Flash News

വില്ലേജ് ഓഫിസിലെത്തുന്നവരെ വലച്ചാല്‍ കര്‍ശന നടപടി ; സര്‍ക്കുലര്‍ അയക്കാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് നിര്‍ദേശം



തിരുവനന്തപുരം: വിവിധ സേവനങ്ങള്‍ക്കായി വില്ലേജ് ഓഫിസില്‍ എത്തുന്നവരെ പരിഗണിക്കാതെ നടത്തി വലയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. രണ്ടു തവണയില്‍ അധികം സേവനങ്ങള്‍ക്കായി ജനങ്ങളെ ഓഫിസിലേക്ക് വരുത്തരുത്. അങ്ങനെയെങ്കില്‍ ഇതിന്റെ കാരണം രേഖാമൂലം അപേക്ഷകന് എഴുതി നല്‍കണമെന്നും റവന്യൂമന്ത്രി നിര്‍ദേശിച്ചു. കോഴിക്കോട് ചെമ്പനോടയില്‍ കരമടച്ചുനല്‍കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥ നടപടിയില്‍ മനംനൊന്ത് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വില്ലേജ് ഓഫിസര്‍മാര്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും മന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയത്. ഇക്കാര്യം നിര്‍ദേശിച്ച് വില്ലേജ് ഓഫിസര്‍, തഹസില്‍ദാര്‍ എന്നിവര്‍ക്ക് സര്‍ക്കുലര്‍ അയക്കാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറോടും ജില്ലാ കലക്ടര്‍മാരോടും റവന്യൂമന്ത്രി നിര്‍ദേശിച്ചു. ജനങ്ങള്‍ ആവശ്യപ്പെടുന്ന സേവനം ലഭ്യമാക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവര്‍ക്ക് രേഖാമൂലം എഴുതി നല്‍കണം. ഇക്കാര്യം തഹസില്‍ദാര്‍ക്കും റിപോര്‍ട്ട് ചെയ്യണം. കൂടാതെ വില്ലേജ് ഓഫിസില്‍ നിന്നു സേവനം ലഭ്യമാകുന്നില്ലെങ്കില്‍ തഹസില്‍ദാര്‍ക്ക് അപ്പീല്‍ നല്‍കാനുള്ള സൗകര്യമുണ്ടെന്ന് വരുന്നവരെ വില്ലേജ് ഓഫിസര്‍ തന്നെ ബോധ്യപ്പെടുത്തണമെന്നും റവന്യൂമന്ത്രി നിര്‍ദേശിച്ചു. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ് കോഴിക്കോട്ട് ഉണ്ടായ കര്‍ഷക ആത്മഹത്യ. കര്‍ഷകന്റെ കൈയില്‍ നിന്ന് കരം സ്വീകരിക്കണമെന്നായിരുന്നുവെന്നാണ് കലക്ടര്‍ നല്‍കിയ റിപോര്‍ട്ട്. വില്ലേജ് അസിസ്റ്റന്റ് അല്ലാതെ മറ്റ് റവന്യൂ ഉദ്യോഗസ്ഥര്‍ ആര്‍ക്കെങ്കിലും ജോയിയുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളില്‍ ഉത്തരവാദിത്തമുണ്ടോ എന്ന് അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, കര്‍ഷകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നരഹത്യക്ക് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എം എം ഹസനും ആവശ്യപ്പെട്ടു. ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം. കുറ്റക്കാര്‍ക്കെതിരേ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it