Kollam Local

വില്‍പ്പനയ്‌ക്കെത്തിച്ച ചീഞ്ഞ മല്‍സ്യം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി

അഞ്ചാലുംമൂട്: വില്‍പ്പനക്കായി ചന്തയിലും റോഡരുകിലെ വാഹനത്തിലും വച്ചിരുന്ന ചീഞ്ഞ മല്‍സ്യം തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം ഉദ്യോഗസ്ഥര്‍ പിടികൂടി. അഞ്ചാലുംമൂട് ചന്തയിലും സമീപത്തെ റോഡരുകില്‍ വാഹനത്തിലും വച്ചിരുന്ന ചീഞ്ഞ മീനുകളാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ചീഞ്ഞ മല്‍സ്യം വിറ്റതിനു മൂന്നു പേര്‍ക്ക് നോട്ടീസ് നല്‍കി. അന്യ സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടു വന്ന മീനുകള്‍ക്ക് ദിവസങ്ങളോളം പഴക്കമുണ്ടായിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. മീനുകളുടെ ചീഞ്ഞതും പൊട്ടിയതുമായ ഭാഗങ്ങള്‍ ആളുകള്‍ കാണാനാവാത്ത വിധം മറച്ച നിലയിലായിരുന്നു. പരിശോധന നടക്കുന്നതറിഞ്ഞു ചന്തയില്‍ കൊണ്ടുവരാതെ പുറത്തു വാഹനത്തില്‍ സൂക്ഷിച്ചിരുന്ന ചീഞ്ഞ മീനും പിടികൂടി.
പുലര്‍ച്ചെ തങ്ങള്‍ക്ക് ഇത്തരം മീനുകള്‍ നീണ്ടകര, കടപ്പുറം എന്നിവിടങ്ങളില്‍ നിന്നാണ് കിട്ടുന്നതെന്നും അവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കണമെന്നും കച്ചവടക്കാര്‍ ആവശ്യപ്പെട്ടു. അഞ്ചാലുംമൂട് ചന്തയില്‍ പഴകിയ മല്‍സ്യം വില്‍ക്കുന്നതായി നേരത്തെ പരാതി ഉണ്ടായിരുന്നതായി പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി ആര്‍ ബാലഗോപാല്‍ പറഞ്ഞു. ജൂനിയര്‍ എച്ച് ഐ മാരായ വിജീഷ്, എ രാജേഷ്, മഴ്‌സിലിന്‍, പ്രതിഭ പരിശോധനയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it