വിഴിഞ്ഞം പദ്ധതി എഐസിസി നിര്‍ദേശം അട്ടിമറിച്ച്: വി എം സുധീരന്‍

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയില്‍ തുടക്കം മുതല്‍ വിവാദമുണ്ടെന്നു കെപിസിസി മുന്‍ അധ്യക്ഷന്‍ വി എം സുധീരന്‍. വിവാദത്തെ തുടര്‍ന്ന് സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, മുകുല്‍ വാസ്‌നിക്ക് എന്നിവരും താനും ഉമ്മന്‍ചാണ്ടിയും പങ്കെടുത്ത യോഗം ഡല്‍ഹിയില്‍ ചേര്‍ന്നിരുന്നു.
അരുവിക്കര ഉപതിരഞ്ഞെടുപ്പിനു ശേഷം എല്ലാ വശവും ചര്‍ച്ച ചെയ്യാമെന്നും സംസ്ഥാനത്തിന്റെയും ജനത്തിന്റെയും താല്‍പര്യങ്ങള്‍ സംരഷിക്കണമെന്നും തീരുമാനിച്ചു. എന്നാല്‍, ഇത് അട്ടിമറിച്ചാണ് വിഴിഞ്ഞം പദ്ധതിക്ക് അനുമതി നല്‍കിയത്. അദാനിയുടെ താല്‍പ്പര്യമാണ് സംരക്ഷിച്ചത്. തനിക്ക് ഗ്രൂപ്പില്ല, ഗ്രൂപ്പുണ്ടാക്കിയാല്‍ രണ്ടു ഗ്രൂപ്പിലും ആളില്ലാതാവും. ഇപ്പോഴത്തെ ഗ്രൂപ്പുകള്‍ തട്ടിക്കൂട്ടുകളാണ്. ആശയപരമോ നയപരമോ അല്ല. വ്യക്തികള്‍ക്കു വേണ്ടിയാണ്. ഗ്രൂപ്പുകളിലും ഐക്യമില്ല. ഡിസിസികള്‍ക്ക് ജംബോ കമ്മിറ്റികള്‍ രൂപവല്‍ക്കരിച്ചത് താന്‍ അടക്കമുള്ള മൂന്നുപേരുടെ തീരുമാനമായിരുന്നു. കോണ്‍ഗ്രസ്സിലെ പ്രശ്‌നങ്ങള്‍ സമയാസമയങ്ങളില്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. രാജ്യസഭാ സീറ്റ് ദാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും അറിയിച്ചിട്ടുണ്ടെന്നു സുധീരന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ട അവസരത്തില്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ തടവറയിലാണു കോണ്‍ഗ്രസ്. രാഷ്ട്രീയകാര്യ സമിതിയിലും നേതൃയോഗത്തിലും നേതാക്കള്‍ക്കെതിരേ വലിയ വിമര്‍ശനമാണുണ്ടായത്. തെറ്റു പറ്റിയാല്‍ തുറന്നുസമ്മതിക്കണം. പരസ്യപ്രസ്താവന പാടില്ലെന്ന ഒറ്റമൂലിയുമായി അവര്‍ ഇറങ്ങിയിരിക്കുകയാണ്. പരസ്യപ്രസ്താവനയെ വിലക്കുന്ന നേതാക്കളുടെ ചരിത്രമെന്താണ്.
1994ല്‍ രാജ്യസഭാ സീറ്റ് ഘടകകക്ഷിക്കു നല്‍കിയപ്പോള്‍ അന്നത്തെ ധനമന്ത്രി രാജിവച്ചു ഗ്രൂപ്പു പ്രവര്‍ത്തനം ശക്തിപ്പെടുത്തി. അധ്യക്ഷനായിരിക്കെ പരസ്യപ്രസ്താവന പാടില്ലെന്നു താന്‍ പറഞ്ഞപ്പോള്‍ കെപിസിസി ഓഫിസില്‍ പത്രസമ്മേളനം വിളിച്ചയാളാണ് എം എം ഹസന്‍.
വയലാര്‍ രവിയും എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും തന്റെ നേതാക്കളാണ്. അവരുടെ ഭാഗത്തു വീഴ്ചയുണ്ടായാലും തുറന്നുപറയും.
കേരളാ കോണ്‍ഗ്രസ്സിനു രാജ്യസഭാ സീറ്റ് നല്‍കിയത്‘ഹിമാലയന്‍ ബ്ലണ്ടര്‍ ആണ്. തീരുമാനത്തിനു പിന്നില്‍ കോണ്‍ഗ്രസ്സുകാരന്‍ പാര്‍ലമെന്റിലെത്തരുതെന്ന ഒളിയജണ്ടയുണ്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിയെ പുറന്തള്ളുന്നതിനു വേണ്ടി രാഹുല്‍ ഗാന്ധി മുന്നോട്ടു പോവുമ്പോള്‍ ആ ശ്രമങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്നതാണ് തീരുമാനം. ഒരേസമയം മൂന്നു പാര്‍ട്ടികളുമായി വിലപേശിയ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ നാളെ ബിജെപിക്കൊപ്പം പോവില്ലെന്ന് എന്താണുറപ്പ്. പാര്‍ലമെന്ററി രാഷ്ട്രീയത്തിനായിട്ടാണു തന്റെ ശ്രമമമെന്ന കുപ്രചാരണത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ വീഴരുതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it