Flash News

വിഴിഞ്ഞം പദ്ധതി : ആറു മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കമ്മീഷന്‍



കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കരാറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. വിഴിഞ്ഞം തുറമുഖപദ്ധതിക്കായുള്ള കരാര്‍ സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്ന സിഎജി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. എറണാകുളം പനമ്പള്ളിനഗറിലുള്ള ഹൗസിങ് ബോര്‍ഡ് ആസ്ഥാനത്താണ് കമ്മീഷന്റെ ഓഫിസ്. ഇന്നലെ നടന്ന കമ്മീഷന്റെ ആദ്യ സിറ്റിങില്‍ പ്രാഥമികഘട്ടമെന്ന നിലയില്‍ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കമ്മീഷനിലെ മറ്റ് അംഗങ്ങളായ കേന്ദ്ര ഷിപ്പിങ് ബോര്‍ഡ് മുന്‍ സെക്രട്ടറി കെ മോഹന്‍ദാസും മുന്‍ ഡെപ്യൂട്ടി അക്കൗണ്ട്‌സ് ജനറല്‍ പി ജെ മാത്യു എന്നിവര്‍ സിറ്റിങില്‍ പങ്കെടുത്തു. വിജ്ഞാപനം പ്രസിദ്ധീകരിച്ച് ഒരുമാസംവരെ വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കമ്മീഷനു മുമ്പാകെ അവതരിപ്പിക്കാനുള്ള അവസരം നല്‍കും. കക്ഷിചേരാനും തെളിവുകള്‍ സമര്‍പ്പിക്കാനുമുള്ള അവസരവും ഉണ്ടാവും. ഇതിനു ശേഷമായിരിക്കും മൊഴിയെടുക്കലും വിസ്താരവും. സര്‍ക്കാര്‍ അനുവദിച്ച ആറുമാസത്തിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കുമെന്നു വിഴിഞ്ഞം കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ സംസ്ഥാനത്തിനു നഷ്ടമുണ്ടാക്കുമെന്ന സിഎജി റിപോര്‍ട്ടില്‍ പറയുന്ന എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്നും ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും അദേഹം പറഞ്ഞു. വിഴിഞ്ഞം കരാറില്‍ ക്രമക്കേടുണ്ടെന്ന സിഎജി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മെയ്മാസത്തിലാണു സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്.
Next Story

RELATED STORIES

Share it