Flash News

വിഴിഞ്ഞം കരാര്‍ : കോണ്‍ഗ്രസ്സില്‍ പുതിയ പോര്‍മുഖം തുറക്കുന്നു



തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്ന സിഎജി റിപോര്‍ട്ടിനെ ചൊല്ലി കോണ്‍ഗ്രസ്സില്‍ പുതിയ പോര്‍മുഖം തുറക്കുന്നു. കരാര്‍ സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധവും അദാനിക്ക് അധിക സാമ്പത്തിക നേട്ടമുണ്ടാക്കുന്നതുമാണെന്ന സിഎജി റിപോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ രാഷ്ട്രീയകാര്യ സമിതി വിളിച്ചുചേര്‍ക്കണമെന്നാവശ്യപ്പെട്ട് കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ കെപിസിസി പ്രസിഡന്റിന് കത്തയച്ചു. കരാറിനെതിരേ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ഒരുങ്ങുന്നതിനിടെയാണ് കോണ്‍ഗ്രസ്സില്‍ പോരിന് കളമൊരുങ്ങുന്നത്. അതേസമയം, ഇതിനായി പ്രത്യേക രാഷ്ട്രീയകാര്യ സമിതി ചേരേണ്ടതില്ലെന്നും അടുത്തതവണ ചേരുന്ന സമിതിയില്‍ വിഴിഞ്ഞം വിഷയം ചര്‍ച്ച ചെയ്യാമെന്നുമാണ് കെപിസിസി പ്രസിഡന്റ് എം എം ഹസന്റെ നിലപാട്. വി ഡി സതീശന്‍ കത്ത് നല്‍കിയ കാര്യത്തെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും ഹസന്‍ പറഞ്ഞു. വിഴിഞ്ഞം കരാറിനെതിരേ നേരത്തേതന്നെ മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരനടക്കമുള്ള നേതാക്കള്‍ക്ക് എതിരഭിപ്രായമുണ്ടായിരുന്നു. എന്നാല്‍, വിഴിഞ്ഞം കരാറിന്റെ പൂര്‍ണ ഉത്തരവാദിത്വം തനിക്കാണെന്നും കരാര്‍ ദീര്‍ഘകാലാടിസ്ഥാനത്തി ല്‍ സംസ്ഥാനത്തിന് ഗുണകരമാണെന്ന നിലപാട് ഇന്നലെയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു. വിഴിഞ്ഞം പാര്‍ട്ടിയില്‍ ചര്‍ച്ചയാവുന്നതിനെ ഉമ്മന്‍ചാണ്ടി ഭയക്കുന്നില്ല. നിലവിലെ അവസ്ഥയില്‍ ഇതിന്റെ പേരില്‍ തന്നെ ആക്രമിക്കാന്‍ മറുപക്ഷത്തിന് കഴിയില്ലെന്ന ധൈര്യത്തിലാണ് ഉമ്മന്‍ചാണ്ടി. ദീര്‍ഘകാലം എവിടെയുമെത്താതിരുന്ന പദ്ധതിക്ക് മൂര്‍ത്തരൂപമുണ്ടാക്കിയിതും പൊതു-സ്വകാര്യ ഉടമസ്ഥതയില്‍ നിര്‍മാണ പ്രവൃത്തി ആരംഭിച്ചതും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു. പദ്ധതി ഏറ്റെടുക്കാന്‍ അദാനി പോര്‍ട്‌സ് മാത്രമായിരുന്നു മുന്നോട്ടുവന്നത്.  വിഴിഞ്ഞത്തിന്റെ നടത്തിപ്പ് കാലവധി 40 വര്‍ഷമാണ്.  ഇതും അദാനിക്ക് വേണ്ടി വഴിവിട്ട് കരാറില്‍ ഉള്‍പ്പെടുത്തിയതാണെന്നാണ് ആരോപണം. ഏതായാലും സംഘടനാ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്ന കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് പോരിന് വിഴിഞ്ഞം കളമൊരുക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
Next Story

RELATED STORIES

Share it