വിഴിഞ്ഞം പാക്കേജ്;  അപാകതകള്‍ പരിഹരിച്ചു ഉത്തരവുകള്‍ പുറപ്പെടുവിക്കണം: ആക് ഷന്‍ കൗണ്‍സില്‍

തിരുവനന്തപുരം: വിഴിഞ്ഞം പാക്കേജ് അപാകതകള്‍ പരിഹരിച്ച് ഉത്തരവുകള്‍ പുറപ്പെടുവിക്കണമെന്നു വിഴിഞ്ഞം തുറമുഖ ആക്ഷന്‍ കൗണ്‍സില്‍ അതിരൂപതാ സമിതി യോഗം ആവശ്യപ്പെട്ടു.
തുറമുഖ നിര്‍മാണംമൂലം തൊഴിലും പാര്‍പ്പിടവും നഷ്ടപ്പെടുന്ന മല്‍സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെയും പുനരധിവാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കണമെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം. വിഴിഞ്ഞത്ത് മുഴുവന്‍സമയ ഹെല്‍ത്ത് സെന്റര്‍, തീരദേശ സ്‌കൂളുകളില്‍ പ്ലസ്ടുവിന് അധികം ബാച്ചുകള്‍, സ്‌കൂളുകളുടെ അപ്ഗ്രഡേഷന്‍, മല്‍സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍, മത്സ്യബന്ധന തൊഴിലാളികള്‍ക്ക് വിദഗ്ധ പരിശീലനം, പുനരധിവാസ പദ്ധതി നടത്തിപ്പിന് മേല്‍നോട്ട സമിതികള്‍, തൊഴിലും പാര്‍പ്പിടവും നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം തുടങ്ങിയ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ അടിയന്തരമായി പാലിക്കപ്പെടണമെന്ന് യോഗം ആവശ്യപ്പെട്ടു.
മേല്‍പറഞ്ഞ പദ്ധതികള്‍ക്ക് ആവശ്യമായ തുക ബജറ്റില്‍ വകയിരുത്തിയിട്ടില്ലാത്ത സാഹചര്യത്തിലാണ് 22ന് നിയമസഭാ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക് ആക്ഷന്‍ കൗണ്‍സില്‍ രൂപംനല്‍കിയത്. മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് വിഴിഞ്ഞം തുറമുഖ പദ്ധതിമൂലം നാശനഷ്ടം സംഭവിക്കുന്നവര്‍ക്കായി 50 കോടി രൂപ ബജറ്റില്‍ ഉള്‍ക്കൊള്ളിക്കാന്‍ മുഖ്യമന്ത്രി തയ്യാറായ സാഹചര്യത്തില്‍ തിങ്കളാഴ്ച നടത്താനിരുന്ന പ്രക്ഷോഭ പരിപാടികള്‍ മാറ്റി വയ്ക്കാനും ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ മോണ്‍. യൂജിന്‍ എച്ച് പെരേരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
യോഗത്തില്‍ മോണ്‍. തോമസ് നെറ്റോ, ബെര്‍ബി ഫെര്‍ണാണ്ടസ്, അഡ്വ. എം എ ഫ്രാന്‍സിസ്, ഗബ്രിയേല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it