Pathanamthitta local

വില്ലേജ് ഓഫിസ് കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് അടര്‍ന്നുവീണു; വില്ലേജ് ഓഫിസര്‍ അടക്കമുള്ള ജീവനക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

തിരുവല്ല: കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്നു അടര്‍ന്ന് നിലം പതിച്ച കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ നിന്നു വില്ലേജ് ഓഫിസര്‍ അടക്കമുളള ജീവനക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. റവന്യൂ ടവറിന് സമീപം പ്രവര്‍ത്തിക്കുന്ന തിരുവല്ല വില്ലേജ് ഓഫിസില്‍ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം.
വില്ലേജ് ഓഫിസര്‍ അടക്കം അഞ്ച് ജീവനക്കാരാണ് സംഭവ സമയം മുറിക്കുളളില്‍ ഉണ്ടായിരുന്നത്. കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണ ഭാഗത്ത് ഫയല്‍ പരിശോധിച്ച് നില്‍ക്കുകയായിരുന്ന വില്ലേജ് ഓഫിസര്‍ സംഭവത്തിന് നിമിഷങ്ങള്‍ക്ക് മുമ്പ് അവിടെനിന്നു മാറിയതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. വില്ലേജ് ഓഫിസറുടേത് ഉള്‍പ്പടെ രണ്ട് മുറികളാണ് കെട്ടിടത്തിലുളളത്.
ഇതില്‍ അഞ്ച് ജീവനക്കാര്‍ ജോലി ചെയ്യുന്ന മുറിക്കുള്ളിലെ മേല്‍ക്കൂരയില്‍ നിന്നാണ് പാളി അടര്‍ന്ന് വീണത്. ഏതാണ്ട് മുപ്പത് വര്‍ഷത്തിന് മേല്‍ പഴക്കമുളള കെട്ടിടം തകര്‍ച്ചയുടെ വക്കിലെത്തിയിട്ട് കാലങ്ങള്‍ ഏറെയായി. ഇതിന് മുമ്പും നിരവധി തവണ മേല്‍ക്കൂരയില്‍ നിന്നു കോണ്‍ക്രീറ്റ് ഇളകി നിലം പതിച്ചിട്ടുള്ളതായി ജീവനക്കാര്‍ പറഞ്ഞു. തുരുമ്പെടുത്ത് കമ്പി പുറത്തുവന്ന നിലയിലുളള മേല്‍ക്കൂരയും വിണ്ട് കീറിയ നിലയിലുള്ള ഭിത്തികളുമുളള കെട്ടിടം ഏത് സമയവും നിലംപൊത്താമെന്ന അവസ്ഥയിലായിട്ടുണ്ട്. മേല്‍ക്കൂരയുടെ ശോച്യാവസ്ഥ മൂലം കടുത്ത വേനല്‍ച്ചൂടില്‍ ഫാന്‍ പോലും പ്രവര്‍ത്തിപ്പിക്കാനാവാതെ ജീവനക്കാര്‍ ഉരുകുകയാണ്. ഈ കെട്ടിടത്തിന് എതിര്‍വശത്ത് റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുളള കെട്ടിടത്തിലാണ് മുമ്പ് ഓഫിസ് പ്രവര്‍ത്തിച്ചിരുന്നത്.
ഈ കെട്ടിടം  കാലപ്പഴക്കം മൂലം തകര്‍ച്ചയുടെ വക്കിലെത്തിയപ്പോഴാണ് പത്ത് വര്‍ഷം മുമ്പ് നഗരസഭയുടെ ഉടമസ്ഥതയിലുളള നിലവിലെ കെട്ടിടത്തിലേക്ക് ഓഫിസിന്റെ പ്രവര്‍ത്തനം മാറ്റിയത്.
റവന്യൂ വകുപ്പിന്റെ സ്വന്തം ഭൂമിയിലുളള പഴയ കെട്ടിടം പൊളിച്ച് നീക്കി പുതിയത് നിര്‍മിക്കുന്നതിനുളള ശ്രമങ്ങള്‍ നടത്തിയിരുന്നതായി അധികൃതര്‍ അറിയിച്ചു.
പക്ഷേ പുതിയതായി നിര്‍മിക്കുന്ന സ്മാര്‍ട്ട് വില്ലേജ് ഓഫിസ് കെട്ടിടങ്ങള്‍ക്ക് കുറഞ്ഞത് 10 സെന്റ് ഭൂമിയെങ്കിലും ആവശ്യമാണെന്ന പുതിയ നിയമമാണ് കെട്ടിട നിര്‍മാണത്തിന് വിലങ്ങുതടിയാവുന്നത്.
അപകടാവസ്ഥയിലായ കെട്ടിടത്തില്‍ നിന്നു റവന്യൂ ടവറിലേക്ക് ഓഫിസിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി മാറ്റുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തഹസീല്‍ദാര്‍ക്ക് ഇന്നലെ അപേക്ഷ നല്‍കിയതായി വില്ലേജ് ഓഫിസര്‍ ജോര്‍ജ് പി ദാനിയേല്‍ അറിയിച്ചു.
Next Story

RELATED STORIES

Share it