വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിന് നല്‍കിയ കരാര്‍വ്യവസ്ഥ മറച്ചുവച്ചത് ഗുരുതരവീഴ്ച

കൊച്ചി: സര്‍ക്കാര്‍ ഭൂമി പണയപ്പെടുത്തി വായ്പയെടുക്കാനുള്ള അവകാശം അദാനി ഗ്രൂപ്പിന് നല്‍കുന്ന കരാര്‍വ്യവസ്ഥ സര്‍വകക്ഷി യോഗത്തില്‍ നിന്നു മറച്ചുവച്ചത് ഗുരുതര വീഴ്ചയെന്നു വിഴിഞ്ഞം ജുഡീഷ്യല്‍ കമ്മീഷന്‍. ഇങ്ങനെയൊരു നിര്‍ദേശം സുപ്രധാനമായ യോഗത്തിന്റെ മിനുട്‌സില്‍ എങ്ങും കാണാനില്ല. കമ്പനിയുടെ 38 ശതമാനം നിക്ഷേപത്തുകയും അവര്‍ സര്‍ക്കാര്‍ ഭൂമി ഈടു നല്‍കി വായ്പയെടുക്കുമ്പോള്‍ ഫലത്തില്‍ പദ്ധതിയില്‍ കമ്പനിയുടെ നിക്ഷേപം ഉണ്ടെന്ന് എങ്ങനെ പറയാനാവുമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ നിരീക്ഷിച്ചു.
കഴിഞ്ഞദിവസം നടന്ന സിറ്റിങില്‍ കമ്പനി വായ്പ തിരിച്ചടയ്ക്കാതെ കുടിശ്ശിക വരുത്തിയാല്‍ സര്‍ക്കാര്‍ഭൂമി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകില്ലേ എന്ന് കമ്മീഷന്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അന്ന് അതിനു തൃപ്തികരമായി മറുപടി നല്‍കാന്‍ കഴിയാതിരുന്ന സര്‍ക്കാര്‍ പ്രതിനിധികള്‍ക്കു സര്‍വകക്ഷി യോഗ മിനിട്‌സിലെ ന്യൂനതയെക്കുറിച്ചുള്ള ചോദ്യത്തിനും വ്യക്തമായ ഉത്തരമുണ്ടായില്ല. പദ്ധതി ഏതു വിധേനയും നടപ്പാക്കണമെന്നു നിര്‍ബന്ധമുള്ളതു കൊണ്ടാണ് സര്‍ക്കാര്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കിയതെന്നു പറയുമ്പോള്‍ തന്നെ ഇതിനുള്ള നടപടികളും സുതാര്യമാവേണ്ടതുണ്ട്.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷം കൂടുതലായി എന്തെങ്കിലും ആനുകൂല്യം അദാനി ഗ്രൂപ്പിന് നല്‍കിയതായി ഇതുവരെ കമ്മീഷന് മുമ്പില്‍ ആരും പരാതി പറഞ്ഞിട്ടില്ല. അതിനാല്‍ അഴിമതി നടന്നതായി എങ്ങനെ പറയാന്‍ കഴിയും. തീരുമാനങ്ങളെല്ലാം കൂട്ടായി എടുത്തതാണ് എന്നതിനു രേഖകളുണ്ട്. എന്നാല്‍ ഭൂമി പണയപ്പെടുത്താനുള്ള അവകാശമുള്‍പ്പെടെ അവസാന നിമിഷം നല്‍കിയ ഇളവുകളൊക്കെ ആഗോള ടെന്‍ഡര്‍ വിളിക്കുന്ന സമയത്ത് തന്നെ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ കൂടുതല്‍ കമ്പനികള്‍ പങ്കെടുക്കുമായിരുന്നുവെന്നു കമ്മീഷന്‍ നിരീക്ഷിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ദീര്‍ഘിപ്പിക്കാത്തത് അദാനി ഗ്രൂപ്പിനെ സഹായിക്കാന്‍ വേണ്ടിയാണെന്ന ആരോപണം കമ്മീഷന്‍ തള്ളി.
തുറമുഖത്തോടൊപ്പം ടൂറിസം വ്യവസായവും വളരാന്‍, വന്‍കിട ഹോട്ടലുകളും പാര്‍പ്പിട സമുച്ചയങ്ങളും വരേണ്ടതാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.   മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അടക്കം വിളിച്ചുവരുത്തി വിസ്തരിക്കണമെന്ന ആവശ്യവും കമ്മീഷന്‍ തള്ളി.  മെയ് 14, 15 തിയതികളില്‍ തിരുവനന്തപുരത്തെ സിറ്റിങിന് ശേഷം ജൂണ്‍ ആദ്യവാരത്തില്‍ അന്തിമഘട്ട സിറ്റിങ് നടത്തുമെന്നും അധ്യക്ഷന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it