വിഴിഞ്ഞം: പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഈ വിഷയത്തില്‍ പ്രതിപക്ഷം ഉന്നയിച്ച അടിയന്തര പ്രേമയ ചര്‍ച്ചക്ക് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു ഇറങ്ങിപ്പോക്ക്.
പദ്ധതി തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 1460 ദിവസം കൊണ്ട് വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാക്കണമെന്നു പറഞ്ഞപ്പോള്‍ അദാനി ഗ്രൂപ്പ് തന്നെ ആയിരം ദിവസം കൊണ്ട് പദ്ധതി നടപ്പാക്കാമെന്ന് തുടക്കത്തില്‍ അറിയിക്കുകയായിരുന്നു. എന്നാല്‍, ഓഖി ചുഴലിക്കാറ്റിന്റെ പേരില്‍ അദാനി ഗ്രൂപ്പ് നിര്‍മാണ കരാര്‍ നീട്ടിനല്‍കണമെന്ന് ആവശ്യപ്പെടുന്നതിനു മുമ്പേ തുറമുഖമന്ത്രി നിയമസഭയില്‍ പദ്ധതി പൂര്‍ത്തിയാകാന്‍ വൈകുമെന്നു പ്രസ്താവിച്ചതില്‍ കള്ളക്കളി നടന്നുവോ എന്ന സംശയം നിലനില്‍ക്കുന്നു. പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം പോലും നല്‍കിയിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
പദ്ധതി ഇപ്പോള്‍ മെല്ലെപ്പോക്കിലാണെന്ന് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയ എം വിന്‍സെന്റ് പറഞ്ഞു. കരാര്‍ സമയത്തുതന്നെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്നു തുറമുഖമന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കരാറില്‍ വീഴ്ച വരുത്തിയാല്‍ അദാനി ഗ്രൂപ്പില്‍ നിന്ന് പിഴ ഈടാക്കുമെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it