Flash News

വിഴിഞ്ഞം കരാര്‍ : ജുഡീഷ്യല്‍ അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം



തിരുവനന്തപുരം: വിഴിഞ്ഞം കരാര്‍ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് എതിരാണെന്ന സിഎജി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഹൈക്കോടതി റിട്ടയേഡ് ജഡ്ജി ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്റെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം നടത്തും. ഐഎഎസ് റിട്ട. ഓഫിസര്‍ വി കെ മോഹനനും മാത്യുവുമാണ് കമ്മീഷനിലെ  അംഗങ്ങള്‍. ആറുമാസമാണ് കമ്മീഷന്റെ കാലാവധി. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിഗണനാ വിഷയങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആറുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും പ്രതിഫലം കൈപ്പറ്റില്ലെന്നും സി എന്‍ രാമചന്ദ്രന്‍ അറിയിച്ചു. വിഴിഞ്ഞം കരാര്‍ കാലാവധി 40 വര്‍ഷമാക്കിയത് സംസ്ഥാന താല്‍പര്യം ഹനിക്കുന്നതാണെന്നും നിയമവിരുദ്ധമാണെന്നും കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. നിര്‍മാണ കാലാവധി കൂട്ടിനല്‍കിയതിലൂടെ 29.21 കോടി രൂപയുടെ അധികവരുമാനം അദാനിക്ക് ലഭിക്കുമെന്നും സിഎജി വ്യക്തമാക്കിയിരുന്നു. അതേസമയം, വിഴിഞ്ഞം തുറമുഖ നിര്‍മാണ കരാറിനെക്കുറിച്ച് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തന്റെ കാലത്ത് ഒപ്പുവച്ച കരാറും വി എസ് അച്യുതാനന്ദന്റെ കാലത്തെ കരാറും കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സില്‍ ഉള്‍പ്പെടുത്തണം.വിഴിഞ്ഞം പദ്ധതി സംബന്ധിച്ച സിഎജി റിപോര്‍ട്ട് വസ്തുതകള്‍ പരിശോധിക്കാതെയുള്ളതാണ്. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് കരാര്‍ നല്‍കിയതെന്നും ഉമ്മന്‍ചാണ്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.  കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ കണ്ടെത്തലുകളെക്കുറിച്ച് 13ന് ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യും.
Next Story

RELATED STORIES

Share it