Kottayam Local

വിവരങ്ങള്‍ ഫയലായി സൂക്ഷിച്ചിട്ടില്ലെന്ന് സബ് രജിസ്ട്രാര്‍

പീരുമേട്: വിവരാവകാശ അപേക്ഷയില്‍ മുട്ടാപ്പോക്ക് മറുപടിയുമായി സബ് രജിസ്ട്രാര്‍. അപേക്ഷയില്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ ഫയലായി സൂക്ഷിച്ചിട്ടില്ലെന്നാണ് മറുപടി. വണ്ടിപ്പെരിയാര്‍ മുല്ലയ്ക്കല്‍ എം കെ നിസാമുദ്ദീന്‍ നല്‍കിയ അപേക്ഷയിലാണ് പീരുമേട് സബ് രജിസ്ട്രാര്‍ അവ്യക്തമായ മറുപടി നല്‍കിയിരിക്കുന്നത്. 2010 ജനുവരിമുതല്‍ 2017 ഒക്ടോബര്‍ വരെ പീരുമേട് സബ് രജിസ്ട്രാര്‍ ഓഫിസില്‍ സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള വിവരങ്ങളാണ് ആവശ്യപ്പെട്ടത്. ഇതിനുള്ള മറുപടിയായി ആദ്യം നല്‍കിയ മറുപടി ഇങ്ങനെ: വിവരങ്ങള്‍ തിരയുന്നതിന് ഓരോവര്‍ഷവും 100 രൂപ ക്രമത്തില്‍ എട്ടുവര്‍ഷത്തേക്ക് 800 രൂപ ഫീസ് ഓഫിസില്‍ അടക്കണം. തുടര്‍ന്ന് നിസാമുദ്ദീന്‍ 800 രൂപ ഫീസ് കെട്ടി. ഇതിനുള്ള മറുപടി  1, സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം നടന്ന വിവാഹങ്ങള്‍ ഫോര്‍ത്ത് ഷെഡ്യൂള്‍ 946, ഫിഫ്ത്ത് ഷെഡ്യൂള്‍ 65. മറുപടി 2 താങ്കള്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ ഒരു ഫയലായി ഈ ഓഫിസില്‍ സൂക്ഷിച്ചിട്ടില്ലാത്തതിനാല്‍ നിയമപ്രകാരം നല്‍കാന്‍ നിവൃത്തിയില്ല. നമ്പര്‍ ഒന്നില്‍ സൂചിപ്പിച്ച വിവരങ്ങളുടെ കോപ്പി ആവശ്യമെങ്കില്‍ ഓരോ കോപ്പിക്കും 100 രൂപ ക്രമത്തില്‍ ഫീസ് അടയ്ക്കണം  എന്നാണ്. രേഖാമൂലമുള്ള മറുപടിയിലൂടെ ഓഫിസില്‍ ഫയല്‍ സൂക്ഷിച്ചിട്ടില്ല എന്ന ഗുരുതരമായ കൃത്യവിലോപമാണ് സബ് രജിസ്ട്രാര്‍ നടത്തിയിട്ടുള്ളത്. ഒപ്പം ഓരോ കോപ്പിക്കും 100 രൂപ നല്‍കണം എന്നുമുണ്ട്. വിവരാവകാശ അപേക്ഷയ്ക്കുള്ള ഓരോ പകര്‍പ്പിനും രണ്ടു രൂപ നല്‍കിയാല്‍ മതിയെന്ന നിയമം ഉണ്ടെന്നിരിക്കേയാണ് ഓരോ കോപ്പിക്കും 100 രൂപ ആവശ്യപ്പെത്. മേല്‍ രേഖകള്‍  വിവരാവകാശ നിയമത്തിന്റെ കീഴില്‍ വരില്ലെന്നും രജിസ്‌ട്രേഷന്‍ നിയമമാണ് ബാധകമെന്നുമാണ് സബ് രജിസ്ട്രാറുടെ വാദം. എന്നാല്‍, വിവരങ്ങള്‍ നല്‍കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും നേരിട്ടു വന്ന് നിയമാനുസൃത ഫീസ് അടച്ചാല്‍ ഫയലുകള്‍ പരിശോധിക്കാന്‍ നല്‍കുമെന്നും ഇന്നലെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സബ് രജിസ്ട്രാര്‍ തേജസിനോട് പറഞ്ഞു. അപേക്ഷകനെ വലയ്ക്കുന്ന രീതിയില്‍ മറുപടി നല്‍കിയ സബ് രജിസ്ട്രാര്‍ ഓഫിസര്‍ക്കെതിരേ ജില്ലാ രജിസ്ട്രാര്‍ക്കും സംസ്ഥാന വിവരാവകാശ കമ്മീഷനും പരാതി നല്‍കാന്‍ ഒരുങ്ങുകയാണു നിസാമുദ്ദീന്‍.
Next Story

RELATED STORIES

Share it