Flash News

വില്ലേജ് ഓഫിസുകളില്‍ മിന്നല്‍ പരിശോധന



തിരുവനന്തപുരം: സംസ്ഥാനത്തുടനീളമുള്ള വില്ലേജ് ഓഫിസുകളില്‍ വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശപ്രകാരം വിജിലന്‍സ് സംഘം മിന്നല്‍ പരിശോധന നടത്തി. മുന്‍ ദിവസങ്ങളില്‍ വില്ലേജ് ഓഫിസുകളില്‍ നടന്ന മിന്നല്‍ പരിശോധനയുടെ തുടര്‍ച്ചയായാണു സംഘം ഇന്നലെ പരിശോധന നടത്തിയത്. പരിശോധനയില്‍ പേരൂര്‍ക്കട വില്ലേജ് ഓഫിസര്‍ കാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ പണം രേഖപ്പെടുത്തിയിട്ടില്ല. തൃശൂര്‍ ചേലക്കര വില്ലേജ് ഓഫിസില്‍ 1841 രൂപയുടെ കുറവ് കണ്ടെത്തി. ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ പല വില്ലേജ് ഓഫിസുകളിലും നൂറുകണക്കിനു പോക്കുവരവ് അപേക്ഷകള്‍ തീര്‍പ്പുകല്‍പിക്കാനുള്ളതായും സംഘം കണ്ടെത്തി. പേരൂര്‍ക്കട വില്ലേജ് ഓഫിസില്‍ ആറു മാസം മുമ്പ് മുതലുള്ള 178 ഓളം പോക്കുവരവ് അപേക്ഷകള്‍ തീര്‍പ്പുകല്‍പിക്കാനുള്ളതായും തിരുമല വില്ലേജ് ഓഫിസില്‍ കൃത്യമായി രജിസ്റ്ററുകള്‍ പരിപാലിക്കപ്പെടുന്നില്ലെന്നും വിജിലന്‍സ് സംഘം കണ്ടെത്തി.ആലപ്പുഴ ജില്ലയിലെ തിരുവന്‍വണ്ടൂര്‍ വില്ലേജ് ഓഫിസില്‍ 16 ഓളം റവന്യൂ റിക്കവറി റിപോര്‍ട്ടില്‍ യാതൊരു നടപടിയും കൈക്കൊള്ളാതെ ഫയലുകള്‍ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. വയനാട് ജില്ലയില്‍ നടത്തിയ പരിശോധനയില്‍ പുല്‍പ്പള്ളി വില്ലേജ് ഓഫിസില്‍ ലഭിക്കുന്ന അപേക്ഷകള്‍ കൃത്യമായി രജിസ്റ്ററില്‍ പിടിക്കാതെയും അപേക്ഷകര്‍ക്ക് രസീത് നല്‍കാതെയും ഉദ്യോഗസ്ഥര്‍ അലംഭാവം കാണിക്കുന്നതായും വിജിലന്‍സ് സംഘം കണ്ടെത്തി. പരിശോധനയില്‍ ക്രമക്കേടു കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും തുടര്‍ന്നും ഇത്തരത്തിലുള്ള പരിശോധനകള്‍ നടത്തുമെന്നും വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
Next Story

RELATED STORIES

Share it