Kollam Local

വിളംബരത്തിന്റെ നാട്ടില്‍ വെന്നിക്കൊടി നാട്ടുന്നതാര്?

കുണ്ടറ: ഇത്തവണ കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കുണ്ടറ. എം എ ബേബിയുടെ തട്ടകമായിരുന്ന മണ്ഡലം എന്ന പ്രത്യേകത കൂടിയുണ്ട് ഈ മണ്ഡലത്തിന്. മണ്ഡലത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയും തൊഴിലാളി നേതാവുമായ ജെ മേഴ്‌സിക്കുട്ടിയമ്മ പ്രചാരണത്തിന്റെ മൂന്നുഘട്ടം പൂര്‍ത്തിയാക്കികഴിഞ്ഞു. ഈ മണ്ഡലം തിരിച്ച് പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് യു ഡി എഫ് സ്ഥാനാര്‍ഥിയായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. മണ്ഡലത്തില്‍ സാനിധ്യമറിയിക്കാന്‍ ശക്തമായ പോരാട്ടത്തിലാണ് എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥി ഷറാഫത്ത് മല്ലം.

എന്‍ഡിഎ സ്ഥാനാര്‍ഥിയായി എം എസ് ശ്യാംകുമാറും പിഡിപി സ്ഥാനാര്‍ഥി കബീര്‍കുട്ടി ഐ പുത്തേഴവും ബിഎസ്പി സ്ഥാനാര്‍ഥി എസ് എം ജാബിറും എസ് യുസി ഐ സ്ഥാനാര്‍ഥി വി ആന്റണിയും സ്വതന്ത്രനായി വിജയകുമാറും മല്‍സര രംഗത്തുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച എംഎല്‍എയെ ആയ്യായിരത്തിലധികം വോട്ടുകള്‍ക്ക് പിന്നിലാക്കിയ മണ്ഡലമാണ് കുണ്ടറ. എന്‍ കെ പ്രേമചന്ദ്രനോട് പരാജയപ്പെട്ടതിനേക്കാളേറെ സ്വന്തം മണ്ഡലം തന്നെ കൈവിട്ടു എന്നതായിരുന്നു എം എ ബേബിയെ അന്ന് ദുഖിപ്പിച്ചത്. ബേബി ജയിക്കുന്നതിന് മുമ്പ് തോപ്പില്‍ രവിയും കടവൂര്‍ ശിവദാസനുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ജയിച്ച കുണ്ടറ തിരിച്ച് പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് യുഡിഎഫ്. കുണ്ടറയില്‍ ഒരിക്കല്‍ക്കൂടി അംഗത്തിനിറങ്ങുന്ന ഇടതുപക്ഷ സ്ഥാനാര്‍ഥി ജെ മേഴ്‌സിക്കുട്ടിയമ്മ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. പതിനായിരത്തിലധികം വരുന്ന കശുവണ്ടി തൊഴിലാളി കുടുംബങ്ങളുടെ പിന്തുണയിലാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. ബി ഡി ജെ എസ് കൂടി ഉള്‍പ്പെട്ട മുന്നണിയിലുടെ വോട്ടുകള്‍ വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ.
മണ്ഡലത്തിലെ സ്ഥാനാര്‍ഥികളെല്ലാം മൂന്ന് റൗണ്ട് പര്യടനം പൂര്‍ത്തിയാക്കി കഴിഞ്ഞു. കത്തി നില്‍ക്കുന്ന വേനലിനെ അവഗണിച്ചെത്തിയ സ്ഥാനാര്‍ഥികളെ നാട്ടുകാര്‍ സര്‍വാത്മനാ സ്വാഗതം ചെയ്തു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ അനുഭവിച്ചറിഞ്ഞവരും നേട്ടങ്ങളല്ല, കോട്ടങ്ങളായിരുന്നു എന്ന അഭിപ്രായക്കാരും ഇരു മുന്നണികളും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന വാദമുഖങ്ങളുന്നയിച്ചവരും വിവിധ ഫാക്ടറികളിലും പ്രദേശങ്ങളിലും അവരവരുടെ സ്ഥാനാര്‍ഥികള്‍ക്ക് ഹൃദ്യമായ സ്വീകരണം നല്‍കി.
ആശയസാദൃശ്യമുള്ളവരുടെ കൂട്ടായ്മ സൃഷ്ടിക്കാന്‍ എല്ലാ പഞ്ചായത്തുകളിലും മുന്നണികള്‍ ശ്രമിക്കുന്നത് കാണാമായിരുന്നു. സൗഹൃദം പങ്കിടാനും കൂടുതല്‍ പരിചയപ്പെടാനും സമയം കണ്ടെത്താനായില്ലെന്ന പരാതിയായിരുന്നു സ്ഥാനാര്‍ഥികള്‍ക്ക്. സ്ഥാനാര്‍ഥികള്‍ വരും മുമ്പുള്ള അനൗണ്‍സ്‌മെന്റ് വാഹനങ്ങളും അഭിവാദ്യഗാന വാഹനങ്ങളും നിരത്തിലിറങ്ങിക്കഴിഞ്ഞു.
യുഡിഎഫ് സ്ഥാനാര്‍ഥി കെ രാജ്‌മോഹന്‍ ഉണ്ണിത്താന്റെയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെ മേഴ്‌സിക്കുട്ടിയമ്മയുടേയും ചുവരെഴുത്തുകളും പോസ്റ്ററുകളും മതിലില്‍ പതിപ്പിക്കാന്‍ പാകത്തിനുള്ള വലിയ ഫഌക്‌സ് ബാനറുകളും മണ്ഡലത്തിലാകെ നിരന്നുകഴിഞ്ഞു.എല്ലാ മുന്നണികളുടേയും തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയായി. ഇടതുമുന്നണി കണ്‍വന്‍ഷന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും യുഡിഎഫ് കണ്‍വന്‍ഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമാണ് ഉദ്ഘാടനം ചെയ്തത്.
കെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അരയും തലയും മുറുക്കി രംഗത്തുണ്ട്. വിജയപ്രതീക്ഷയോടെയാണ് അദ്ദേഹം ഓരോ ചുവടുകളും മുന്നോട്ട് വയ്ക്കുന്നത്. നിശ്ചയദാര്‍ഡ്യത്തോടെയുള്ള വാക്ചാതുരി വിജയഗാഥ പോലെ കുണ്ടറയിലെ വോട്ടര്‍മാര്‍ നെഞ്ചേറ്റുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ എഐസിസി അംഗമെന്ന ഉത്തുംഗശ്രേണിയിലെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞത് സത്യസന്ധവും അത്യപൂര്‍വമായ ആആത്മാര്‍ഥതയുമാണെന്ന് നാട്ടുകാര്‍ കരുതുന്നു.
നാലുതവണ കുണ്ടറ അസംബ്ലി നിയോജക മണ്ഡലത്തില്‍ മല്‍സരിക്കുകയും രണ്ടു തവണ വിജയശ്രീലാളിതയാകുകയും ചെയ്ത ജെ മേഴ്‌സിക്കുട്ടിയമ്മ അഞ്ചാമൂഴത്തിലും വിജയപ്രതീക്ഷയിലാണ്. സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം തുടങ്ങി നിരവധി സംഘടനകളുടെ ഭാരവാഹിത്വം വഹിക്കുന്നു. കശുവണ്ടി തൊഴിലാളികളുടെ വോട്ട് തന്റെ വിജയത്തിന് ആക്കം കൂട്ടുമെന്നാണ് മേഴ്‌സിക്കുട്ടിയമ്മയുടെ പ്രതീക്ഷ.
എസ്ഡിപിഐ-എസ്പി സഖ്യസ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന ഷറാഫത്ത് മല്ലം മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നത്. മറ്റ് സ്ഥാനാര്‍ഥികള്‍ കോടികള്‍ മുടക്കിയുള്ള ഇവന്‍മാനേജ്‌മെന്റ് മോഡല്‍ പ്രചരണത്തിന് മുന്‍ഗണന നല്‍കുമ്പോള്‍ ഗൃഹസമ്പര്‍ക്കം ഉള്‍പ്പടെ പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ഥിക്കുകയാണ് ഷറാഫത്ത്മല്ലം. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലെ കവലകള്‍, കാഷ്യു ഫാക്ടറികള്‍, മറ്റ് തൊഴിലിടങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ആവേശകരമായ പ്രതികരണമാണ് ലഭിച്ചതെന്ന് ഷറാഫത്ത് മല്ലം തേജസിനോട് പറഞ്ഞു. അരനൂറ്റാണ്ടുകള്‍ക്ക് മുമ്പ് വ്യാവസായിക തലസ്ഥാനമായിരുന്ന കുണ്ടറ ഇന്ന് വ്യാവസായങ്ങളുടെ ശവപ്പറമ്പായി മാറിയതില്‍ ഇരു മുന്നണികള്‍ക്കും പങ്കുണ്ട്. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ടൗണുകള്‍ ഗതാഗതകുരുക്കിന്റെ പിടിയിലാണ്. തൊഴില്‍ മേഖലകള്‍ നാശോന്മുഖമായി മാറിക്കൊണ്ടിരിക്കുന്നു. ഈ യാഥാര്‍ത്ഥ്യങ്ങള്‍ ജനം തിരിച്ചറിഞ്ഞ് തുടങ്ങിയതായും ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്‌യുവിലൂടെയാണ് ഷറാഫത്ത് പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. 1996മുതല്‍ എന്‍ഡിഎഫിലൂടെ സാമൂഹിക മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. കേരള മുസ്‌ലിം യുവജന ഫെഡറേഷന്‍ കൊട്ടാരക്കര താലൂക്ക് സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം, കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റിയംഗം, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യാ ഡിവിഷന്‍ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, എസ്ഡിപിഐ ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ എസ്ഡിപിഐ ജില്ലാ സെക്രട്ടറി, ജമാഅത്ത് കൗണ്‍സില്‍ യൂത്ത് വിങ് സംസ്ഥാന വൈസ് പ്രസിഡന്റ്, വേയ്ക്കല്‍ ജമാഅത്ത് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യാ സംസ്ഥാന സമിതി അംഗമായിരിക്കെ സംവരണ അട്ടിമറിയ്‌ക്കെതിരേ എന്‍ട്രന്‍സ് കമ്മീഷണറെ ഘരാവോ ചെയ്ത കേസില്‍ ജയില്‍വാസം അനുഷ്ടിച്ചിട്ടുണ്ട്.
എന്‍ഡിഎ സ്ഥാനാര്‍ഥിയായ എം എസ് ശ്യാംകുമാര്‍ ബിജെപിയുടെ ദേശീയ നേതാക്കളില്‍ ഒരാളാണ്. ആദ്യമായാണ് അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വിളംബരത്തിന്റെ നാട് തന്നോടൊപ്പമാണെന്നും കുണ്ടറക്കാര്‍ തന്നെ കൈവിടില്ലെന്നും ശ്യാംകുമാര്‍ വിശ്വസിക്കുന്നു.
കുണ്ടറ നിയോജകമണ്ഡലം ഏറ്റവും ഒടുവില്‍ രണ്ടു തവണ തുടര്‍ച്ചയായി വിജയിപ്പിച്ചത് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയെ ആണ്. ഇതിനിടയില്‍, കുണ്ടറ മണ്ഡലത്തിന് പുനര്‍നിര്‍ണ്ണയം വന്നു. പനയം, തൃക്കരുവ, തൃക്കടവൂര്‍, പഞ്ചായത്തുകള്‍ കൊല്ലത്തിന്റേയും മണ്‍ട്രോത്തുരുത്ത് പഞ്ചായത്ത് കുന്നത്തൂരിന്റേയും ഭാഗമായി. ഇളമ്പള്ളൂര്‍, കൊറ്റങ്കര, തൃക്കോവില്‍വട്ടം പഞ്ചായത്തുകള്‍ കുണ്ടറയോട് ചേര്‍ന്നു. പഴയ കുണ്ടറയിലും പുതിയ കുണ്ടറയിലും വിജയിച്ച എം എ ബേബി ഇത്തവണ മല്‍സര രംഗത്തില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്തുണ്ടായ പരാജയം സിപിഎമ്മിനു നല്‍കിയ പ്രഹരം ചെറുതല്ല. അരയും തലയും മുറുക്കി രംഗത്തിറങ്ങിയിട്ടും ആര്‍എസ്പിയിലെ പ്രേമചന്ദ്രന്റെ വിജയത്തെ തടയാന്‍ എല്‍ഡിഎഫിനായില്ല. സ്വന്തം നിയമസഭാ മണ്ഡലമായ കുണ്ടറയില്‍പോലും പിന്നിലായ എം എ ബേബി രാജിക്ക് തയ്യാറെടുത്തിരുന്നു. ഒടുവില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് ഇടപെട്ടാണ് തീരുമാനം മാറ്റിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും എല്‍ഡിഎഫ് ചിന്തിക്കുന്നില്ല. ഇളമ്പള്ളൂര്‍, കൊറ്റംകര, കുണ്ടറ, നെടുമ്പന, പേരയം, പെരിനാട്, തൃക്കോവില്‍വട്ടം പഞ്ചായത്തുകള്‍ അടങ്ങുന്നതാണ് മണ്ഡലം. ഇതില്‍ പേരയത്തുമാത്രമാണ് യുഡിഎഫിന് മുന്നേറ്റം സാധ്യമായത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയമുണ്ടായെങ്കിലും എല്‍ഡിഎഫിന് പൂര്‍ണമായി അനുകൂലമല്ല കാര്യങ്ങള്‍. മണ്ഡലത്തില്‍ ഇത്തവണ എല്‍ഡിഎഫിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നാല്‍ അത് എം എ ബേബിയുടെ കൂടി പരാജയമായി കാണുന്നവരും മണ്ഡലത്തിലുണ്ട്.
Next Story

RELATED STORIES

Share it