വിഴിഞ്ഞം: പദ്ധതി 1,000 ദിവസത്തിനകം പൂര്‍ത്തിയാക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതിയില്‍ ആശങ്ക വേണ്ടെന്ന് അദാനി ഗ്രൂപ്പ്. കരാര്‍ വ്യവസ്ഥ മാറാതെ നിശ്ചയിച്ച പ്രകാരം പദ്ധതി നടപ്പാക്കുമെന്ന് അദാനി ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കരണ്‍ അദാനി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച 10 മിനിറ്റോളം നീണ്ടു. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയ സാഹചര്യത്തില്‍ കൂടിക്കാഴ്ച തികച്ചും ഔപചാരികമാണെന്നായിരുന്നു കരണ്‍ അദാനിയുടെ പ്രതികരണം. തുടര്‍ന്നു തുറമുഖമന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുമായും കരണ്‍ അദാനി കൂടിക്കാഴ്ച നടത്തി. പദ്ധതി 1,000 ദിവസത്തിനകം പൂര്‍ത്തിയാക്കും.
കുളച്ചല്‍ തുറമുഖം ഏറ്റെടുക്കാന്‍ പദ്ധതിയില്ലെന്നും കരണ്‍ അദാനി വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖനിര്‍മാണത്തില്‍നിന്ന് അദാനി ഗ്രൂപ്പ് പിന്‍വാങ്ങുകയാണെന്നത് വ്യാജവാര്‍ത്ത മാത്രമാണ്. പ്രതിപക്ഷത്തിരുന്നപ്പോള്‍ 6,000 കോടി രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ കരാറിന്റെ കാര്യത്തില്‍ പുനപ്പരിശോധനയുണ്ടാവുമോ എന്ന ചോദ്യത്തിന് അത്തരം കാര്യങ്ങളൊന്നും ചര്‍ച്ചയില്‍ വന്നില്ലെന്നായിരുന്നു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ മറുപടി. അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനിയുടെ മകനായ കരണ്‍ അദാനിക്കാണ് വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്റെ പൂര്‍ണ ചുമതല. വിഴിഞ്ഞം തുറമുഖനിര്‍മാണത്തിന്റെ കരാര്‍ ഒപ്പിടാനെത്തിയപ്പോള്‍ ഗൗതം അദാനിയും സംഘവും അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെയും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും സന്ദര്‍ശിച്ചിരുന്നെങ്കിലും പിണറായി വിജയനെ കണ്ടിരുന്നില്ല.
Next Story

RELATED STORIES

Share it