Pathanamthitta local

വില്ലേജ് കാര്യാലയങ്ങളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം തടസ്സപ്പെടുന്നു

പത്തനംതിട്ട: ജില്ലയില്‍ വില്ലേജ് കാര്യാലയങ്ങളില്‍ നിന്നുള്ള വിവിധ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം തടസ്സപ്പെടുന്നു. ഒട്ടുമിക്ക ഓഫിസുകളില്‍ വില്ലേജ് ഓഫിസര്‍മാര്‍ രാവിലെയെത്തി ഹാജര്‍പുസ്തകത്തില്‍ ഒപ്പിട്ട ശേഷം പകരം ചുമതല നല്‍കാതെ തന്നെ റവന്യൂ വകുപ്പിന്റെ വിവിധ ആവശ്യങ്ങള്‍ക്കെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായെന്നും പറഞ്ഞ് പുറത്തുപോവുകയാണ്.
ഇത് കാരണം ജില്ലയിലെ വില്ലേജ് ഓഫിസുകളിലായി അക്ഷയ കേന്ദ്രങ്ങള്‍ വഴി ഓണ്‍ ലൈനായി അപേക്ഷിച്ച 1542ല്‍ അധികം അപേക്ഷകള്‍ തുടര്‍നടപകള്‍ക്കായി കെട്ടിക്കിടക്കുകയാണ്. മെഡിക്കല്‍, എന്‍ജിനീയറിങ് അടക്കം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ആവശ്യമായ വരുമാനം, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയും ലഭിക്കേണ്ട വിവിധ അനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷക്കൊപ്പം അയയ്‌ക്കേണ്ട സര്‍ട്ടിഫിക്കറ്റുകളും ഇതില്‍ ഉള്‍പ്പെടും.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം അവസാനിക്കാറായതോടെ രക്ഷകര്‍ത്താക്കള്‍ എന്തു ചെയ്യണമെന്നറിയാതെ ആശങ്കയോടെ ഓഫിസുകള്‍ കയറിയിറങ്ങുകയാണ്. കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയും തുടര്‍ച്ചയായ അവധി ദിവസങ്ങളും തുടര്‍ന്നു വന്ന തിങ്കളാഴ്ച ദിവസം സര്‍വീസ് സംഘടനകളും അധ്യാപകരും ആഹ്വാനം ചെയ്ത അവകാശ സംരക്ഷണത്തിനായുള്ള 12ലെ പണിമുടക്കിന്റെ ഒരുക്കങ്ങളിലുമായിരുന്നു ജീവനക്കാര്‍. പണിമുടക്കിയ ദിവസം ഓഫിസുകളിലെത്തിയതാവട്ടെ 20 ശതമാനത്തില്‍ താഴെ ജീവനക്കാരും. അവരാവവട്ടെ മറ്റുള്ള ജീവനക്കാരുടെ അഭാവത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ എഴുതി നല്‍കുന്നതിനും തയ്യാറായില്ല. ഇന്ന് ശബരിമല മകരവിളക്ക് ഉല്‍സവത്തിനോട് അനുബന്ധിച്ച് ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് ശനിയാഴ്ചകൂടി അവധിയെടുത്ത് വലിയൊരു വിഭാഗം ജീവനക്കാര്‍ ഇന്നലെ വൈകീട്ടോടെ ഓഫിസുകള്‍ വിട്ടു. റവന്യൂമന്ത്രിയുടെ കൂടി സ്വന്തം ജില്ലയില്‍ ജനങ്ങള്‍ക്ക് ആവശ്യമായ സഹായമൊരുക്കുന്നതിനും ആവലാതി കേള്‍ക്കുന്നതിനും ജില്ലാ ഭരണകൂടവും തയ്യാറാവുന്നില്ല.
ഇതോടെ പെരുവഴിയിലായ അപേക്ഷകര്‍ എന്തു ചെയ്യണമെന്നറിയാതെ നെട്ടോട്ടത്തിലാണ്. കലക്ടറേറ്റിനുള്ളില്‍ പ്രവൃത്തിക്കുന്ന പത്തനംതിട്ട വില്ലേജ് ഓഫിസില്‍ പോലും ദിവസങ്ങളായി അപേക്ഷകര്‍ കയറിയിറങ്ങുകയാണ്. ജില്ലയിലെ താലൂക്ക് ഓഫിസിലെ സ്ഥിതിയും ഇതു തന്നെയാണ്.
Next Story

RELATED STORIES

Share it