Kollam Local

വിളക്കുടിയില്‍ വീണ്ടും പേപ്പട്ടിയുടെ ആക്രമണം: മൂന്നുപേര്‍ക്ക് പരിക്ക്

പത്തനാപുരം: വിളക്കുടിയില്‍ വീണ്ടും പേപ്പട്ടിയുടെ അക്രമണം. ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനടക്കം മൂന്ന് പേര്‍ക്ക് കടിയേറ്റു. നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റു. ചൊവ്വാഴ്ച മേഖലയില്‍  ഇളമ്പല്‍ സ്വദേശികളായ നാല് പേര്‍ക്കും നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും പേപ്പട്ടിയുടെ കടിയേറ്റിരുന്നു. ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ സജീവ്, വിളക്കുടി മഹാലക്ഷ്മി ഷോപ്പ് ഉടമ സത്യന്‍ (63), ചരുവിളയില്‍ ജനൂബ് എന്നിവര്‍ക്കാണ് ഇന്നലെ പട്ടിയുടെ കടിയേറ്റത്. ഇവരെ തിരുവന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനൂബിന്റെ നില ഗുരുതരമാണ്. ജനൂബിന്റെ കഴുത്ത് ഭാഗം പട്ടി കടിച്ചുപറിച്ച നിലയിലാണ്. മനക്കര സ്വദേശി വിനയന്‍, വാഴവിള വീട്ടില്‍ മണി,മനക്കര ബഥേല്‍ ഹൗസില്‍ ജോയി വര്‍ഗ്ഗീസ്,ബൈക്ക് യാത്രികനായ റജി എന്നിവര്‍ക്കാണ് ചൊവ്വാഴ്ച നായയുടെ കടിയേറ്റത്. വിനയന്‍ മെഡിക്കല്‍ കോളജിലും മറ്റുള്ളവര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും ചികില്‍സയിലാണ്.ഇന്നലെ വിളക്കുടി പഞ്ചായത്ത് ഓഫിസിന് സമീപത്തായിട്ടാണ് പേപ്പട്ടിയുടെ അക്രമണം ഉണ്ടായത്. ചൊവ്വാഴ്ച ചീയോട്,എലിക്കോട്,മരങ്ങാട്,ഇളമ്പല്‍,മനക്കര,കുറ്റിക്കോണം ഭാഗങ്ങളിലാണ് പേപ്പട്ടി നാലുപേരെയും മൃഗങ്ങളേയും കടിച്ചത്. ഭീതി പരത്തിയ രണ്ട് പേപ്പട്ടികളേയും നാട്ടുകാര്‍ തല്ലിക്കൊന്നു. അനധികൃത അറവുശാലകളും വിവിധ സ്ഥലങ്ങളിലായുള്ള മാലിന്യ  നിക്ഷേപവും മൂലം പഞ്ചായത്തില്‍ തെരുവ് നായകളുടെ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് സി വിജയന്‍,വെറ്റിനറി ഡോ. ഉഷ,ഷാനി എന്നിവരുടെ നേതൃത്വത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ് എടുക്കാനുള്ള ശ്രമം തുടങ്ങി.
Next Story

RELATED STORIES

Share it