വിഴിഞ്ഞം: വ്യക്തികളെ കുറ്റക്കാരായി കാണാനാവില്ലെന്ന്‌

കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനുള്ള കരാര്‍ നടപടികള്‍ കേന്ദ്ര നിര്‍ദേശങ്ങളുടെയും സര്‍ക്കാരിന്റെ കൂട്ടായ തീരുമാനത്തിന്റെയും അടിസ്ഥാനത്തിലായിരുന്നതിനാല്‍ വ്യക്തികളെ കുറ്റക്കാരായി കാണാനാവില്ലെന്ന് അന്വേഷണ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍. സിറ്റിങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദംകേള്‍ക്കുന്നതിനിടെയായിരുന്നു കമ്മീഷന്റെ നിരീക്ഷണം. വിഴിഞ്ഞം തുറമുഖം നിര്‍മാണത്തിനായി കേന്ദ്രനിര്‍ദേശങ്ങള്‍ പാലിക്കുന്ന കരാര്‍ വ്യവസ്ഥകളില്‍ പിന്നീടെപ്പോഴെങ്കിലും മാറ്റംവരുത്തിയിട്ടുണ്ടോയെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ചോദിച്ചു.
കേന്ദ്ര ആസൂത്രണ കമ്മീഷന്‍, ധനകാര്യ മന്ത്രാലയം, കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ എന്നിവരുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്ന പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണു വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ ചെയ്തതെന്ന് ഉമ്മന്‍ചാണ്ടിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കമ്മീഷനെ അറിയിച്ചു. വ്യവസ്ഥകള്‍ പാലിച്ചാണു ടെന്‍ഡറിലേക്കു യോഗ്യതാപത്രവും നിര്‍ദേശപത്രവും സമര്‍പ്പിക്കാന്‍ കമ്പനികളെ ക്ഷണിച്ചത്. മുഖ്യമന്ത്രിയെന്ന നിലയില്‍ കമ്പനിയുമായി സംസാരിച്ചിരുന്നു. വ്യവസ്ഥകളിലുണ്ടായ മാറ്റം മറ്റു കമ്പനികളെ യഥാസമയം അറിയിച്ചിരുന്നു. ഏതെങ്കിലും വിധത്തിലുള്ള അഴിമതിയോ, സാമ്പത്തിക ക്രമക്കേടോ നടന്നെന്നു വിശ്വസിക്കുന്നപക്ഷം സര്‍ക്കാരിനു പദ്ധതി റദ്ദാക്കാനുള്ള അവകാശമുണ്ട്. പദ്ധതിയുമായി മുന്നോട്ടുപോവുകയും അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ചെയ്തതു സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണെന്നും അഭിഭാഷകന്‍ വാദിച്ചു.
തുറമുഖ നിര്‍മാണത്തിനു കമ്പനികളെ തിരഞ്ഞെടുക്കുന്നതില്‍ വ്യവസ്ഥകളില്‍ ഏതെങ്കിലും വിധത്തില്‍ മാറ്റംവരുത്തിയിട്ടില്ലെന്ന് അദാനി ഗ്രൂപ്പും അറിയിച്ചു. സിറ്റിങ് ഇന്നും തുടരും.
Next Story

RELATED STORIES

Share it