Flash News

വില്ലേജ് ഓഫിസുകളില്‍ വിജിലന്‍സ് പരിശോധന



തിരുവനന്തപുരം/കോഴിക്കോട്്: സംസ്ഥാനത്തെ വില്ലേജ് ഓഫിസുകളില്‍ വിജലന്‍സ് സംഘത്തിന്റെ മിന്നല്‍ പരിശോധന. കോഴിക്കോട് ചെമ്പനോട് വില്ലേജ് ഓഫിസില്‍ കരം അടയ്ക്കാത്തതിനെ തുടര്‍ന്ന് കര്‍ഷകന്‍ ജീവനൊടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന വ്യാപകമായി വിജിലന്‍സ് പരിശോധന നടത്തിയത്.  നികുതി സ്വീകരിക്കാതിരിക്കുക,  സര്‍ട്ടിഫിക്കറ്റുകള്‍  കാല താമസം വരുത്തുക, പോക്കുവരവ് അപേക്ഷകളില്‍  നടപടി എടുക്കാതെ വൈകിപ്പിക്കുക തുടങ്ങിയ ഗുരുതര ക്രമക്കേടുകള്‍ നടക്കുന്നതായുള്ള പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് ഇന്നലെ സംസ്ഥാനത്തെ വിവിധ വില്ലേജ് ഓഫിസുകള്‍ വിജിലന്‍സ് സംഘം പരിശോധിച്ചത്. പരിശോധനയില്‍ കൊല്ലം ജില്ലയിലെ ഈസ്റ്റ്, മീനാട് വില്ലേജ് ഓഫിസുകളില്‍ പല അപേക്ഷകളും രജിസ്റ്ററില്‍  പതിക്കാതെയും രസീത് നല്‍കാതെയും സൂക്ഷിച്ചിരിക്കുന്നതായും, ഭൂനികുതി സര്‍ക്കാരില്‍ അടയ്ക്കാതെ  സൂക്ഷിച്ചതായും കണ്ടെത്തി. ആലപ്പുഴയിലെ മണ്ണാഞ്ചേരി, ചമ്പക്കുളം, കലവൂര്‍ വില്ലേജ് ഓഫിസുകളിലെ റെയ്ഡില്‍ 2016ലെ 37 പോക്കുവരവ് അപേക്ഷ ഉള്‍പ്പെടെ 157ഓളം അപേക്ഷ തീര്‍പ്പുകല്‍പിക്കാതെ കാണപ്പെട്ടു. തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ്, പേട്ട, കരകുളം, മലയിന്‍കീഴ് വില്ലേജ് ഓഫിസുകളില്‍ നടത്തിയ പരിശോധനയില്‍ 135ഓളം അപേക്ഷകള്‍ സമയപരിധി കഴിഞ്ഞിട്ടും തീര്‍പ്പാക്കില്ലെന്നും വ്യക്തമായി. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വില്ലേജ് ഓഫിസുകളിലും ക്രമക്കേടുകള്‍ കണ്ടെത്തി. 32ഓളം വില്ലേജ് ഓഫിസുകളില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.  ക്രമക്കേടുകള്‍ കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പരിശോധന തുടരുമെന്നും വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.അതേസമയം, കര്‍ഷകന്‍ ആത്മഹത്യ ചെയ്യാനിടയായതിന്റെ പശ്ചാത്തലത്തില്‍ ചെമ്പനോട വില്ലേജ് ഓഫിസില്‍  റവന്യൂ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ ചെമ്പനോട വില്ലേജ് ഓഫിസില്‍ ഇന്ന് റവന്യൂ സംബന്ധമായ പരാതികള്‍ കേള്‍ക്കും.
Next Story

RELATED STORIES

Share it