kannur local

വില്ലേജ് ഓഫിസുകള്‍ നവീകരിക്കാനുള്ള പദ്ധതി പാളി

സ്വന്തം പ്രതിനിധി

ഉരുവച്ചാല്‍: വില്ലേജ് ഓഫിസുകള്‍ ജനസൗഹൃദമാക്കാനുള്ള നടപടികള്‍ ഫലപ്രദമായില്ല. ജില്ലയിലെ 11 വില്ലേജ് ഓഫിസുകള്‍ നവീകരിക്കാന്‍ എട്ടുകോടി രുപ അനുവദിച്ചെങ്കിലും ഭൂരിഭാഗം വില്ലേജ് ഓഫിസുകളിലും അടിസ്ഥാന സൗകര്യം പോലുമില്ല. വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ നട്ടം തിരിയുകയാണ്. ദിനംപ്രതി നുറുകണക്കിന് പേര്‍ എത്തിച്ചേരുന്ന വില്ലേജ് ഓഫിസുകളില്‍ പോലും നിന്ന് തിരിയാന്‍ ഇടമില്ലാത്ത അവസ്ഥയാണ്. ജില്ലയില്‍ 132 വില്ലേജ് ഓഫിസുകളാണ് പ്രവര്‍ത്തിക്കുന്നത്.
ഇതില്‍ ഏറെയും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ഏറെ പിന്നിലാണ്. വില്ലേജ് ഓഫിസുകളില്‍ എത്തുന്നവര്‍ക്ക് ഇരിക്കാന്‍ പോലും സൗകര്യമില്ലാത്തതിനാല്‍ നില്‍ക്കേണ്ട അവസ്ഥയാണ്. ടോയ്‌ലറ്റ് സൗകര്യം തീരെയില്ല. ഇതിനുപുറമെ പല വില്ലേജ് ഓഫിസുകള്‍ക്കും സ്വന്തമായി വഴി പോലുമില്ല.
ഇത്തരം ബുദ്ധിമുട്ട് സഹിച്ച് ഓഫിസില്‍ എത്തിയാലും ജീവനക്കാരുടെ കുറവ് വീണ്ടും പൊതുജനത്തിന് ഏറെ പ്രയാസമാണ് സൃഷ്ടിക്കുന്നത്. പല വില്ലേജ് ഓഫിസുകളിലും സ്ഥലംമാറിപ്പോവുന്ന വില്ലേജ് ഓഫിസര്‍മാരടക്കമുള്ള ജീവനക്കാര്‍ക്ക് പകരം നിയമനം പേരിനു മാത്രമാണ് നടക്കുന്നത്. ജീവനക്കാര്‍ നികുതിയടക്കാനും പിരിക്കാനും ഓഫിസ് വിട്ട് പോവേണ്ടിവരുന്നതിനാല്‍ പല ദിവസങ്ങളിലും ഓഫിസുകളിലെ കസേര ഒഴിഞ്ഞുകിടക്കുകയാണ്.
ഇതിനെല്ലാം പുറമെ അനധികൃത മണല്‍ക്കടത്ത്, ചെങ്കല്ല് ഖനനം എന്നിവയ്‌ക്കെതിരെ നടപടിയെടുക്കേണ്ടതും വില്ലേജ് ജീവനക്കാരുടെ ചുമതലയാണ്. വില്ലേജ് ഓഫിസുകള്‍ ആവശ്യമായ സ്ഥലം കണ്ടെത്തിയാല്‍ അഅത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം പണിയാന്‍ 50 ലക്ഷം രൂപ വരെ ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇതൊന്നും പ്രയോജനപ്പെടുത്താന്‍ അധികൃതര്‍ ശ്രമിക്കുന്നില്ലെന്ന ആക്ഷേപം ശ്കതമാണ്.
Next Story

RELATED STORIES

Share it