kasaragod local

വിളവെടുപ്പുല്‍സവം 11ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട്: മെയ് മൂന്ന് മുതല്‍ ആറു വരെ നടക്കുന്ന കോട്ടച്ചേരി പട്ടറെ കന്നിരാശി വയനാട്ടുകുലവന്‍ ദേവസ്ഥാനത്തെ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോല്‍സവത്തിന് എത്തുന്നവര്‍ക്ക് ഭക്ഷണം ഒരുക്കുന്നതിന് വേണ്ടി ഇറക്കിയ നെല്‍കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഉല്‍സവത്തിനെത്തുന്ന മൂന്ന് ലക്ഷത്തോളം പേര്‍ക്ക് ഭക്ഷണത്തിന് ആവശ്യമായ അരിയും പച്ചക്കറികളും മറ്റും കൃഷി വകുപ്പ്, കൃഷി വിജ്ഞാന കേന്ദ്രം, സിപിസിആര്‍ഐ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ആഘോഷക്കമ്മിറ്റി ഒരുക്കുന്നത്.
കഴിഞ്ഞ നവംബര്‍ ആറിന് തുളിച്ചേരി വയല്‍ പാടശേഖരത്തില്‍ നെല്‍കൃഷിയിറക്കുന്നതിന്റെ ഉദ്ഘാടനം കൃഷി മന്ത്രി വി എസ് സുനില്‍കുമാറാണ് നിര്‍വഹിച്ചത്. വിളവെടുപ്പ് വന്‍ ജനകീയ ഉല്‍സവമാക്കി മാറ്റുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. സിപിസിആര്‍ഐ ഡയറക്ടര്‍ പി ചൗഡപ്പ മുഖ്യാതിഥിയായിരിക്കും. നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി ദാമോദരന്‍, ജില്ലാ കൃഷി ഓഫിസര്‍ ആര്‍ ഉഷാദേവി സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ വേണുഗോപാലന്‍ നമ്പ്യാര്‍ കോടോത്ത്, കുമാരന്‍ ഐശ്വര്യ, കുഞ്ഞിക്കണ്ണന്‍ പുതിയവീട്, നാരായണന്‍ കൊഴുന്ത് വീട്, ടി വി മോഹനന്‍, ശശികുമാര്‍, ഗംഗാധരന്‍ ചാലിങ്കാല്‍, ബാലകൃഷ്ണന്‍, ഗോപി പടിക്കാല്‍, രവി കൊളവയല്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it