palakkad local

വില്ലേജ് ഓഫിസറെ സ്ഥലം മാറ്റി: സമരപരിപാടികളുമായി സംഘടനകള്‍

ആനക്കര: മണ്ണ് മാഫിയകള്‍ക്കെതിരെ നടപടിയെടുത്ത കപ്പൂര്‍ വില്ലേജ് ഓഫിസറെ സ്ഥലം മാറ്റിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്ത്.ഡിവൈഎഫ്‌ഐ കപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കപ്പൂര്‍ വില്ലേജ് ഓഫിസ് ഉപരോധിച്ചു.
സിപിഎം ലോക്കല്‍ സെക്രട്ടറി എംപി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഷമീര്‍ അധ്യക്ഷനായി. കപ്പൂര്‍, തൃത്താല, വില്ലേജ് ഓഫിസര്‍മാരെ താലൂക്കിന് പുറത്തേക്ക് സ്ഥലം മാറ്റിയ സര്‍ക്കാര്‍ നടപടിക്കെതിരെ സംഘടനകളും പൊതുജനങ്ങളും പ്രതിഷേധിച്ചു. മണല്‍ മാഫിയകള്‍ക്കെതിരെ ശക്തമായ നടപടി എടുത്തതിനാണ് കപ്പൂര്‍, തൃത്താല വില്ലേജ് ഓഫിസര്‍മാരെ സ്തലം മാറ്റിയതെന്ന് സംയുക്തസംഘടനകള്‍ ആരോപിച്ചു. ജോയിന്റ് കൗണ്‍സില്‍, എന്‍ ജി ഒ, യൂനിയനുകള്‍ സംയുക്തമായി പട്ടാമ്പി താലൂക്ക് ഓഫിസിനു മുമ്പില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരെ അതാത് വില്ലേജ് ഓഫിസുകളില്‍ പുനര്‍നിയമിക്കണമെന്ന് സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം ഷാനവാസ് ഉദ്ഘാടനം ചെയ്തു.
അതേസമയം സ്ഥലം മാറ്റം നടന്നതോടെ തൃത്താല മേഖലയില്‍ നിന്നും കുന്നിടിച്ച് തൃശൂര്‍, മലപ്പുറം ജില്ലകളിലേക്ക് മണ്ണ് കടത്തുന്നത് വ്യാപകമാവുകയാണ്. മണ്ണ് കടത്തിനെതിരെ നാട്ടുകാര്‍ ശക്തമായ പ്രതിരോധം തീര്‍ത്തുവരികയാണ്. ജനവികാരം മനസ്സിലാക്കി മണ്ണ് മാഫിയക്കെതിരെ നിലപാടെടുത്തതിനാണ് കപ്പൂര്‍ വില്ലേജ് ഓഫിസറായ ജിഷാദിനെ സ്ഥലം മാറ്റിയിരിക്കുന്നത്. രണ്ടു ദിവസം മുമ്പാണ് ജിഷാദിനെ ഷൊര്‍ണൂരിലേക്ക് സ്ഥലം മാറ്റി ഉത്തരവ് ഇറക്കിയത്. നിലവില്‍ കപ്പൂര്‍ വില്ലേജ് ഓഫിസില്‍ ഓഫിസര്‍ ഇല്ലാത്ത അവസ്ഥയാണ്.
ബണ്ട് നിര്‍മാണത്തിനെന്ന പേരിലാണ് മണ്ണ് മാഫിയ ജിയോളജി വകുപ്പിനെ സ്വാധീനിച്ച് പെര്‍മിറ്റ് തരപ്പെടുത്തുന്നത്. മണ്ണ് എടുക്കുന്നതിന് പാരിസ്ഥിതിക വകുപ്പിന്റെ അനുമതി വേണമെന്നിരിക്കെ അവരെയും തെറ്റിദ്ധരിപ്പിച്ചാണ് മാഫിയ പെര്‍മിറ്റുകള്‍ തരപ്പെടുത്തുന്നത്. പാരിസ്ഥിതിക അനുമതി നല്‍കുന്നതിന് മുമ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കണമെന്ന വ്യവസ്ഥയും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. മണ്ണ് മാഫിയക്കെതിരെ നിലപാടെടുക്കുന്നവരെ പല രീതിയിലാണ് പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിവരുന്നത്. തൃത്താല മേഖലയിലെ പല കുന്നുകളും ഇതിനോടകം അപ്രത്യക്ഷമായിട്ടുണ്ട്. മണ്ണെടുപ്പിനെതിരെ പ്രാരംഭഘട്ടത്തില്‍ പലരും രംഘത്തുണ്ടാകുമെങ്കിലും പിന്നീട് ഭരണ കക്ഷി നേതാക്കളുടെ സ്വാധീനത്തിന് വഴങ്ങി പലരും പിന്‍വലിയുന്ന അവസ്ഥയാണുണ്ടായിട്ടുള്ളത്.
ചാലിശ്ശേരി കിഴക്കേ പട്ടിശ്ശേരി, കപ്പൂര്‍, കൊഴിക്കര, തിരുമിറ്റക്കോട് തുടങ്ങി പലയിടത്തും ഇത്തരത്തില്‍ മണ്ണ് കടത്ത് വ്യാപകമാണ്. കിഴക്കേ പട്ടിശ്ശേരിയിലെ മണ്ണെടുപ്പ് ജനങ്ങളുടെ ശക്തമായ ചെറുത്തു നില്‍്പിന്റെ ഭാഗമായി താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it