Flash News

വിഴിഞ്ഞം കരാര്‍ : അന്വേഷണ റിപോര്‍ട്ട് വരുന്നതുവരെ പദ്ധതി നിര്‍ത്തിവയ്ക്കണം- വിഎസ്



തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കരാറിന്റെ കാര്യത്തില്‍ ഗുരുതരമായ ക്രമക്കേടുകളുണ്ടെന്ന് കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ കരാറില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തണമെന്നും അന്വേഷണ റിപോര്‍ട്ട് വരുന്നതുവരെ പദ്ധതി നിര്‍ത്തിവയ്ക്കണമെന്നും കാണിച്ച് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.  വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതിയുടെ കരാറില്‍ പ്രകടമായ അഴിമതിയുണ്ടെന്ന് ആദ്യം മുതല്‍ ജനങ്ങളോട് പറഞ്ഞത് എല്‍ഡിഎഫാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പ് ഘട്ടത്തിലും എല്‍ഡിഎഫ് ഇക്കാര്യം ആവര്‍ത്തിക്കുകയുണ്ടായി. കരാര്‍ പുനപ്പരിശോധിക്കണം എന്ന വ്യക്തമായ അഭിപ്രായമാണ് എല്‍ഡിഎഫ് പ്രകടിപ്പിച്ചുപോന്നിട്ടുള്ളത്. ഈ കരാര്‍ പുനപ്പരിശോധിക്കുമെന്നാണ് തുറമുഖവകുപ്പ് മന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയത്.  കരാറില്‍ അഴിമതിയുണ്ട്. കരാര്‍ സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണ്. സ്വകാര്യ സംരംഭകന് വഴിവിട്ട് ആനുകൂല്യങ്ങള്‍ നല്‍കുന്നതും സര്‍ക്കാരിന് വന്‍ നഷ്ടം വരുത്തിവയ്ക്കുന്നതുമാണെന്നെല്ലാം സിഎജി രേഖപ്പെടുത്തിയ സാഹചര്യത്തില്‍ കരാറില്‍ ചൂണ്ടിക്കാണിച്ച കുഴപ്പങ്ങള്‍ പരിഹരിക്കത്തക്കവിധം തിരുത്തലുകള്‍ വരുത്തണം. സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്ന് വ്യക്തമായ ഒരു പദ്ധതി തുടരുകയും അതുവഴി നമ്മുടെ തീരദേശവും മല്‍സ്യത്തൊഴിലാളികളുടെ ഉപജീവനവും കൂടുതല്‍ അപകടത്തിലാവുകയും ചെയ്യുന്ന രീതിയില്‍ ഈ പദ്ധതി മുന്നോട്ടുപോവാന്‍ അനുവദിച്ചുകൂടാ. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണത്തിന്റെ റിപോര്‍ട്ട് വരുന്നതുവരെയെങ്കിലും ഈ പദ്ധതി നിര്‍ത്തിവയ്ക്കണം. വിഴിഞ്ഞം കരാറില്‍ സിഎജി ചൂണ്ടിക്കാണിച്ച ഓരോ കുഴപ്പങ്ങളിലേക്കും നയിച്ച തീരുമാനങ്ങള്‍ക്കു പിന്നില്‍ നടന്ന ഗൂഢാലോചന പുറത്തുവരണം.  പദ്ധതി നടത്തിപ്പിന്റെ ഓരോ ഘട്ടത്തിലും നടന്ന ഇടപെടലുകളും അന്വേഷണപരിധിയില്‍ വരണമെന്നും വിഎസ് കത്തില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it