World

വിവരം ചോര്‍ത്തല്‍: കനേഡിയന്‍ കമ്പനിക്ക് ഫേസ്ബുക്ക് വിലക്ക്‌

ലോസ് ആഞ്ചലസ്: ഉപഭോക്താക്കളുടെ വിവരം ചോര്‍ത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് കനേഡിയന്‍ കമ്പനി അഗ്രിഗേറ്റ് ഐക്യുവിനെ ഫേസ്ബുക്ക് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതില്‍ നിന്നു വിലക്കി. നേരത്തേ ലണ്ടന്‍ ആസ്ഥാനമായ കാംബ്രിജ് അനലിറ്റിക്കയെയും ഫേസ്ബുക്ക് തങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതില്‍ നിന്നു വിലക്കിയിരുന്നു.
കാംബ്രിജ് അനലിറ്റിക്കയുമായി അഗ്രിഗേറ്റ് ഐക്യുവിന് ബന്ധമുള്ളതായി ഫേസ്ബുക്ക് പ്രതികരിച്ചു. ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ അവര്‍ ചോര്‍ത്തിയെടുത്തതായികണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് അവരെ വിലക്കിയതെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. സംഭവത്തില്‍ ഫേസ്ബുക്ക് അന്വേഷണം നടത്തിയിരുന്നു.
കാംബ്രിജ് അനലിറ്റിക്ക വിവരച്ചോര്‍ച്ചയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തെത്തിച്ച വിസില്‍ ബ്ലോവര്‍ ക്രിസ് വൈലി അഗ്രിഗേറ്റ് ഐക്യുവിനെക്കുറിച്ചും വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. വിവരച്ചോര്‍ച്ച കേസില്‍ ബ്രിട്ടിഷ് എംപിമാരുടെ സമിതിക്കു മുമ്പാകെ മൊഴി നല്‍കിയപ്പോഴായിരുന്നു വൈലിയുടെ വെളിപ്പെടുത്തല്‍. കാംബ്രിജ് അനലിറ്റിക്കയുമായി അഗ്രിഗേറ്റ് ഐക്യു സഹകരിച്ചിരുന്നതായും ഫേസ്ബുക്ക് വഴി ചോര്‍ത്തിയ വിവരങ്ങള്‍ ഇരു കമ്പനികളും പങ്കുവച്ചിരുന്നതായും വൈലി എംപിമാരുടെ സമിതിക്ക് മൊഴി നല്‍കിയിരുന്നു.
യൂറോപ്യന്‍ യൂനിയനില്‍ നിന്നുള്ള ബ്രിട്ടന്റെ വേര്‍പിരിയലിനായുള്ള പ്രചാരണങ്ങള്‍ക്ക് ഈ വിവരങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നതായും വൈലി മൊഴി നല്‍കിയിരുന്നു. എന്നാല്‍, കാംബ്രിജ് അനലിറ്റിക്കയുമായി ബന്ധമുണ്ടെന്ന ആരോപണം അഗ്രിഗേറ്റ് ഐക്യു തള്ളിയിരുന്നു. കാംബ്രിജ് ബന്ധം നിഷേധിച്ച് കമ്പനി വാര്‍ത്താക്കുറിപ്പും പുറത്തിറക്കിയിരുന്നു.
കാംബ്രിജ് അനലിറ്റിക്കയുടേതിനു സമാനമായ കൂടുതല്‍ വിവരച്ചോര്‍ച്ചകള്‍ക്ക് സാധ്യതയുള്ളതായി ഫേസ്ബുക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഷെറില്‍ സാന്‍ഡ്ബര്‍ഗ്. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗ് കഴിഞ്ഞാല്‍ സ്ഥാപനത്തിലെ രണ്ടാം സ്ഥാനത്തുള്ള ഉദ്യോഗസ്ഥയാണ് സാന്‍ഡ്ബര്‍ഗ്.
വിവരച്ചോര്‍ച്ച സംബന്ധിച്ചു ഫേസ്ബുക്ക് പരിശോധിച്ചു വരുകയാണെന്നും എന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ സാന്‍ഡ്ബര്‍ഗ് വ്യക്തമാക്കി. ഉപഭോക്താക്കളുടെ വിവരങ്ങളാണ് ഫേസ്ബുക്കിന്റെ ജീവനെന്നും ആ വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പരസ്യങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഫേസ്ബുക്ക് സേവനത്തിനായി ഉപഭോക്താക്കള്‍ പണം നല്‍കേണ്ടിവരുമെന്നും അവര്‍ അഭിമുഖത്തില്‍ സൂചിപ്പിച്ചു.
Next Story

RELATED STORIES

Share it