ന കേസുകള്‍ ഏതൊക്കെ? ഇനി വിചാരണ തുടങ്ങാനിരിക്കുന്ന കേസുകള്‍ ഏതൊക്കെ? എന്നിവയായിരുന്നു റെനി ഐലിന്‍ തേടിയ വിവരങ്ങള്‍.
ഈ മാസം ഒമ്പതിന് ലഭിച്ച ചോദ്യത്തിന് 16നാണ് എന്‍ഐഎ കോടതി പബ്ലിക് ഇന്‍ഫര്‍മേന്‍ ഓഫിസര്‍ മറുപടി അയച്ചത്. ദേശസുരക്ഷയുമായി ബപ്പെട്ടതെന്ന് വ്യാഖ്യാനിച്ചു ചില വിവരങ്ങള്‍ നല്‍കുന്നതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വിസമ്മതം പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍, എത്ര കേസുകള്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നും ഏതൊക്കെ കേസുകളില്‍ വിചാരണ പൂര്‍ത്തിയായെന്നുമുള്ള ചോദ്യത്തിന് മറുപടി നല്‍കുന്നതിനാണ് പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ടത്.
വിവരാവകാശ നിയമം വകുപ്പ് 3 (എഫ്എക്യുഎസ് 1.2) പ്രകാരം ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കണമെന്നാണ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നല്‍കിയ മറുപടിയില്‍ പറയുന്നത്. വിവരങ്ങള്‍ ഒന്നും രഹസ്യമല്ലെന്നിരിക്കെയാണ് കോടതിയുടെ മറുപടി. എന്നാല്‍, നിയമ പോരാട്ടവുമായി മുന്നോട്ട് പോവുമെന്നു റെനി ഐലിന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it