thiruvananthapuram local

വിഴിഞ്ഞം: ജലയാനങ്ങള്‍ കാണാന്‍ തിരക്ക്; സുരക്ഷയില്ലാതെ തീരം

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖം ജലയാനങ്ങള്‍ കൊണ്ട് തിരക്കിലായി. പുതിയ വാര്‍ഫില്‍ വരുന്നവര്‍ക്ക് വിസ്മയക്കാഴ്ചയൊരുക്കാന്‍ അദാനിയുടെ വക കൂറ്റന്‍ ഡ്രഡ്ജറും ബങ്കര്‍ ബാര്‍ജുകളും കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലും കോസ്റ്റല്‍ പോലിസിന്റെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ പട്രോള്‍ ബോട്ടുകളും ഗുജറാത്തി ടഗ്ഗും എത്തിയിട്ടുണ്ട്.
അതോടൊപ്പം സന്ദര്‍ശകര്‍ വര്‍ധിച്ചതോടെ അപകടസാധ്യതകളും വര്‍ധിക്കുകയാണ്. പ്രക്ഷുബ്ധമായ കടലില്‍ പിടിച്ചുനില്‍ക്കാനാവാത്ത കടല്‍ കുഴിക്കല്‍ യന്ത്രം ശാന്തിസാഗര്‍, അനുബന്ധ ബങ്കര്‍ ബാര്‍ജുകളായ ജലാശ്വ, ബിബി-4 എന്നിവ കരയിലേക്ക് അടുപ്പിച്ചതോടെയാണ് തുറമുഖം തിരക്കിലായത്.
കടല്‍ തുരക്കുന്ന കൂറ്റന്‍ ഡ്രഡ്ജര്‍ അടുത്തു നിന്നു കാണാമെന്നത് സന്ദര്‍ശകരുടെ വരവ് കൂട്ടാന്‍ കാരണമാകും. പക്ഷേ, സന്ദര്‍ശകരെ നിയന്ത്രിക്കാനോ നിര്‍ദേശം കൊടുക്കാനോ ഇവിടെയാരുമില്ലാത്ത അവസ്ഥയിലാണ്. കപ്പലും ടഗ്ഗും നങ്കൂരമിട്ടിരിക്കുന്ന വാര്‍ഫില്‍ കയറുകള്‍ പൊട്ടുകയോ വലിഞ്ഞുമുറുകയോ ചെയ്താല്‍ സന്ദര്‍ശകര്‍ അപകടത്തില്‍ പെടാന്‍ സാധ്യതയുണ്ട്. ശക്തമായ തിരയില്‍ ആടിയുലയുന്ന കടല്‍യാനങ്ങള്‍ വാര്‍ഫില്‍ വന്നിടിക്കുമ്പോള്‍ അനുഭവപ്പെടുന്ന കുലുക്കം കാഴ്ചക്കാരെ കടലില്‍ തള്ളിയിടാന്‍ സാധ്യതയുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. ശക്തമായ ഇടിയാല്‍ ഗുജറാത്തി ടഗ്ഗ് വാര്‍ഫിന്റെ ഒരു ഭാഗം തകര്‍ന്നിരുന്നു.
ഇതൊന്നുമറിയാതെ നിരവധി സഞ്ചാരികള്‍ വാര്‍ഫില്‍ വന്നുമടങ്ങുകയാണ്. കുട്ടികളുമായെത്തി വാര്‍ഫിന്റെ അരികില്‍ നിന്ന് ഫോട്ടോയെടുക്കുന്നതും അപകടം ക്ഷണിച്ചുവരുത്തുകയാണ്. വാര്‍ഫിനോട് ചേര്‍ത്ത് കെട്ടിയിരിക്കുന്ന യാനങ്ങളില്‍ കയറിയ വിദ്യാര്‍ഥി കടലില്‍ വീണു മരണപ്പെട്ടത് ഈയടുത്താണ്.
അന്ന് കുറച്ചു ദിവസമുണ്ടായിരുന്ന നിയന്ത്രണം പിന്നീടില്ലാതായി. ഇറാന്‍ ബോട്ടിന്റെ കാവലിനായി നിയോഗിക്കപ്പെട്ട പോലിസുകാര്‍ ഉണ്ടെങ്കിലും സഞ്ചാരികളുടെ സുരക്ഷയ്ക്കായി ആരും മുന്‍കൈയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഡ്രഡ്ജിങ് നടക്കുന്നതിനാല്‍ പ്രദേശത്തെ കടലില്‍ ഇറങ്ങുന്നതിന് ആളുകള്‍ക്ക് വിലക്കുണ്ട്.
എന്നാല്‍, തുറമുഖ കമ്പനി അധികൃതരുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും വിലക്ക് മറികടന്നുകൊണ്ട് പ്രദേശവാസികളില്‍പെട്ട ചിലര്‍ കടലില്‍ ഇറങ്ങുന്നത് വന്‍ അപകടഭീഷണിയാണ് ഉണ്ടാക്കുന്നത്. ഡ്രഡ്ജിങിനെത്തുടര്‍ന്ന് പുറത്തുവരുന്ന ശംഖും ചിപ്പിയും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ശേഖരിക്കാന്‍ വേണ്ടിയാണ് ഇവര്‍ കടലില്‍ ഡ്രഡ്ജിങ് നടക്കുന്ന പ്രദേശത്ത് മുങ്ങിത്തപ്പുന്നത്.
Next Story

RELATED STORIES

Share it