ernakulam local

വിവരശേഖരണത്തിനായി മൊബൈല്‍ ആപ്പുമായി തദ്ദേശ സ്വയംഭരണ വകുപ്പ്‌

കൊച്ചി: പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന വീടുകളുടെയും കടകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും നാശനഷ്ടങ്ങളുടെ ഡിജിറ്റല്‍ അടിസ്ഥാന വിവര ശേഖരണം നടത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി. നാശനഷ്ടം സംഭവിച്ചിട്ടുള്ളവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നത് ഈ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. വിവരശേഖരണവും ക്രോഡീകരണവും പരിശോധനയും എല്ലാം കംപ്യൂട്ടര്‍ അധിഷ്ഠിതമായാണ് പൂര്‍ത്തീകരിക്കുന്നത്. ദുരന്തബാധിതമായ കെട്ടിടങ്ങളുടെ നിലവിലെ സ്ഥിതി ഫോട്ടോ അടക്കം ഐടി മിഷന്‍ തയ്യാറാക്കിയ മൊബൈല്‍ ആപ്പ് വഴിയാണ് രേഖപ്പെടുത്തേണ്ടത്. ഇങ്ങനെ തയ്യാറാക്കുന്ന വിവരശേഖരണം തദ്ദേശ സ്വയംഭരണ സ്ഥാപനതല എന്‍ജിനീയര്‍മാരും അവരെ സഹായിക്കാനായി രൂപീകരിക്കുന്ന പ്രാദേശിക സാങ്കേതിക വിദഗ്ധരും അടങ്ങുന്ന പാനലിനെ ഏല്‍പ്പിക്കും. അവര്‍ നേരിട്ട് നടത്തുന്ന പരിശോധനയുടെയും നാശനഷ്ട വിലയിരുത്തലിന്റെയും അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നഷ്ടപരിഹാരം അനുവദിക്കും. പതിനഞ്ച് മുതല്‍ എഴുപത്തിയഞ്ച് ശതമാനവും അതിന് മുകളിലും വരെ അഞ്ച് വിഭാഗമായാണ് നാശനഷ്ടത്തിന്റെ തോത് വിലയിരുത്തുന്നത്. ഇതില്‍ തര്‍ക്കമുണ്ടായാല്‍ ജില്ലാ കലക്ടര്‍ക്ക് അപ്പീല്‍ നല്‍കാം. ആഗോള തലത്തില്‍ ഉപയോഗിച്ച് കാര്യക്ഷമത ഉറപ്പാക്കിയിട്ടുള്ള ഓപ്പണ്‍ സോഴ്‌സ് ക്രൗഡ് സോഴ്‌സിങ് പ്ലാറ്റ്‌ഫോമുകള്‍ അടിസ്ഥാനമാക്കിയാണ് മൊബൈല്‍ ആപ്പ് തയ്യാറാക്കുന്നത്. വിവര ശേഖരണത്തിന് സന്നദ്ധരായ വോളണ്ടയര്‍മാര്‍ക്ക് ംംം. ്ീഹൗിലേലൃ.െൃലയൗശഹറ.സലൃമഹമ.ഴീ്.ശി എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനും പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന മേഖല രേഖപ്പെടുത്താനും സാധിക്കും. ഇവര്‍ക്ക് മാത്രമേ നാശനഷ്ടം സംബന്ധിച്ച വിവരങ്ങള്‍ ആപ്പിലേക്ക് അപ്‌ലോഡ് ചെയ്യാന്‍ കഴിയൂ. ഗുണഭോക്താവിനെ എളുപ്പം കണ്ടെത്താനായി ജിയോ ടാഗിങ് ഉപയോഗപ്പെടുത്തി സ്ഥലത്തിന്റെ ലൊക്കേഷനും ഫോട്ടോയും ആപ്പില്‍ നല്‍കാനാവും. നിര്‍മാണ പ്രവൃത്തിയുടെ പുരോഗതി വിലയിരുത്താനും ആപ്പിലൂടെ സാധിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ‘റീബില്‍ഡ് കേരള ഐടി മിഷന്‍’ എന്ന് തിരഞ്ഞാല്‍ ആപ്പ് ലഭിക്കും. പ്രളയം കൂടുതലായി ബാധിച്ച ചേന്ദമംഗലം, ചിറ്റാറ്റുകര, ആലങ്ങാട്, കാലടി, കുന്നുകര, പുത്തന്‍വേലിക്കര, പാറക്കടവ് തുടങ്ങിയ പഞ്ചായത്തുകളിലേക്കാണ് കൂടുതല്‍ വോളണ്ടിയര്‍മാരെ ആവശ്യമുള്ളത്. പരമാവധി അഞ്ച് പ്രദേശങ്ങള്‍ വരെ ഒരു വോളണ്ടിയര്‍ക്ക് തിരഞ്ഞെടുക്കാം. പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ക്ക് നല്‍കുന്ന പരിശീലനം വ്യാഴാഴ്ച പൂര്‍ത്തിയാവും. ഇവരാണ് വോളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നത്. വിവരശേഖരണം നടത്തുന്ന സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും സംവിധാനങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഇവര്‍ക്കായുള്ള പ്രാദേശികമായ സഹായങ്ങള്‍ ഇന്‍ഫോര്‍മേഷന്‍ കേരള മിഷന്റെ ടെക്‌നിക്കല്‍ വിഭാഗമാണ് നല്‍കേണ്ടത്. ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധിയും സെക്രട്ടറിയും ചേര്‍ന്ന് ക്രമീകരിക്കണം. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സംസ്ഥാന ആസൂത്രണ ബോര്‍ഡ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സ്റ്റാര്‍ട്ട് അപ് മിഷന്‍, കില എന്നിവയിലെ ഉദ്യോഗസ്ഥരടങ്ങിയ സംസ്ഥാനതല സമിതി രൂപീകരിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it