വിവരങ്ങള്‍ ചൈന വീണ്ടും കൈമാറാന്‍ തുടങ്ങി

ന്യൂഡല്‍ഹി: ബ്രഹ്മപുത്ര, സത്‌ലജ് നദികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ത്യയുമായി പങ്കുവയ്ക്കുന്നതു ചൈന പുനരാരംഭിച്ചു. ജലവിഭവ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചതാണ് ഇക്കാര്യം.
ബ്രഹ്മപുത്രയുമായും സത്‌ലജുമായും ബന്ധപ്പെട്ട വിവരങ്ങള്‍ യഥാക്രമം മെയ് 15 മുതലും ജൂണ്‍ ഒന്നു മുതലുമാണു കൈമാറാന്‍ തുടങ്ങിയത്. ഒക്ടോബര്‍ വരെ ദിവസവും രണ്ടുതവണ വിവരങ്ങള്‍ കൈമാറും. മൂന്ന് ഹൈഡ്രോളജിക്കല്‍ സ്‌റ്റേഷന്‍ വഴിയാണ് വിവരങ്ങള്‍ കൈമാറുന്നത്.
വെള്ളപ്പൊക്കം മൂലം ഹൈഡ്രോളജിക്കല്‍ സ്‌റ്റേഷനുകള്‍ തകര്‍ന്നതു മൂലവും ദോക്‌ലാം പ്രതിസന്ധി കാരണവും വിവരങ്ങള്‍ കൈമാറുന്നത് ചൈന കഴിഞ്ഞവര്‍ഷം നിര്‍ത്തിവച്ചിരുന്നു. തിബത്തില്‍ നിന്ന് ഉല്‍ഭവിക്കുന്ന ബ്രഹ്മപുത്ര, അരുണാചല്‍പ്രദേശ് വഴിയാണു ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കു വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നതിനു ചൈനയുടെ വിവരങ്ങള്‍ പ്രധാനമാണെന്നു ജലവിഭവ മന്ത്രാലയം പറഞ്ഞു. ഈ രണ്ട് സുപ്രധാന നദികളുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ഒരു കോടി രൂപ വര്‍ഷത്തില്‍ ചൈനയ്ക്ക് ഇന്ത്യ നല്‍കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ച ഇന്ത്യയും ചൈനയും തമ്മില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ബ്രഹ്മപുത്ര നദിയുടെ വിവരങ്ങള്‍ കൈമാറുന്നതു സംബന്ധിച്ച ഉടമ്പടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും ഒപ്പുവച്ചിരുന്നു.
Next Story

RELATED STORIES

Share it