വിഴിഞ്ഞം കേരളത്തിന്റെ അഭിമാന പദ്ധതി: പിണറായി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട അഭിമാന പദ്ധതിയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം തുറമുഖ പദ്ധതി ജീവനോപാധി നഷ്ടപരിഹാര വിതരണം തൈക്കാട് റസ്റ്റ് ഹൗസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ നിര്‍മാണപ്രവൃത്തിയാണു വിഴിഞ്ഞത്തു നടക്കുന്നത്. ആദ്യഘട്ടത്തില്‍ തീരദേശ റോഡും വേയ്ബ്രിഡ്ജും സൈറ്റ് ഓഫിസും പൂര്‍ത്തിയായിട്ടുണ്ട്. ഇതോടൊപ്പം 565 മീറ്റര്‍ പുലിമുട്ട് നിര്‍മാണം നടക്കുന്നു. ബെര്‍ത്ത് പൈലിങ് ആരംഭിച്ചിട്ടുണ്ട്.
പദ്ധതി പൂര്‍ത്തിയാവുന്നതിനു നാട്ടുകാരുടെ പങ്കാളിത്തം പ്രധാനമാണ്. ഇപ്പോള്‍ നാട്ടുകാരില്‍ നിന്നു നല്ല പിന്തുണ ലഭിക്കുന്നുണ്ട്- മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്കാവശ്യമുള്ള 149 ഹെക് റ്റര്‍ ഭൂമിയില്‍ 95 ശതമാനവും ഏറ്റെടുത്തു. 53 ഹെക്റ്റര്‍ സ്ഥലം കടല്‍ നികത്തിയെടുത്തു. വീടും ഭൂമിയും നഷ്ടപ്പെട്ട 88 കുടുംബങ്ങള്‍ക്കു സഹായം നല്‍കി. ഓരോരുത്തര്‍ക്കും അഞ്ച് സെന്റ് വീതം ഭൂമി നല്‍കി പുനരധിവസിപ്പിച്ചു. അടിമലത്തുറ, കോട്ടപ്പുറം ഭാഗത്തെ 731 കരമടി മല്‍സ്യത്തൊഴിലാളികള്‍ക്കാണു നഷ്ടപരിഹാരം നല്‍കുന്നത്. 40.52 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക.
ഓരോരുത്തര്‍ക്കും 5.60 ലക്ഷം രൂപ ലഭിക്കും. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ചിപ്പി മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന 196 പേര്‍ക്കും കരമടി മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന 174 പേര്‍ക്കുമായി 22.54 കോടി രൂപ വിതരണം ചെയ്തു. വിഴിഞ്ഞത്ത് നിന്നു പുറപ്പെടുന്ന 1734 യന്ത്രവല്‍കൃത യാനങ്ങള്‍ക്ക് പുലിമുട്ട് നിര്‍മാണ കാലയളവില്‍ അധിക മണ്ണെണ്ണ വിതരണം ചെയ്യുന്നുണ്ട്. മൂന്നു മാസത്തിലൊരിക്കല്‍ 2.50 കോടി രൂപ ഇതിനായി ചെലവ് വരുന്നു. മല്‍സ്യബന്ധനം നടത്തിയിരുന്ന 2898 പേര്‍ക്ക് 68.89 കോടി രൂപയാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ടു നഷ്ടപരിഹാര പാക്കേജിലൂടെ ലഭ്യമാക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. അടിമലത്തുറ സ്വദേശി അല്‍ഫോണ്‍സ്, കോട്ടപ്പുറം സ്വദേശി പനിയടിമ എന്നിവര്‍ക്കു മുഖ്യമന്ത്രി ചെക്ക് കൈമാറി.
Next Story

RELATED STORIES

Share it