വിഴിഞ്ഞം പദ്ധതി സാമ്പത്തികമായി ഗുണം ചെയ്യില്ലെന്ന് ഹരജിക്കാര്‍

ന്യൂഡല്‍ഹി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി സാമ്പത്തികമായി ഗുണം ചെയ്യുന്നതല്ലെന്ന് ഹരജിക്കാര്‍ സുപ്രിംകോടതിയില്‍. കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കുന്നതാണ് പദ്ധതിയെന്നും ഹരജിക്കാരായ മല്‍സ്യത്തൊഴിലാളികള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജ് പഞ്ച്വാനി വാദിച്ചു. വാണിജ്യാവശ്യങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുന്നത് 30 ശതമാനം ഭൂമിയാണ്. ഇവിടെ വികസനം കൊണ്ടുവന്ന് ലാഭം കൊയ്യുകയാണ് പദ്ധതി നടത്തിപ്പുകാരുടെ ലക്ഷ്യം.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടിക്കണക്കിന് രൂപ നഷ്ടമുണ്ടാക്കുന്ന പദ്ധതിയാണിത്. കേന്ദ്ര സര്‍ക്കാരിന്റെ 800 കോടി വിജിഎഫും സംസ്ഥാനസര്‍ക്കാരിന്റെ തുല്യമായ വിഹിതവും സ്വകാര്യ കമ്പനിക്കു 1600 കോടിയുടെ നേട്ടമുണ്ടാക്കും. വിജിഎഫ് നല്‍കുന്നത് പദ്ധതി സാമ്പത്തികമായി ഗുണം ചെയ്യില്ലെന്ന് വ്യക്തമാക്കുന്നതാണെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, വന്‍കിട പദ്ധതിയാകുമ്പോള്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് താമസിക്കാന്‍ സ്ഥലം വേണ്ടിവരുമെന്ന് കോടതി പറഞ്ഞു. 20 ശതമാനം വാണിജ്യാവശ്യങ്ങള്‍ക്കും പത്ത് ശതമാനം താമസ സൗകര്യത്തിനുമായാണ് മാറ്റിവച്ചിട്ടുള്ളതെന്നും ഇത് 40ാം വര്‍ഷം പദ്ധതിക്ക് നടത്തിപ്പുകാര്‍ തുറമുഖ കമ്പനിക്ക് കൈമാറണമെന്നാണ് വ്യവസ്ഥയെന്നും തുറമുഖ കമ്പനി വാദിച്ചു. കേസില്‍ ഇന്നും വാദം തുടരും.
പദ്ധതിക്ക് ദേശീയ പ്രാധാന്യമില്ലെന്ന് ബോധ്യപ്പെടുത്തുന്ന വാദങ്ങള്‍ നിരത്താന്‍ കഴിഞ്ഞയാഴ്ച കേസ് പരിഗണിക്കവേ ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഇതിനിടെ പദ്ധതി വന്നാല്‍ കോവളം ബീച്ച് അപ്രത്യക്ഷമാകുമെന്ന് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷന്റെ വാദം കോടതിയെ ചൊടിപ്പിച്ചു. ആരാണ് ഇത്തരമൊരു കണ്ടെത്തല്‍ നടത്തിയതെന്നും പ്രശാന്ത് ഭൂഷന്‍ ഇക്കാര്യം പറയാന്‍ വിദഗ്ധനാണോയെന്നും കോടതി ചോദിച്ചു.
Next Story

RELATED STORIES

Share it