Alappuzha local

വില്‍ക്കാതിരുന്ന മണ്ണില്‍ കാവാലത്തിന് അന്ത്യവിശ്രമം

കാവാലം: തിത്തന്നം തക തെയ്യന്നം..പോന്നാട്ടേ..പോന്നാട്ടേ, നാടു കാണാന്‍ പോന്നാട്ടേ.. കടല്‍മാതിന്‍ പൂവാടം കാവാലം നമ്മുടെ കാവാലം.. ജന്മനാട്ടിലെ കുട്ടികള്‍ക്ക് കലയുടെ പാഠങ്ങള്‍ പകര്‍ന്നു നല്‍കാന്‍ കാവാലം നാരായണപ്പണിക്കര്‍ നടത്തിവന്ന കുരുന്നുകൂട്ടം കലാപരിശീലനകളരിയുടെ ക്യാംപ് ഗീതമിങ്ങനെയാണ്.
എന്നും സ്വന്തം നാട്ടിലേക്ക് ക്ഷണിക്കുകയാണ് അദ്ദേഹം. പാട്ടിന്റെ താളത്തില്‍ കുട്ടനാട്ടിലേക്ക് പാലമുണ്ടാക്കി കാത്തിരുന്നു. കുട്ടനാടിന്റെ കാറ്റിലും ജലത്തിലും ജീവിതത്തിലാകെയും പാട്ടുണ്ട്. ആ പാട്ടിനെയും ജീവിതത്തെയും പോകുന്നിടത്തെല്ലാം കൊണ്ടുനടക്കുന്നയാളായിരുന്നു കാവാലം നാരായണപ്പണിക്കര്‍. കുട്ടനാട് വളര്‍ന്നപ്പോഴും ഗ്രാമീണത വിടാത്ത കുട്ടനാടാണ് കാവാലത്തിന്റെ മനസ്സു നിറയെ. കാവാലം നാരായണപ്പണിക്കര്‍ കുട്ടനാട്ടിലെ കാവാലമെന്ന ഗ്രാമത്തെ നെഞ്ചേറ്റി നടക്കുകയായിരുന്നു.
ഇവിടം വില്‍ക്കുന്നില്ല. ഈ സ്ഥലങ്ങളെല്ലാം പമ്പയുടെ ഓളങ്ങളില്‍ താഴ്ത്തിക്കളഞ്ഞേക്കാം എങ്കിലും വില്‍ക്കുന്നില്ലിവിടം. ഇവിടെയാണ് ഞാന്‍ ജനിച്ചുവീണത്. ഇവിടെയാണ് ഞാന്‍ ഓടി നടന്നത്. ഇവിടെ നിന്നാണ് വളര്‍ന്നത്. ഈ നാട് തന്നതല്ലാത്തതൊന്നും എന്നിലില്ല.
കരയേക്കാള്‍ ഏറെ വെള്ളമുള്ള നാടായിരുന്നു കുട്ടനാട്. ഓരോ തുരുത്തുകളും ഓരോ കെട്ടുവള്ളങ്ങളെപ്പോലെ സ്വാതന്ത്ര്യമായി അലഞ്ഞിരുന്ന കാലം. വെള്ളത്തിന്റെ അലകള്‍ കാറ്റിനൊപ്പം പറന്ന് കരയില്‍ തട്ടുന്നതിന്റെയും, കാറ്റ് വീണ്ടും പറന്ന് മരങ്ങളില്‍ പാട്ടുമൂളുന്നതിന്റെയും ഓളങ്ങളിലൂടെ ഓരോ തുരുത്തിലേക്കുമെത്തി ആളുണ്ടോ എന്ന് ഹോയ് ശബ്ദത്തോടെ വിളിച്ചുചോദിക്കുന്ന വള്ളക്കാരന്റെയും ശബ്ദമുണ്ടാവും.
ഓരോ വീടുകളും ഓരോ നാടുപോലെയായിരുന്നു. നിറയെ ആളുകള്‍, എല്ലാവര്‍ക്കും അവരുടേതായ സ്വാതന്ത്ര്യം. കൃഷിക്കാരനാകേണ്ടവര്‍ക്ക് കൃഷിക്കാരനാകാന്‍, പഠിക്കണമെന്നാഗ്രഹമുള്ളവര്‍ക്ക് അങ്ങനെ, ഉള്ളവന്‍ ഇല്ലാത്തവനെ സഹായിച്ചുകൊണ്ടുള്ള ജീവിതകാലം. കുട്ടനാട്ടിലെ എല്ലാ വീട്ടുകാരുതമ്മിലും അങ്ങനെയായിരുന്നു...... ഒരിക്കല്‍ കാവാലം ഓര്‍മിച്ചു.
പ്രാണന്‍പോലെ സ്‌നേഹിച്ച ജന്മനാട്ടില്‍ അന്ത്യവിശ്രമം കൊള്ളണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. പമ്പയാറിന്‍ തീരത്തെ വീടിനോടു ചേര്‍ന്ന് ആറുവര്‍ഷം മുമ്പ് മരിച്ച മൂത്തമകന്‍ ഹരികൃഷ്ണനൊപ്പം നാളെ അദ്ദേഹവും കാവാലത്തിന്റെ മണ്ണോടു ചേരും.
Next Story

RELATED STORIES

Share it