Flash News

വിവരാവകാശനിയമത്തില്‍ അട്ടിമറി ഉത്തരവ് അഴിമതിക്കാരെ സംരക്ഷിക്കാനെന്ന് ആക്ഷേപം

വിവരാവകാശനിയമത്തില്‍ അട്ടിമറി ഉത്തരവ് അഴിമതിക്കാരെ സംരക്ഷിക്കാനെന്ന് ആക്ഷേപം
X
RTI



തിരുവനന്തപുരം: വിവരാവകാശ നിയമം അട്ടിമറിച്ച് വിജിലന്‍സിനെ പരിധിയില്‍നിന്ന് ഒഴിവാക്കിയുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഉത്തരവ് അഴിമതിക്കാരെ സംരക്ഷിക്കാനെന്ന് വിവരാവകാശ പ്രവര്‍ത്തകര്‍.
മന്ത്രിമാര്‍, മുന്‍മന്ത്രിമാര്‍, നിയമസഭ- പാര്‍ലമെന്റ് അംഗങ്ങള്‍, അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേരില്‍ വിജിലന്‍സ് ഡയറക്റ്റര്‍ ആസ്ഥാനത്തെ ടോപ് സീക്രട്ട് സെക്ഷന്‍ അന്വേഷിച്ചതോ അന്വേഷണം നടത്തുന്നതോ ആയ ഒരു കേസിന്റെയും വിവരങ്ങള്‍ ഇനി വിവരാവകാശ നിയമപ്രകാരം ലഭിക്കില്ല. ജനുവരി 27നാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
[related]വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയിലെ അതീവ രഹസ്യ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളാണ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയത്. ഇതോടെ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയിലെ ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമല്ലാതാവും.
രാജ്യസുരക്ഷ, രഹസ്യാന്വേഷണ സംവിധാനങ്ങള്‍, സൈനിക രഹസ്യങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കുന്ന വകുപ്പുകളുടെ മറപിടിച്ചാണ് അഴിമതി കേസുകള്‍ അന്വേഷിക്കുന്ന വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.
വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 24 സബ് സെക്ഷന്‍ നാല് പ്രകാരം രാജ്യരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കേണ്ടതില്ല. എന്നാല്‍, ഇത് അഴിമതിക്കേസുകള്‍ക്ക് ബാധകമാക്കുന്നതു ദുരൂഹമാണെന്നാണ് ആക്ഷേപം ഉയരുന്നത്. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യസുരക്ഷയെ ബാധിക്കുന്നതല്ലെന്ന് വിവരാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. അഴിമതി തടയുകയും അഴിമതിക്കേസുകള്‍ അന്വേഷിക്കുകയുമാണ് വിജിലന്‍സിന്റെ ഉത്തരവാദിത്തം. ഉന്നതരുടെ പേരിലുള്ള അഴിമതിക്കേസുകളില്‍ സിബിഐക്കോ ലോകായുക്ത തുടങ്ങിയ ഏജന്‍സികള്‍ക്കോ വിജിലന്‍സ് നല്‍കുന്ന രേഖകളുടെ പകര്‍പ്പും ഇനി ലഭിക്കില്ല. കൂടാതെ മുന്‍ എംഎല്‍എമാര്‍, വിരമിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേരിലുള്ള അഴിമതിക്കേസുകളുടെ വിവരങ്ങളും പുതിയ നിയമം അനുസരിച്ച് ഇനി ലഭിക്കില്ല. വിവരാവകാശ നിയമത്തിന്റെ അന്തസ്സത്തയെ തകര്‍ക്കുന്നതാണ് പുതിയ ഉത്തരവെന്ന് വിവരാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.
മന്ത്രിസഭയുടെ അഴിമതികള്‍ മൂടിവയ്ക്കാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ വിജ്ഞാപനം ഇറക്കിയിരിക്കുന്നതെന്ന ആരോപണം ഇതിനകം ശക്തമായിട്ടുണ്ട്. വിവരാവകാശ നിയമത്തില്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ വകുപ്പ് ദുരുപയോഗം ചെയ്ത് മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍, സിവില്‍ സര്‍വീസ് ഉദ്യേഗസ്ഥര്‍ എന്നിവരുടെ പേരിലുള്ള വിജിലന്‍സ് അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ തടഞ്ഞുവയ്ക്കുന്നതിനെതിരേ വിമര്‍ശനം ശക്തമായിട്ടുണ്ട്.
Next Story

RELATED STORIES

Share it