Flash News

വിഴിഞ്ഞം : ഉമ്മന്‍ചാണ്ടി എജിക്ക് പരാതി നല്‍കും



തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട സിഎജി റിപോര്‍ട്ടിനെതിരേ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അക്കൗണ്ടന്റ് ജനറലിന് പരാതി നല്‍കും. പദ്ധതി നടത്തിപ്പില്‍ മുന്‍ സര്‍ക്കാര്‍ സംസ്ഥാന താല്‍പര്യം അട്ടിമറിച്ചുവെന്ന സിഎജി റിപോര്‍ട്ടിലെ കണ്ടെത്തലുകള്‍ വസ്തുതാപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാവും പരാതി. റിപോര്‍ട്ട് തയ്യാറാക്കുന്നതില്‍ ബാഹ്യസ്വാധീനം ഉണ്ടായിട്ടുണ്ടെന്ന സംശയവും പരാതിയില്‍ പ്രകടിപ്പിക്കും. റിപോര്‍ട്ട് തയ്യാറാക്കുമ്പോള്‍ സര്‍ക്കാര്‍ വിശദീകരണം പരിഗണിച്ചില്ല. ഓഡിറ്റിനൊപ്പം ഉണ്ടായിരുന്ന കണ്‍സള്‍ട്ടന്റിനെതിരേയും ഉമ്മന്‍ചാണ്ടി പരാതി ഉന്നയിക്കും. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിലവില്‍വന്ന കരാര്‍ സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്നും കരാര്‍ കാലാവധി 40 വര്‍ഷമാക്കിയത് സംസ്ഥാന താല്‍പര്യം ഹനിക്കുന്നതാണെന്നും നിയമവിരുദ്ധമാണെന്നും സിഎജി ചൂണ്ടിക്കാട്ടിയിരുന്നു. അദാനി ഗ്രൂപ്പിന് 29,000 കോടിയുടെ അധികലാഭം ഉണ്ടാക്കിക്കൊടുക്കാനേ കരാര്‍ ഉപകരിക്കൂവെന്നും നിയമസഭയില്‍ വച്ച റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, വിശദപഠനം നടത്താതെയും വസ്തുതകള്‍ മനസ്സിലാക്കാതെയുമാണ് സിഎജി റിപോര്‍ട്ട് തയ്യാറാക്കിയതെന്ന് ഉമ്മന്‍ചാണ്ടി പരാതിയില്‍ ചൂണ്ടിക്കാട്ടും. തുറമുഖ സെക്രട്ടറി ആവശ്യപ്പെട്ടിട്ടും പ്രിന്‍സിപ്പല്‍ എജി ചര്‍ച്ചയ്ക്ക് അവസരം നല്‍കിയില്ല. കൂടാതെ സര്‍ക്കാരിന്റെ വിശദീകരണവും അദ്ദേഹം പരിഗണിച്ചില്ല. ഓഡിറ്റ് വിഭാഗം കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച ആര്‍ തുളസീധരന്‍പിള്ള പദ്ധതിയെ വിമര്‍ശിച്ച് രണ്ടു വര്‍ഷം മുമ്പ് പ്രമുഖ വാരികയിലെഴുതിയ പരാമര്‍ശങ്ങള്‍ സിഎജി റിപോര്‍ട്ടില്‍ ആവര്‍ത്തിച്ചത് ബാഹ്യ ഇടപെടല്‍ ഉണ്ടായെന്നതിന് തെളിവാണെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടും. ഈ ആഴ്ച തന്നെ എജിക്ക് പരാതി നല്‍കിയേക്കും. സിഎജി റിപോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 13ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി ചേരാനിരിക്കെയാണ് ഉമ്മന്‍ചാണ്ടി എജിയെ സമീപിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
Next Story

RELATED STORIES

Share it