വിവരാവകാശ അപേക്ഷകന്‍ ഇന്ത്യന്‍ പൗരത്വം തെളിയിക്കണം

ന്യൂഡല്‍ഹി: വിവരാവകാശ അപേക്ഷകനോട് ഇന്ത്യക്കാരനാണെന്നതിനു തെളിവ് ഹാജരാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ കാണാതായ ഫയലുകളെക്കുറിച്ചന്വേഷിച്ച ഏകാംഗ കമ്മീഷന്റെ റിപോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട സാമൂഹികപ്രവര്‍ത്തകന്‍ അജയ് ദുബെയോടാണ് ഇന്ത്യന്‍ പൗരനാണെന്നു തെളിയിക്കാന്‍ മന്ത്രാലയം ആവശ്യപ്പെട്ടത്.
വിവരാവകാശ നിയമപ്രകാരം അപേക്ഷകന്‍ ഇന്ത്യന്‍ പൗരനാവണമെന്ന നിയമമുണ്ടെങ്കിലും അപേക്ഷയോടൊപ്പം പൗരത്വരേഖ സമര്‍പ്പിക്കണമെന്ന് നിര്‍ദേശമില്ല. അപേക്ഷകന്റെ പൗരത്വത്തില്‍ സംശയമുണ്ടെങ്കില്‍ മാത്രമേ അപൂര്‍വമായി വിവരാവകാശ ഉദ്യോഗസ്ഥന്‍ പൗരത്വത്തിന് തെളിവ് ആവശ്യപ്പെടാറുള്ളൂ. അന്വേഷണക്കമ്മീഷന്റെ റിപോര്‍ട്ടിന്റെ പകര്‍പ്പിനോടൊപ്പം കമ്മീഷനായ മുതിര്‍ന്ന ഐഎഎസ് ഓഫിസര്‍ ബി കെ പ്രസാദിന്റെ സേവനകാലാവധി നീട്ടിക്കൊടുത്തതിന്റെ രേഖകളും ദുബെ ആവശ്യപ്പെട്ടിരുന്നു. മെയ് 31നു വിരമിക്കേണ്ടിയിരുന്ന പ്രസാദിന് ജൂലൈ 31 വരെയാണു സേവനകാലം നീട്ടിക്കൊടുത്തത്. വിവരം മറച്ചുവയ്ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണിതെന്നു ദുബെ ആരോപിച്ചു. ഇന്ത്യന്‍ പൗരത്വത്തിന്റെ തെളിവ് ആവശ്യപ്പെടുന്നതു നിരുല്‍സാഹപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ അംഗങ്ങള്‍ ശക്തിയായി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കേസിലെ കാണാതായ ഫയലുകളെ കുറിച്ചന്വേഷിക്കാന്‍ കേന്ദ്രം കമ്മീഷനെ നിയോഗിച്ചത്. 2004ലാണ് ഗുജറാത്തില്‍ 19കാരിയായ ഇശ്‌റത് ജഹാനും മറ്റു മൂന്നുപേരും വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
Next Story

RELATED STORIES

Share it